ന്യൂഡൽഹി
ജാമ്യഹർജി പരിഗണിച്ച് സുപ്രീംകോടതി സമയം കളയരുതെന്ന കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവന വിവാദത്തിൽ. രാജ്യസഭയിൽ മന്ത്രി നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷപാർടികളും മനുഷ്യാവകാശ പ്രവർത്തകരും മുതിർന്ന അഭിഭാഷകരും രംഗത്തെത്തി. കിരൺ റിജിജുവിന് സ്വാതന്ത്ര്യം എന്ന വാക്കിന്റെ അർഥം അറിയാമോയെന്ന് മുൻ നിയമമന്ത്രി കപിൽ സിബൽ ചോദിച്ചു. ജയിലല്ല ജാമ്യമാണ് നിയമനടപടിയുടെ അടിസ്ഥാനപ്രമാണമെന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ പ്രസ്താവന നിയമമന്ത്രി ഓർക്കണമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി പ്രതികരിച്ചു. നിയമസംവിധാനത്തെ കൈകാര്യം ചെയ്യാനുള്ള അത്യാഗ്രഹമാണ് ഇതിനു പിന്നിലെന്ന് മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർഷിദ് പ്രതികരിച്ചു. ഭീമാ കൊറേഗാവ് കേസിലെ പ്രതികൾക്കും മറ്റും ജാമ്യം അനുവദിച്ച സുപ്രീംകോടതി നടപടിയാണ് സർക്കാരിനെ ചൊടിപ്പിച്ചതെന്നും വിമർശമുണ്ട്.
ജഡ്ജി നിയമനത്തിൽ വീണ്ടും മുറുമുറുപ്പ്
ജഡ്ജി നിയമനം വൈകുന്നതിൽ സുപ്രീംകോടതിയെ വീണ്ടും കുറ്റപ്പെടുത്തി നിയമമന്ത്രി. വിഷയത്തിൽ കേന്ദ്ര സർക്കാരിന് പരിമിതമായ അധികാരം മാത്രമാണുള്ളത്. നിയമനപ്രക്രിയയിൽ മാറ്റമുണ്ടാകുന്നതുവരെ പ്രശ്നം പരിഹരിക്കപ്പെടില്ലെന്നും മന്ത്രി രാജ്യസഭയില് പറഞ്ഞു. ജഡ്ജിനിയമന വിഷയത്തിൽ സുപ്രീംകോടതി കൊളീജിയവും കേന്ദ്രസർക്കാരും തമ്മിലുള്ള തർക്കം മുറുകുന്നതിനിടെയാണ് വിമർശം. ഉത്തരവാദിത്വപ്പെട്ടവർ കൊളീജിയത്തിനെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവന ഒഴിവാക്കണമെന്ന് സുപ്രീംകോടതി നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.