Waqf Amendment Bill: കൊച്ചി: കത്തോലിക്ക സഭയുടെ ആസ്തി വിവരം സംബന്ധിച്ച് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ വന്ന ലേഖനം വിവാദമാകുന്നു. ലേഖനം ചർച്ചയായതോടെ ഓർഗനൈസർ വെബ്‌സൈററിൽ നിന്ന് ലേഖനം പിൻവലിച്ചു. സർക്കാർ കഴിഞ്ഞാൽ വഖഫ് ബോർഡിനല്ല കത്തോലിക്ക സഭക്കാണ് ഏറ്റവുമധികം ആസ്തിയെന്ന ലേഖനം ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിൻറെ അടുത്ത ലക്ഷ്യം ക്രിസ്ത്യൻ സമുദായമാണെന്ന് രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചു. സിപിഎം, കോൺഗ്രസ് നേതാക്കളും വിമർശനവുമായി രംഗത്തെത്തി.
വഖഫിന് ശേഷം സംഘപരിവാർ കത്തോലിക്ക സഭയെ ഉന്നംവെച്ച് നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.രാജ്യത്തുടനീളം ക്രൈസ്തവരെ ആക്രമിക്കുകയും കേരളത്തിൽ വന്ന് ഇതെല്ലാം നിങ്ങൾക്ക് വേണ്ടിയാണ് ചെയ്യുന്നതെന്നും പറയുന്നവർ ആട്ടിൻതോലിട്ട ചെന്നായകളാണെന്നും അവരെ തിരിച്ചറിയാൻ ക്രൈസ്തവ സമൂഹത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിഡി സതീശൻ പറഞ്ഞു. എന്നാൽ ലേഖനത്തോട് സഭാ നേതൃത്വം പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
ലേഖനത്തിൽ പറയുന്നത്
വഖഫ് ബിൽ പാർലമനർറിൻറെ ഇരു സഭകളിലും പാസായതിന് തൊട്ട് പിന്നാലെ ഓർഗനൈസറിൽ വന്ന ലേഖനമാണ് വിവാദമാകുന്നത്. സർക്കാർ കഴിഞ്ഞാൽ ഏറ്റവുമധികം ഭൂമി വഖഫ് ബോർഡിനാണെന്നാണ് കരുതിയിരുന്നത്. എന്നാൽ ഇന്ത്യയിലെ കത്തോലിക്ക സഭക്കാണ് ആസ്ത കൂടുതലുള്ളതെന്നാണ് ലേഖനം ചൂണ്ടിക്കാട്ടിയത്.
17.29 കോടി ഏക്കർ ഭൂമി കത്തോലിക്ക സഭക്ക് കീഴിലുള്ള പള്ളികൾക്കുണ്ടെന്നും ഇരുപതിനായിരം കോടി രൂപ മൂല്യം വരുമെന്നും ലേഖനത്തിലുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് അധീനതയിൽ വന്നതാണ് സ്വത്തിൽ ഏറിയ പങ്കുമെന്നും ലേഖനം ആരോപിച്ചു.
1927ൽ ചർച്ച് ആക്ച് കൊണ്ടുവന്നതിലൂടെ സ്വത്തും വർധിച്ചു. സഭക്ക് വരുമാന സ്രോതസായി സ്‌കൂളുകളും, ആശുപത്രികളുമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന ലേഖനം 2012ലെ കണക്കും വിശദീകരിക്കുന്നുണ്ട്. ആദിവാസി ഗ്രാമീണ മേഖലകളിൽ സഭ നിർബന്ധിത മതപരിവർത്തനം നടത്തിയതായും ലേഖനത്തിൽ ആക്ഷേപമുണ്ട്.