തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് ആർഎസ്എസിന്റെ ബി ടീമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. യുഡിഎഫിൽ മതനിരപേക്ഷ നിലപാട് ഉള്ളവർക്ക് ഇക്കാര്യത്തിൽ അതൃപ്തിയുണ്ട്. കോൺഗ്രസിലും ലീഗിലും അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് എടുക്കുന്ന നിലപാട് അല്ല കേരളത്തിലുള്ളതെന്നും റിയാസ് പറഞ്ഞു.
Also Read- ‘രക്തത്തിലും മജ്ജയിലും മാംസത്തിലും വർഗീയതയുള്ള പാർട്ടിയാണ് മുസ്ലീം ലീഗ്’ ; കെ.സുരേന്ദ്രന്‍
മുസ്ലിം ലീഗ് വിശാലമായ മതേതര നിലപാട് ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണെന്നും പ്രധാന വിഷയങ്ങളിൽ ലീഗ് കോൺഗ്രസിനെ തിരുത്തുന്നതായും കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. ആരുടെ മുന്നിലും ഇടതുമുന്നണി വാതിൽ അടച്ചിട്ടില്ല. വലതുപക്ഷ രാഷ്ട്രീയം ഉപേക്ഷിച്ചു വരുന്നവരെ സിപിഎം എപ്പോഴും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
ഏകീകൃത സിവിൽ കോഡ്, വിഴിഞ്ഞം, ഗവർണർ വിഷയങ്ങളിൽ ലീഗ് കോൺഗ്രസിനെ തിരുത്തിയതായും എം വി ഗോവിന്ദൻ പറഞ്ഞു. ലീഗിനെക്കുറിച്ച് പറഞ്ഞ അഭിപ്രായം തെരഞ്ഞെടുപ്പോ രാഷ്ട്രീയ കൂട്ടുകെട്ടോ മുന്നിൽ കണ്ടല്ലെന്ന് വ്യക്തമാക്കിയ ഗോവിന്ദൻ മുന്നണിയിലേക്ക് ലീഗിനെ ക്ഷണിച്ചിട്ടില്ലെന്നും പറഞ്ഞു.
അതേസമയം, ലീഗ് വിഷയത്തിൽ സാദിഖലി തങ്ങൾ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. അത് കോൺഗ്രസ് സ്വാഗതം ചെയ്യുന്നു. ശശി തരൂർ വിഷയത്തിലെ ചോദ്യത്തിന് പാർട്ടിയിൽ ആർക്കും വിലക്കില്ലെന്നും മുരളീധരൻ പ്രതികരിച്ചു. പരിപാടികൾ ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍ ഇന്നലെ പ്രതികരിച്ചത്. മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന അഭിപ്രായം എം വി ഗോവിന്ദന്റേത് മാത്രമല്ല. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നത് സമൂഹത്തിന്റെ മൊത്തം അഭിപ്രായമാണ്. എല്‍ഡിഎഫിലേക്കുള്ള ക്ഷണമായി ഇതിനെ കാണുന്നില്ലെന്നും തങ്ങള്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.