‘വാടക വീടുകളിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. ബാപ്പയുടെ ആദ്യ ഭാര്യയിൽ 9 മക്കളാണ്. എന്റെ ഉമ്മയ്ക്ക് അഞ്ച് മക്കളും. 14 മക്കളാണ്. ഭക്ഷണം കഴിക്കാനായി ഒരുപാട് കഷ്ടപ്പെട്ടു. ഉച്ചയ്ക്ക് നടന്ന് വീട്ടിലേക്ക് വരുമ്പോൾ ഉമ്മ പറയും, മോനേ ഇന്ന് ഇവിടെ ഭക്ഷണം ഒന്നും ഉണ്ടാക്കിയിട്ടില്ല. അടുത്ത വീട്ടിൽ നിന്ന് കഞ്ഞി വെള്ളം വാങ്ങി വെച്ചിട്ടുണ്ട്. കപ്പ പുഴുങ്ങി വെച്ചിട്ടുണ്ട്. അതൊരു കഷ്ണം തരും. ബാപ്പയുടെ ആദ്യ ഭാര്യയിലെ മക്കളുമായി ഞങ്ങൾ കൂട്ടായിരുന്നു’

‘ചില സമയത്ത് ഉച്ചയ്ക്കൊന്നും ഭക്ഷണം ഉണ്ടാവില്ല. എനിക്കിപ്പോഴും ഓർമ്മ ഉണ്ട്. ഞാൻ ഒരു ചുവന്ന വള്ളി ട്രൗസർ ആണ് ധരിച്ചിരുന്നത്. ഉമ്മർ എന്ന കൂട്ടുകാരൻ ഉണ്ടായിരുന്നു. പുള്ളിയുടെ അച്ഛൻ പനയംപള്ളിയിൽ ഒരു നായരുടെ കടയിൽ പൈസ കൊടുത്ത് ഏൽപ്പിച്ചിട്ടുണ്ട്’
‘സ്കൂൾ വിട്ട് വന്നിട്ട് അവിടെ പോയി ഭക്ഷണം കഴിക്കാൻ. ഞാൻ ടയറും തട്ടി വരുമ്പോൾ ബാബു നാസ്തയാക്കാൻ വരുന്നോ എന്ന് ചോദിച്ചു. ഞാൻ ഉമ്മയോട് പറഞ്ഞപ്പോൾ പൊയ്ക്കോ മോനേ, വയറ് നിറച്ചും കഴിച്ചോ എന്ന് പറഞ്ഞു. സന്തോഷത്തോടെ ഷർട്ടൊക്കെ ഇട്ട് ഞാൻ ഉമ്മറിന്റെ കൂടെ വരുന്നു’

‘ഞാനും ഉമ്മറും കൂടി ഒരുമിച്ച് ഹോട്ടലിലേക്ക് കയറിയപ്പോൾ ഉമ്മർ പറഞ്ഞു, നീ ഇവിടെ നിന്നോ ഞാൻ ഭക്ഷണം കഴിച്ചിട്ട് വരാം എന്ന്. ഞാൻ സ്തംഭിച്ച് അവിടെ തന്നെ നിന്നു. മാറെടാ എന്ന് പിറകിൽ നിന്നൊരാൾ പറഞ്ഞപ്പോഴാണ് നടുവിൽ നിന്ന എനിക്ക് ബോധം വന്നത്. താഴെ ഇറങ്ങി. ഉമ്മർ ഭക്ഷണം കഴിക്കുന്നത് എത്തി നോക്കിക്കൊണ്ടിരുന്നു’

‘കുറച്ച് കഴിഞ്ഞപ്പോൾ ഉമ്മർ ഭക്ഷണം എല്ലാം കഴിച്ച് വന്നു. ഉമ്മറിനോട് ഞാൻ ചോദിച്ചു, നീ എന്താടാ കഴിച്ചത് എന്ന് ചോദിച്ചു. ഒരു കുറ്റിപുട്ടും ഇറച്ചിക്കറിയും മുട്ട റോസ്റ്റും കഴിച്ചെന്ന് പറഞ്ഞു’
‘കൈയൊന്ന് മണത്ത് നോക്കട്ടെ സത്യമാണോയെന്ന് അറിയാനാണെന്ന് പറഞ്ഞു. കൈ അമർത്തിപ്പിടിച്ച് ആ വിശപ്പ് ആസ്വദിച്ചു. ചെറുപ്പകാലത്ത് അങ്ങനെ കുറേ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അനുഭവിച്ചിട്ടുണ്ട്. ആ ചെറുപ്പ കാലത്ത് അങ്ങനെ അനുഭവിച്ചില്ലായിരുന്നെങ്കിൽ ഈ നിലയിൽ എത്തുമായിരുന്നോ എന്ന് സംശയമാണ്’

‘എപ്പോഴും ഞാൻ രാത്രിയിൽ കിടക്കാൻ പോവുമ്പോൾ പ്രാർത്ഥിക്കാറുണ്ട്. എത്രയോ പേർ ഇന്ന് ഭക്ഷണം കഴിക്കാതെ കിടന്ന് ഉറങ്ങുന്നു. ഇതൊക്കെ കൊണ്ടാണ് ഭക്ഷണം പാഴാക്കി കളയരുത് എന്ന് പ്രൊഡക്ഷൻ പിള്ളേരോട് പറയുന്നത്. സത്യം പറഞ്ഞാൽ ഇതൊന്നും എന്റെ മക്കളോട് പറഞ്ഞിട്ടില്ല, അവർക്കറിയില്ല,’ ബാബു ഷാഹിർ പറഞ്ഞു. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു ബാബു ഷാഹിർ.