Lionel Messi, Cristiano Ronaldo: ഫുട്ബോൾ ലോകത്തിലെ ഏക്കാലത്തേയും മികച്ച കളിക്കാരൻ എന്ന സ്ഥാനം മെസി ഉറപ്പിച്ചോ? ഗോട്ട്(GOAT)ഡിബേറ്റിൽ തനിക്ക് നേരെ എത്തിയ ഈ ചോദ്യത്തിന് ഇപ്പോൾ മറുപടി നൽകുകയാണ് പോർച്ചുകൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 2022ലെ ലോക കിരീട വിജയം മെസിയെ എക്കാലത്തേയും മികച്ച താരമാക്കിയോ എന്നതിനോടാണ് റൊണാൾഡോയുടെ പ്രതികരണം.
“ചിലർ എന്നെ കൂടുതൽ ഇഷ്ടപ്പെടുന്നു. ചിലർക്ക് എന്നെ അത്രയ്ക്ക് ഇഷ്ടമല്ല. ജീവിതത്തിൽ അങ്ങനെയാണ് കാര്യങ്ങൾ. ഓരോ വർഷവും എനിക്ക് എന്തെല്ലാം ചെയ്യാനാവും എന്ന് കാണിച്ചുകൊടുക്കുകയാണ് ഞാൻ. ഈ ടൂർണമെന്റ് ജയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിയായി ഞാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ എനിക്ക് ഇനി ഏതെങ്കിലും ടൂർണമെന്റ് ജയിക്കാനാവില്ല എന്ന് നിങ്ങൾ പറഞ്ഞാലും ഞാൻ സന്തോഷവാനായിരിക്കും, കാരണം ഒരുപാട് നേട്ടങ്ങളിലേക്ക് ഞാൻ എത്തിയിട്ടുണ്ട്,” റൊണാൾഡോ പറഞ്ഞു.
“ചരിത്ര പുസ്തകത്തിൽ എന്റെ മറ്റ് എല്ലാ നേട്ടങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടാവും. പക്ഷേ ഷെൽഫിൽ ലോക കിരീടം എന്നത് വലിയ നേട്ടം ആണ്. അതൊരു സ്വപ്നമാണ്.” റൊണാൾഡോ പറഞ്ഞു. ലോക കിരീട നേട്ടത്തിലൂടെ മെസി എക്കാലത്തേയും മികച്ച താരമായി എന്ന് റൊണാൾഡോ സമ്മതിക്കുകയാണോ ഈ പ്രതികരണത്തിലൂടെ ഉദ്ധേശിക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം.
അടുത്ത വർഷം യുഎസും മെക്സിക്കോയും കാനഡയും ചേർന്ന് വേദിയൊരുക്കുന്ന ലോകകപ്പിൽ പോർച്ചുഗൽ ടീമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടാവുമോ എന്ന ചോദ്യം ശക്തമാണ്. യുവേഫ നേഷൻസ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ പോർച്ചുഗൽ മികവ് കാണിച്ചാൽ സൂപ്പർ താരം മാർട്ടിനസിന്റെ ലോകകപ്പ് സ്ക്വാഡിലും ഇടം പിടിക്കും എന്ന് ഉറപ്പാണ്.