
ഷഹീന് ഭീഷണി
തുടരെ രണ്ടാം ലോകകപ്പിലാണ് ഇന്ത്യയും പാകിസ്താനും സൂപ്പര്‍ 12ല്‍ ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നത്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇന്ത്യയെ പാക് പട പത്തു വിക്കറ്റിനു തകര്‍ത്തുവിട്ടിരുന്നു. മൂന്നു വിക്കറ്റുകള്‍ പിഴുത ഇടംകൈയന്‍ സ്പീഡ് സറ്റാര്‍ ഷഹീന് ഷാ അഫ്രീഡിയാണ് അന്നു ഇന്ത്യയുടെ അന്തകനായത്. ഇത്തവണയും ഇന്ത്യ ഏറ്റവുമധികം ഭയപ്പെടുന്നത് ഷഹീനെയായിരിക്കും. ഷഹീനെ എങ്ങനെ ഫലപ്രദമായി നേരിടാമെന്നു നായകന് രോഹിത് ശര്‍മയ്ക്കും കെഎല്‍ രാഹുലിനും ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍.

രോഹിത്തും രാഹുലും ചെയ്യേണ്ടത്
രോഹിത് ശര്‍മയും കെഎല്‍ രാഹുലും അന്താരാഷ്ട്ര തലത്തില്‍ വലിയ സ്കോറുകള്‍ നേടിയവരാണ്. ഷഹീന് അഫ്രീഡിയെ ഫലപ്രമായി നേരിടാനുള്ള കഴിവ് രണ്ടു പേര്‍ക്കുമുണ്ട്. ഷഹീനെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് ഇരുവരും പ്ലാന്‍ തയ്യാറാക്കിയിരിക്കുമെന്നു എനിക്കുറപ്പുണ്ട്.
ഷഹീന്റെ ഇതുവരെയുള്ള ബൗളിങ് കണ്ടതിനു ശേഷം ചില കാര്യങ്ങള്‍ എനിക്കു മനസ്സിലായി. പിച്ച് ചെയ്ത ശേഷം അകത്തേക്കു ബോള്‍ കൊണ്ടുവരികയെന്നതാണ് ഷഹീന്റെ ശൈലി. വളരെ അഗ്രസീവായ, അറ്റാക്കിങ് ബൗളറാണ് അവന്.

ഷോട്ടിനു മുതിരരുത്
ഫുള്ളും ഒപ്പും സ്ട്രെയ്റ്റുമായും ബൗള്‍ ചെയ്യാനുമായിരിക്കും ഷഹീന് ശ്രമിക്കുക. ആദ്യത്തെ കുറച്ചു ബോളുകളില്‍ ഷോട്ടിനു രോഹിത്തും രാഹുലും ശ്രമിക്കരുത്. പകരം ബോളിനെ നിരീക്ഷിച്ച് മനസ്സിലാക്കുകയാണ് വേണ്ടത്. സ്വിങുണ്ടെങ്കില്‍ സ്ട്രെയ്റ്റായി കളിക്കാനായിരിക്കണം ശ്രദ്ധിക്കേണ്ടതെന്നും സച്ചിന് ടെണ്ടുല്‍ക്കര്‍ ഉപദേശിച്ചു.
Also Read: T20 World Cup: നയിച്ചത് ജനിച്ച രാജ്യത്തെയല്ല, ഇതാ നാലു പേര്- കൂട്ടത്തില്‍ മലയാളിയും!

ഇന്ത്യക്കു മികച്ച സാധ്യത
ഈ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനു മികച്ച സാധ്യത തന്നെയാണുള്ളത്. നമ്മുടേത് വളരെ മികച്ച, സന്തുലിതമായ ടീമാണ്. ടൂര്‍ണമെന്റിലെ ഏറ്റവും ശക്തമായ ബാറ്റിങ് ലൈനപ്പുകളിലൊന്നാണ് ഇന്ത്യയുടേത്. ബൗളിങും സന്തുലിതമാണ്. നമ്മുടെ ടീമിനെ വിലയിരുത്തിയാല്‍ അവര്‍ക്കു ഉയര്‍ന്ന കിരീടസാധ്യതയുണ്ടെന്നും സച്ചിന് ടെണ്ടുല്‍ക്കര്‍ വിലയിരുത്തി.

റിഷഭ് കളിച്ചില്ലെങ്കില്‍?
റിഷഭ് പന്തിനെ ഇന്ത്യ കളിപ്പിച്ചില്ലെങ്കില്‍ ഇന്ത്യയുടെ ടോപ്പ് സിക്സില് മറ്റു ഇടംകൈയന്‍ ബാറ്റര്‍മാരില്ലെന്നു കാണാം. പക്ഷെ ഇതു വലിയ തിരിച്ചടിയാവുമെന്നു കരുതുന്നില്ലെന്നാണ് സച്ചിന് ടെണ്ടുല്‍ക്കറുടെ അഭിപ്രായം. ഇന്ത്യയുടെ ടോപ്പ് സിക്സില് ഇടംകൈയന്‍ ബാറ്റര്‍മാര്‍ ഇല്ലെന്നു കരുതി അതു ലോകാവസാനമൊന്നുമല്ല. വളരെ ഉയര്‍ന്ന നിലവാരമുള്ള മിടുക്കരായ വലംകൈയന്‍ ബാറ്റര്‍മാര്‍ നമ്മുടെ ടീമിലുണ്ട്. ഈ കോമ്പിനേഷന്‍ നമുക്ക് നന്നായി പോവുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഇന്ത്യയുടേത് വളരെ ശക്തമായ ബാറ്റിങ് ലൈനപ്പാണെന്നു താന്‍ പറഞ്ഞതെന്നും സച്ചിന് കൂട്ടിച്ചേര്‍ത്തു.

സൂര്യയെ പുകഴ്ത്തി
ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ പുതിയ സൂപ്പര്‍ താരമായി മാറിയ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ സച്ചിന് ടെണ്ടുല്‍ക്കര്‍ പുകഴ്ത്തി. സൂര്യയുടെ ഇപ്പോഴത്തെ വളര്‍ച്ച വളരെയധികം സന്തോഷം നല്കുന്നു. അവന് എല്ലായ്പ്പോഴും അപകടകാരിയായ താരമാണ്. നേരത്തേ സൂര്യക്കു ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പായിരുന്നില്ല. പക്ഷെ ഇപ്പോള്‍ അതിനെക്കുറിച്ച് അവനു ആശങ്കകളില്ല. നിലവില്‍ ഈ ഫോര്‍മാറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് സൂര്യ. സ്പെഷ്യല്‍ ഇന്നിങ്സുകള്‍ കളിക്കാന്‍ അവന് തയ്യാറായിക്കഴിഞ്ഞുവെന്നാണ് താന്‍ കരുതുന്നതെന്നും സച്ചിന് വ്യക്തമാക്കി.