ന്യൂഡല്ഹി> ഉന്നത കോടതികളിലെ ന്യായാധിപരെ നിയമിക്കുന്നതില് എന്തുകൊണ്ട് കാലതാമസം ഉണ്ടാകുന്നുവെന്ന് കേന്ദ്രം വ്യക്തമാക്കേണ്ടതുണ്ടെന്ന് ജോണ് ബ്രിട്ടാസ് എംപി. കേന്ദ്ര നിയമ മന്ത്രിയോടാണ് ബ്രിട്ടാസ് ചോദ്യങ്ങള് ഉന്നയിച്ചത്. കൊളീജിയം ശുപാര്ശ ചെയ്ത പേരുകളില് പലതും കേന്ദ്രം മടക്കി എന്ന വാര്ത്ത വന്നിട്ട് അധികകാലമായില്ല. കേസുകള് വേഗത്തില് തീര്പ്പാക്കാനും കേസുകളുടെ കെട്ടിക്കിടക്കല് കുറയ്ക്കാനും കേന്ദ്രം നടപടികള് കൈക്കൊള്ളേണ്ടതാണെന്നും ബ്രിട്ടാസ് രാജ്യസഭയില് പറഞ്ഞു.
ബ്രിട്ടാസിന്റെ വാക്കുകള്
ഏറ്റവും പുതിയ കണക്കുകള് അനുസരിച്ച് ഇന്ത്യന് നീതിന്യായ വ്യവസ്ഥയുടെ വിവിധ തലങ്ങളില് തീര്പ്പുകല്പ്പിക്കാത്ത കോടിക്കണക്കിന് കേസുകളുണ്ട്. കെട്ടിക്കിടക്കുന്ന കേസുകള് തീര്പ്പാക്കേണ്ടത് അടിയന്തരമായ ആവശ്യം തന്നെയാണ്. നീതിന്യായ വ്യവസ്ഥയിലുടനീളം ഒഴിവുകള് നിലനില്ക്കുന്നതാണ് പലപ്പോഴും കാലതാമസത്തിന് കാരണമാകുന്ന ഒരു ഘടകം. ഉന്നത കോടതികളിലെ ന്യായാധിപരെ നിയമിക്കുന്നതില് എന്തുകൊണ്ട് കാലതാമസം ഉണ്ടാകുന്നു എന്ന് കേന്ദ്രം വ്യക്തമാക്കേണ്ടതുണ്ട്.
നിലവില് രാജ്യത്തെ ഉന്നത കോടതികളിലെ ന്യായാധിപരെ നിയമിക്കുന്നത് കൊളീജിയം എന്ന സംവിധാനത്തിലൂടെയാണ്. കൊളീജിയം ശുപാര്ശ ചെയ്ത പേരുകളില് പലതും കേന്ദ്രം മടക്കി എന്ന വാര്ത്ത വന്നിട്ട് അധികകാലമായില്ല. ഇതില് സുപ്രീം കോടതി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ജഡ്ജിമാരുടെ നിയമനകാര്യത്തില് കൊളീജിയം ശുപാര്ശകള് കേന്ദ്രസര്ക്കാര് അംഗീകരിക്കാത്തത് എത്രയെണ്ണമുണ്ട്. അതിനുള്ള കാരണം എന്താണ് എന്ന ചോദ്യത്തിന് കേന്ദ്ര നിയമമന്ത്രി നല്കിയ മറുപടി പ്രകാരം 05.12.2022 ലെ കണക്കനുസരിച്ച്, സുപ്രീം കോടതി ജഡ്ജി നിയമനത്തിനുള്ള ഒരു ശുപാര്ശ,
|
ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിനുള്ള എട്ട് ശുപാര്ശകള്, 11 ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റം സംബന്ധിച്ച നിര്ദ്ദേശങ്ങള്, ഒരു ചീഫ് ജസ്റ്റിസിന്റെ സ്ഥലം മാറ്റത്തിനുള്ള നിര്ദ്ദേശം, ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നിയമനം സംബന്ധിച്ച ശുപാര്ശ എന്നിവ തീര്പ്പാക്കായിട്ടില്ല. കഴിഞ്ഞ അഞ്ച് വര്ഷ കാലയളവില് സര്ക്കാര് തിരിച്ചയച്ച കൊളീജിയം ശുപാര്ശകളുടെ എണ്ണം 256 എന്നും പറയുന്നു.
ഇതുകൂടാതെ ഹൈക്കോടതികളുടെ 146 ശുപാര്ശകള് സുപ്രീംകോടതി കൊളീജിയവും സര്ക്കാരും വൈകിപ്പിക്കുന്നതിന്റെ കാരണങ്ങള് പറയുന്നുമില്ല. സുപ്രീം കോടതിയിലും ഹൈക്കോടതികളിലും നിലവിലുള്ള ഒഴിവുകളുടെ എണ്ണം ശ്രദ്ധിക്കേണ്ടതാണ് – സുപ്രീം കോടതിയില് ഏഴ് ഒഴിവുകളും, ഹൈക്കോടതികളില് 330 ഒഴിവുകളും.”നീതി വൈകുന്നത് നീതി നിഷേധിക്കപ്പെടുന്നതിന് തുല്യമാണ്”. കേസുകള് വേഗത്തില് തീര്പ്പാക്കാനും കേസുകളുടെ കെട്ടിക്കിടക്കല് കുറയ്ക്കാനും കേന്ദ്രം നടപടികള് കൈക്കൊള്ളേണ്ടതാണ് .