ദോഹ : ഖത്തറിൽനിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയവരുടെ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് മരിച്ച 6 പേരിൽ 5 പേരും മലയാളികൾ. പിഞ്ചുകുഞ്ഞും 3 സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്ക് (58), ജസ്ന കുറ്റിക്കാട്ടുചാലിൽ (29), ഒറ്റപ്പാലം സ്വദേശികളായ റിയ ആൻ (41), ടൈറ റോഡ്രിഗ്വസ് (8), റൂഹി മെഹ്റിൽ മുഹമ്മദ് (18 മാസം) എന്നിവരാണ് മരിച്ചത്. സംഘം സഞ്ചരിച്ച വാഹനം വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വച്ച് നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം. 27 പേർക്ക് പരുക്കേറ്റു. ഇവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവരെ നയ്റോബിയിലെ ആശുപത്രിയിലേക്ക് മാറ്റും……
14 മലയാളികളും കർണാടക സ്വദേശികളും ഗോവൻ സ്വദേശികളും സംഘത്തിലുണ്ട്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം. ശക്തമായ മഴയിൽ സംഘം സഞ്ചരിച്ച വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതോടെ മരത്തിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു…….