നടി സുചിത്രയുടെ അനിയനാണ് ദീപു കരുണാകരൻ. വെട്ടം ഷൂട്ടിംഗിന്റെ സമയത്ത് പ്രിയദർശന്റെ അസിസ്റ്റന്റ് ആയിരുന്നു ദീപു. ഹൈദരാബാദിൽ എത്തിയപ്പോൾ വെട്ടത്തിന്റെ ഷൂട്ടിംഗിനിടെ ആണ് വിന്ററിന്റെ കഥ പറയുന്നത്. ഞാൻ ജയറാമിനോട് കഥ പറഞ്ഞു. ജയറാം വലിയ ത്രില്ലിൽ ആയി. പുള്ളി പ്രതിഫലം പറഞ്ഞു, ഞാൻ അഡ്വാൻസ് കൊടുത്തു. ഭാവനയെ വിളിച്ചു. അവളന്ന് ചെറുപ്പമാണ്. നീ രണ്ട് കുട്ടികളുടെ അമ്മയായിട്ട് അഭിനയിക്കണം എന്ന് പറഞ്ഞു’
‘ചേട്ടാ ഞാൻ രണ്ടു കുട്ടികളുടെ അമ്മയോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു കൊച്ചുകുട്ടികളാണെന്ന്. എന്നാൽ നോക്കാം എന്ന് പറഞ്ഞ് അവൾ ആ സ്പിരിറ്റിൽ എടുത്തു. വില്ലൻ ഹിന്ദിയിൽ നിന്നുള്ള ആളാണ്. ഒറ്റ ഷെഡ്യൂളിൽ തന്നെ ഷൂട്ട് തീർത്തു.

‘റാമോജിയിൽ ഷൂട്ട് കഴിഞ്ഞ് തിരിച്ചു വന്ന് റിലീസിന് വേണ്ടി നോക്കുമ്പോൾ ഒരാൾക്കും ഡിസ്ട്രിബ്യൂഷനും വേണ്ട. ജയറാമിന് അന്ന് താഴ്ച വന്ന സമയമാണ്. ഫ്ലെെറ്റ് കയറി ഹൈദരാബാദിൽ പോവുമ്പോൾ ജയറാം കത്തി നിൽക്കുകയായിരുന്നു. ഫ്ലെെറ്റ് തിരിച്ച് ഇറങ്ങിയപ്പോൾ മൊത്തം പോയി. എന്ത് ചെയ്യണമെന്ന് മനസ്സിലായില്ല’
‘കുറേ കഷ്ടപ്പെട്ടു. ഒരാളും ആ പടം എടുക്കുന്നില്ല. ഒരു വർഷം ആ പടം വെച്ചിരുന്നു. കുറേ പൈസ ഞാൻ പലിശയ്ക്ക് എടുത്തിരുന്നു. അവിടെ നിന്നും എനിക്ക് വിളി വന്നു തുടങ്ങി. ശരിക്കും പറഞ്ഞാൽ എന്റെ മനസ്സമാധാനം പോയി’

‘സിനിമയുടെ സാറ്റ്ലൈറ്റ് ഞാൻ ഏജന്റിന് വിറ്റിരുന്നു. മോഹൻസാറെ വിളിച്ചപ്പോൾ ആ പൈസ ഞാൻ കൊടുക്കാം സാറ്റ്ലൈറ്റ് തിരിച്ചുവാങ്ങാൻ പറഞ്ഞു. അത് തിരിച്ചു വാങ്ങി നല്ല ഒരു തുകയ്ക്ക് ഏഷ്യാനെറ്റിന് വിറ്റു. പിന്നീട് ആ പടം റിലീസ് ചെയ്തു. സ്വന്തമായാണ് ഡിസ്ട്രിബ്യൂട്ട് ചെയ്തത്’
‘റിലീസ് ചെയ്ത് പടത്തിന് നല്ല അഭിപ്രായം വന്നെങ്കിലും നല്ല മഴ ആയിരുന്നു. സിനിമയിൽ എനിക്ക് നഷ്ടവും ഇല്ല ലാഭവും ഇല്ല. അതാണ് വിന്ററിന്റെ തലയിലെഴുത്ത്. ഇനിയൊരു പടം ഉടനെ ചെയ്യേണ്ട എന്ന് തീരുമാനിച്ചു’

‘ആ ഇടവേള 14 വർഷം നീണ്ടു. പരാജയത്തിന് കാരണം സിനിമയുടെ കുഴപ്പം ആയിരുന്നില്ല. ജയറാമിന്റെ മാർക്കറ്റ് ഒരു വിഷയം ആയിരുന്നു. റിലീസ് ചെയ്ത സമയം വിഷയമായിരുന്നു. സിനിമ ചാനലിൽ കണ്ട് നിരവധി പേർ വിളിച്ചു. ദീപു നല്ല രീതിയിൽ ആ സിനിമ എടുത്തിരുന്നു. ഇന്നാണെങ്കിൽ വിന്റർ ഒടിടി പ്ലാറ്റ്ഫോമിൽ വിറ്റ് നല്ല കാശ് വാങ്ങാമായിരുന്നു,’ കെ രാധാകൃഷ്ണൻ പറഞ്ഞു.