‘ഘര്‍വാപ്പസി എന്ന പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നവരെയും അത്തരം ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെയും നിയമത്തിന് കീഴില്‍ കൊണ്ടുവരണം’: കെ.സി.ബി.സി.

Spread the love


ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ ഭരണകൂടങ്ങള്‍ നിസംഗത വെടിയണം എന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ (കെ.സി.ബി.സി.). ഛത്തീസ്ഘട്ടിലെ നാരായണ്‍പൂരില്‍ കത്തോലിക്കാ ദേവാലയം അക്രമികള്‍ തകര്‍ത്ത സംഭവം അത്യന്തം പ്രതിഷേധാര്‍ഹമാണ്. ഛത്തീസ്ഘട്ടിലും വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നിയന്ത്രണാതീതമാവുകയാണ്.

രാഷ്ട്രീയ താല്‍പ്പര്യങ്ങളോടെ സാധാരണ ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയ ചേരിതിരിവുകള്‍ സൃഷ്ടിക്കാനുള്ള സംഘടിത ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇത്തരം അക്രമസംഭവങ്ങള്‍. പ്രത്യേകിച്ച്, ഇലക്ഷനുകള്‍ക്ക് മുന്നോടിയായി വിദ്വേഷ പ്രചാരണങ്ങള്‍ നടത്തി വര്‍ഗ്ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനും രാഷ്ട്രീയ മുതലെടുപ്പുകള്‍ നടത്താനുമുള്ള ശ്രമങ്ങള്‍ ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വിഘാതമാകുന്നു.

നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം എന്ന ദുരാരോപണം നിരന്തരം ഉയര്‍ത്തി ക്രൈസ്തവ വിരുദ്ധ വികാരം സൃഷ്ടിക്കാനും, മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ ദുരുപയോഗിച്ചുകൊണ്ട് നിരപരാധികളെ കേസുകളില്‍ അകപ്പെടുത്താനും, മാധ്യമങ്ങളും സോഷ്യല്‍മീഡിയയും വഴി അവാസ്തവങ്ങള്‍ പ്രചരിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ മൂലം വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുന്നു.

Also read: ‘നിയമത്തിന്റെ പേര് പറഞ്ഞ് സർക്കാറിനെ അലോസരപ്പെടുത്തുകയാണ് ഗവർണർ ചെയ്യുന്നത്’; എം.വി ഗോവിന്ദൻ

ഇഷ്ടമുള്ള മതത്തില്‍ അംഗമാകുവാനും സ്വാതന്ത്ര്യത്തോടെ ആ വിശ്വാസത്തില്‍ ജീവിക്കുവാനും ഏതൊരു ഇന്ത്യന്‍ പൗരനും ഭരണഘടന പ്രകാരം പൂര്‍ണ്ണ അവകാശമുണ്ട്. എന്നാല്‍, ക്രിസ്തുമതം സ്വീകരിച്ചു എന്ന കാരണത്താല്‍ ഛത്തീസ്ഘട്ടിലെ നിരവധി ഗ്രാമങ്ങളില്‍ അനേകര്‍ നിഷ്ഠൂരമായി പീഡിപ്പിക്കപ്പെടുകയും നാടുവിടാന്‍ നിര്‍ബന്ധിതരാവുകളും ചെയ്യുന്നു.

ഇതേ കാരണത്താല്‍ ഹിന്ദുത്വ വര്‍ഗ്ഗീയ സംഘടനകളുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ ആക്രമണങ്ങളും കലാപശ്രമങ്ങളും ഉണ്ടായിട്ടും അവയെ പ്രതിരോധിക്കാനോ കുറ്റവാളികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനോ ഭരണകൂടങ്ങള്‍ തയ്യാറാകുന്നില്ല.

ഇത്തരം ദുരാരോപണങ്ങളെ തുടര്‍ന്നുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലും, നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ട് എന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതും, മതപരിവര്‍ത്തന നിരോധന നിയമം അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതും സംശയാസ്പദമാണ്.

നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അത് നിയമപരമായി കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ട് എങ്കിലും, അത്തരം പുതിയ നിയമങ്ങള്‍ വ്യാപകമായി ദുരുപയോഗിക്കപ്പെടുകയും ആള്‍ക്കൂട്ട അക്രമങ്ങള്‍ക്ക് പോലും മറയായി മാറുകയും ചെയ്യുന്ന പ്രവണത അത്യന്തം ദൗര്‍ഭാഗ്യകരമാണ്.

ഈ രാജ്യത്ത് ഇഷ്ടമുള്ള മതവിശ്വാസം സ്വീകരിക്കാനും അതില്‍ ജീവിക്കാനും എളുപ്പമല്ല എന്നുവരുന്നത് ഭരണഘടനാ ലംഘനവും മനുഷ്യാവകാശ നിഷേധവുമാണ്. ‘ഘര്‍വാപ്പസി’ എന്ന പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നവരെയും അത്തരം ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെയും നിയമത്തിന് കീഴില്‍ കൊണ്ടുവരുവാനും എല്ലാ മതസ്ഥര്‍ക്കും ഒരുപോലെ സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കാനും കേന്ദ്ര – സംസ്ഥാന ഭരണകൂടങ്ങള്‍ തയ്യാറാകണം എന്ന് കെ.സി.ബി.സി. ഔദ്യോഗികവക്താവ് ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി പ്രസ്താവനയിൽ പറഞ്ഞു.

Summary: The Kerala Catholic Bishops’ Council condemns attack against Catholics in northern India. In a strongly-worded statement, the Council demands government intervention for a harmonious existence of people in different faith

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!