തിരുവനന്തപുരം: സർക്കാരുമായുള്ള കടുത്ത പോരിനിടെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്രിസ്മസ് ആഘോഷത്തിന് ക്ഷണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 14നു രാജ്ഭവനിൽ നടക്കുന്ന ആഘോഷ പരിപാടികളിലേക്കാണ് ക്ഷണം. പ്രതിപക്ഷ നേതാവിനെയും ആഘോഷ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സർക്കാരിനെ നിരന്തരമായി പ്രതിസന്ധിയിൽ ആക്കുന്ന ഗവർണറുടെ ക്ഷണം സർക്കാർ സ്വീകരിക്കുമോ എന്നാണ് അറിയേണ്ടത്.
സർക്കാരുമായി പരസ്യ യുദ്ധപ്രഖ്യാപനം നടത്തിയ ആളാണ് ഗവർണർ. സമയം കിട്ടുമ്പോഴെല്ലാം സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിക്കും, നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പ് വയ്ക്കുന്നില്ല, സർവകലശാല വിസിമാരെ പുറത്താതാക്കാൻ തീരുമാനം അങ്ങനെ സർക്കാരുമായി നിരന്തര ഏറ്റുമുട്ടൽ നടക്കുന്നതിന് ഇടയിലാണ് രാജ്ഭവനിൽ ക്രിസ്മസ് വിരുന്നിനു മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഗവർണർ ക്ഷണിച്ചിരിക്കുന്നത്.
കഴിഞ്ഞ തവണ ക്ഷണം മത മേലാധ്യക്ഷന്മാർക്ക് മാത്രമായിരുന്നു. ഇതിൽ കൗതുകം ഉള്ള മറ്റൊരു കാര്യം, ചടങ്ങ് നടക്കുന്നത് ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറേ നീക്കാൻ ഉള്ള ബിൽ നിയമ സഭ പാസാക്കുന്നതിന്റ പിറ്റേ ദിവസമാണ്. 13നാണ് ബിൽ സഭ പാസ്സ്‌ക്ക്കുന്നത്. എൽഡിഎഫ് നേതൃത്വവും കൂടി ആലോചിച്ച് തീരുമാനം എടുക്കാൻ ആണ് സാധ്യത.
ഗവർണറുടെ ക്ഷണം സ്വീകരിച്ച് ചടങ്ങിനു പോയാൽ ഒത്ത് തീർപ്പ് ഉണ്ടാക്കിയെന്ന് പ്രചരണം പ്രതിപക്ഷം നടത്തുമോ എന്ന ആശങ്ക സർക്കാരിന് ഉണ്ട്. അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പങ്കെടുക്കുന്ന കാര്യത്തിൽ പ്രതിപക്ഷ നേതാവ് തീരുമാനം എടുത്തിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.