‘ഷെഫീക്കിന്റെ സന്തോഷം എന്ന എന്‍റെ ആദ്യ സിനിമ എഴുതി സംവിധാനം ചെയ്ത എനിക്ക് കൃത്യമായി പ്രതിഫലം ലഭിക്കുകയുണ്ടായി. മറ്റ് ടെക്‌നിഷ്യൻസിനും അവരുടെ പ്രതിഫലങ്ങൾ കൊടുത്തതായാണ് എന്‍റെ അറിവിൽ.’
‘അദ്ദേഹത്തെ ഈ സിനിമയിൽ റെക്കമെന്‍റ് ചെയ്തത് തന്നെ ഉണ്ണി ബ്രോയാണ്. സിനിമയിൽ നല്ലൊരു കഥാപാത്രമാണ് ബാലക്ക്. അദ്ദേഹമത് നന്നായി ചെയുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തതിൽ സന്തോഷം.’

‘സിനിമ നന്നായി പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കുകയും ഇപ്പോൾ വിജയം നേടിയ സന്തോഷത്തിലുമാണ് ഞങ്ങൾ. ഈ സമയത്ത് ഇത്തരം വിഷയങ്ങളിൽ എന്‍റെ പേര് വലിച്ചിഴക്കുന്നതിൽ വിഷമമുണ്ട്’ അനൂപ് പന്തളം വിശദീകരിച്ചു.
ബാലയുടെ വെളിപ്പെടുത്തല്‍ വൈറലായതോടെ ചിത്രത്തിന്‍റെ ലൈൻ പ്രൊഡ്യൂസറായ വിനോദ് മംഗലത്ത് വിശദീകരണവുമായി എത്തിയിരുന്നു. പ്രതിഫലം വേണ്ടെന്ന് പറഞ്ഞ് അഭിനയിച്ചത് ബാലയാണെന്നും എന്നിട്ടും അവസാനം ബാലയ്ക്ക് രണ്ട് ലക്ഷം രൂപ നൽകിയെന്നുമാണ് വിനോദ് മംഗലത്ത് പറഞ്ഞത്.

‘ഈ ചിത്രത്തിന്‍റെ പിന്നിൽ പ്രവർത്തിച്ച ഒരാൾക്ക് പോലും പ്രതിഫലം കൊടുക്കാതെ ഇരുന്നിട്ടില്ല. ഇപ്പോൾ സിനിമ ലാഭമായതുകൊണ്ടാണ് എല്ലാവരും ഇങ്ങനെ സംസാരിക്കുന്നത് എന്നാണ് തോന്നുന്നത്. ഉണ്ണി മുകുന്ദനാണ് ബാലയെ ചിത്രത്തിനുവേണ്ടി സജസ്റ്റ് ചെയ്യുന്നത്.’
‘ലൈൻ പ്രൊഡ്യൂസർ എന്ന നിലയിൽ സിനിമയുടെ തുടക്കത്തിൽ തന്നെ ബാലയുമായി ഞാൻ സംസാരിച്ചിരുന്നു. ഇതാണ് ബജറ്റെന്നും ഇത്രയാണ് താങ്കളുടെ പ്രതിഫലമെന്നും ഞാൻ വ്യക്തമായി അദ്ദേഹത്തോട് പറയുകയും ചെയ്തിരുന്നു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് ഇത് ഉണ്ണിയുടെ സിനിമയാണ്.’

‘ഉണ്ണി എനിക്ക് വേണ്ടി ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുണ്ട്. ഇത് സൗഹൃദത്തിന്‍റെ പുറത്ത് ചെയ്യുന്ന ഒരു സിനിമയാണ്. ഉണ്ണിയുടെ സുഹൃത്ത് എന്ന നിലയിൽ എനിക്ക് പ്രതിഫലം പോലും വേണ്ട എന്നാണ്’ വിനോദ് മംഗലത്ത് ബാല തന്നോട് പറഞ്ഞ കാര്യങ്ങള്‍ വിശദീകരിച്ച് പറഞ്ഞത് ഇങ്ങനെയാണ്.
പക്ഷെ ഇതുവരേയും ഉണ്ണി മുകുന്ദന്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. വളരെ അടുത്ത സൗഹൃദമുള്ളവരായിരുന്നു ബാലയും ഉണ്ണി മുകുന്ദനും. അതുകൊണ്ട് തന്നെ ഇത്തരം ഒരു വിഷയം വന്നതോടെ ഇരുവരുടേയും സൗഹൃദവും ട്രോള്‍ ചെയ്യപ്പെടുന്നുണ്ട്.

ഉണ്ണി മുകുന്ദനെ പരിഹസിച്ച് ചിലര്‍ അദ്ദേഹത്തിന്‍റെ സോഷ്യല്‍മീഡിയ പോസ്റ്റുകളില്‍ കമന്‍റുകളും കുറിക്കുന്നുണ്ട്. ഉണ്ണി മുകുന്ദനൊപ്പം മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദീഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്‍റെ കഥയാണ് ചിത്രം പറയുന്നത്. മേപ്പടിയാന് ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിച്ച ചിത്രം കൂടിയാണ് ഷെഫീക്കിന്‍റെ സന്തോഷം. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.