CPM Party Congress: മധുര: വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പാർട്ടിയെ പിണറായി വിജയൻ രാഷ്ട്രീയമായ പ്രചാരണത്തിലും സംഘടനപരമായ കാര്യങ്ങളിലും നയിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി പറഞ്ഞു. സിപിഎം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.എ.ബേബി.
കേരളത്തിൽ തുടർഭരണം നേടിയെടുക്കാൻ വേണ്ടി പാർട്ടിയും മുന്നണിയും നടത്തേണ്ട പ്രവർത്തനങ്ങൾ നടത്തിയാൽ തുടർഭരണം ലഭിക്കും. ഇതിനായുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നാണ് പാർട്ടി കോൺഗ്രസിലെ തീരുമാനമെന്ന് എംഎ ബേബി പറഞ്ഞു.രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളി തന്നെയാണ് പാർട്ടിയുടെ മുന്നിലുള്ള വെല്ലുവിളികളെന്നും അദ്ദേഹം പറഞ്ഞു.
“ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമായി സിപിഐഎമ്മിന് ഇടപെടാൻ സാധിക്കും. പാർട്ടി കോൺഗ്രസിൽ കൈക്കൊണ്ട തീരുമാനങ്ങൾ പൂർണമായും നടപ്പാക്കും. സിപിഎം സംഘടനാപരമായി ഒരു പുനർശാക്തീകരണത്തിലേക്ക് പോകേണ്ടതുണ്ട് എന്നാണ് പാർട്ടി കോൺഗ്രസിന്റെ അഭിപ്രായം. നവ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്ന ബിജെപിക്കും സംഘപരിവാറിനും എതിരായി ഏറ്റവും വിശാലമായ രാഷ്ട്രീയ യോജിപ്പ് വളർത്തിയെടുക്കണമെന്നതാണ്. പക്ഷെ രാഷ്ട്രീയ യോജിപ്പ് വളർത്തിയെടുക്കുന്നത് ഓരോ സംസ്ഥാനങ്ങളിലെയും പ്രത്യേക രാഷ്ട്രീയ സാഹചര്യം കാണക്കിലെടുത്ത് കൊണ്ടാകണം”.-എം.എ.ബേബി പറഞ്ഞു.
പാർട്ടി കോൺഗ്രസിൽ അസാധാരണ നീക്കങ്ങൾ
മധുര പാർട്ടി കോൺഗ്രസ് അസാധാരണ നീക്കങ്ങൾക്ക് സാക്ഷ്യം വഹിച്ചു. കേന്ദ്രകമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിനെതിരെ മഹാരാഷ്ട്രയിൽ നിന്നുള്ള ട്രേഡ് യൂണിയൻ നേതാവായ ഡി.എൽ കരാഡ് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
താൻ മത്സരിച്ചത് സിപിഎമ്മിനുള്ളിൽ ഏകാധിപത്യമെന്ന അഭിപ്രായം മാറ്റാനെന്നും കരാഡ് പ്രതികരിച്ചു. 31 വോട്ടുകളാണ് കരാഡിന് ലഭിച്ചത്. അതേസമയം സിപിഎം പാർട്ടി കോൺഗ്രസിൽ മത്സരം ആദ്യമാണെന്ന് എം.എ. ബേബി പ്രതികരിച്ചു.