കോഴിക്കോട്: ആരുടെ മുന്നിലും ഇടതുമുന്നണി വാതിൽ അടച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വലതുപക്ഷ രാഷ്ട്രീയം ഉപേക്ഷിച്ചു വരുന്നവരെ സിപിഎം എപ്പോഴും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് വിശാലമായ മതേതര നിലപാട് ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണെന്നും പ്രധാന വിഷയങ്ങളിൽ ലീഗ് കോൺഗ്രസിനെ തിരുത്തുന്നതായും അദ്ദേഹം പറഞ്ഞു.
ഏകീകൃത സിവിൽ കോഡ്, വിഴിഞ്ഞം, ഗവർണർ വിഷയങ്ങളിൽ ലീഗ് കോൺഗ്രസിനെ തിരുത്തിയതായും എം വി ഗോവിന്ദൻ പറഞ്ഞു. ലീഗിനെക്കുറിച്ച് പറഞ്ഞ അഭിപ്രായം തെരഞ്ഞെടുപ്പോ രാഷ്ട്രീയ കൂട്ടുകെട്ടോ മുന്നിൽ കണ്ടല്ലെന്ന് വ്യക്തമാക്കിയ ഗോവിന്ദൻ മുന്നണിയിലേക്ക് ലീഗിനെ ക്ഷണിച്ചിട്ടില്ലെന്നും പറഞ്ഞു.
അതേസമയം, മുസ്ലിം ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നാണ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍ ഇന്ന് പ്രതികരിച്ചത്. മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന അഭിപ്രായം എം വി ഗോവിന്ദന്റേത് മാത്രമല്ല. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നത് സമൂഹത്തിന്റെ മൊത്തം അഭിപ്രായമാണ്. എല്‍ഡിഎഫിലേക്കുള്ള ക്ഷണമായി ഇതിനെ കാണുന്നില്ലെന്നും തങ്ങള്‍ പറഞ്ഞു.
‘അദ്ദേഹം ഒരു രാഷ്ട്രീയ യാഥാർത്ഥ്യം പറഞ്ഞുവെന്ന് മാത്രം. അതിനപ്പുറത്ത് ഒരു രാഷ്ട്രീയ വിലയിരുത്തലായി കാണേണ്ടതില്ല. മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ല. അതുകൊണ്ട് തന്നെ അത്തരം കാര്യങ്ങളിൽ പ്രതികരിക്കേണ്ടതില്ല’ സാദിഖലി തങ്ങൾ പറഞ്ഞു.
അതേസമയം, എം വി ഗോവിന്ദന്‍ പറഞ്ഞത് ഗൗരവത്തോടെ കാണണമെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു. ലീഗ് പോയാല്‍ യുഡിഎഫിന് വന്‍ നഷ്ടമുണ്ടാകും. മുന്നണി ദുര്‍ബലമാകും. ആറു മാസം മുന്‍പുവരെ ലീഗ് വര്‍ഗീയകക്ഷി എന്നാണ് സിപിഎം പറഞ്ഞിരുന്നതെന്നും കെ മുരളീധരൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.