ആലപ്പുഴ: എന്‍സി പി നേതാവ് ആർ ബി ജിഷയെ കുട്ടനാട് എംഎൽഎ തോമസ് കെ തോമസും ഭാര്യ ഷേർളി തോമസും ജാതീയമായി അധിക്ഷേപിച്ചെന്ന കേസ് കായംകുളം ഡിവൈഎസ്പിക്ക് കൈമാറി. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമുള്ള കേസ് ഡിവൈഎസ് പി തലത്തിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന ചട്ടപ്രകാരമാണിത്.
കേസിൽ പരാതിക്കാരിയായ ജിഷയുടെ വിശദമൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തും. ഇതിന് ശേഷം സംഭവം നടന്ന ഹരിപ്പാട്ടെ എന്‍സിപി യോഗത്തില്‍ പങ്കെടുത്തവരുടെ സാക്ഷി മൊഴികള്‍ രേഖപ്പെടുത്തും.
അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന വീഡിയോയുടെ പൂര്‍ണരൂപം ശേഖരിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. വിഡിയോയുടെ നിജസ്ഥിതി ഉറപ്പു വരുത്താനും ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടന്നിട്ടില്ല എന്ന് ഉറപ്പുവരുത്താനുമാണിത്. വിശദമായ സാക്ഷികളും ഡിജിറ്റല്‍ തെളിവുകളും ശേഖരിച്ച ശേഷമായിരിക്കും എം എല്‍ എയേയും ഭാര്യയേയും ചോദ്യം ചെയ്യുക. ജാമ്യമില്ലാ വകുപ്പുകള് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Also Read- പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസാ അധ്യാപകൻ അറസ്റ്റിൽ
ഹരിപ്പാട്ട് കഴിഞ്ഞദിവസം നടന്ന പാര്‍ട്ടി യോഗത്തിലാണ് കേസിനാസ്പദമായ സംഭവം. എംഎല്‍എയുടെ ഭാര്യയ്ക്ക് എന്താണ് പാര്‍ട്ടി യോഗത്തില്‍ കാര്യമെന്ന് ജിഷ ചോദിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്. ഇതോടെ എംഎല്‍എയുടെ ഭാര്യയും ജിഷയും തമ്മില്‍ പരസ്പരം വാക്കുതര്‍ക്കമായി. പിന്നീട് പ്രവര്‍ത്തകര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിനുശേഷം തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നു കാട്ടി ജിഷ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തങ്ങളെ ആക്ഷേപിക്കാന്‍ യോഗത്തിലെത്തിയ ഒരു സ്ത്രീ ശ്രമിച്ചുവെന്നും ഇതിനെതിരേ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും എംഎല്‍എയും വ്യക്തമാക്കി. പാര്‍ട്ടി ജില്ലാക്കമ്മിറ്റി ഓഫീസില്‍ വനിതാ നേതാവിനെ ആക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്‌തെന്ന പരാതിയില്‍ എംഎല്‍എയെ പ്രതിയാക്കി മൂന്നുമാസം മുമ്പ് ആലപ്പുഴ സൗത്ത് പൊലീസും കേസെടുത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.