മലപ്പുറം: സംസ്ഥാന മുസ്ലിം ലീഗിന്റെ മെമ്പർഷിപ്പ് ക്യാംപയിൻ പൂർത്തിയായപ്പോൾ പാർട്ടിക്ക് സംസ്ഥാനത്ത് ആകെയുള്ളത് 24,33,295 അംഗങ്ങൾ. ഇതിന് മുമ്പ് ക്യാംപയിൻ നടന്ന 2016ൽ 22 ലക്ഷം അംഗങ്ങളാണ് ഉണ്ടായിരുന്നത്. 2,33,295 അംഗങ്ങളാണ് ഇത്തവണ വർധിച്ചത്. നിലവിൽ അംഗത്വമെടുത്തവരിൽ 51 ശതമാനവും സ്ത്രീകളാണ്. പുരുഷ അംഗങ്ങൾ 49 ശതമാനം.
ആകെ അംഗങ്ങളിൽ 61 ശതമാനവും 35 വയസിൽ താഴെയുള്ളരാണെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.
കഴിഞ്ഞ നവംബർ ഒന്നിനാണ് ലീഗ് അംഗത്വ ക്യാംപയിൻ ആരംഭിച്ചത്. പാർട്ടി അംഗത്വ ക്യാംപയിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. വാർഡ്/ യൂണിറ്റ് തലങ്ങളിലെ പ്രവർത്തകർ വീടുകൾ കയറിയിറങ്ങി അംഗങ്ങളുടെ കയ്യൊപ്പോടുകൂടിയാണ് അംഗത്വം പുതുക്കുകയും പുതിയ അംഗങ്ങളെ ചേർക്കുകയും ചെയ്തത്. പ്രത്യേകം സജ്ജമാക്കിയ ആപ്ലിക്കേഷനിൽ ഡിസംബർ പതിനഞ്ചോടെ അംഗങ്ങളുടെ പൂർണ്ണ വിവരങ്ങൾ അതാത് കമ്മിറ്റികളുടെ കോർഡിനേറ്റർമാർ അപ്ഡേറ്റ് ചെയ്യുകയും ഫീസടയ്ക്കുകയും ചെയ്തു.
സംസ്ഥാനത്തൊട്ടാകെ ഡിസംബർ ഒന്നിന് ആരംഭിച്ച വാർഡ് കമ്മിറ്റികളുടെ രൂപീകരണം ഡിസംബർ 31ന് പൂർത്തീകരിച്ചു. ഇപ്പോൾ പഞ്ചായത്ത്, മുനിസിപ്പൽ, മേഖലാ കമ്മിറ്റികൾ രൂപീകരിച്ചുവരികയാണ്. ജനുവരി പതിനഞ്ചിനകം പഞ്ചായത്ത് കമ്മിറ്റികളുടെ രൂപീകരണം പൂർത്തിയാകും. 15ന് ശേഷം മണ്ഡലം കമ്മിറ്റികളുടെ രൂപീകരണം ആരംഭിക്കും. ശേഷം ജില്ലാ കമ്മിറ്റികളും രൂപീകരിക്കും.
മാർച്ച് ആദ്യവാരം പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വരും. സമ്മേളനങ്ങളോട് കൂടിയാണ് ഓരോ ഘടകങ്ങളിലും കമ്മിറ്റികൾ വരുന്നത്. മുസ്ലിംലീഗ് കമ്മിറ്റികൾക്കൊപ്പം വാർഡ് തലം തൊട്ട് വനിതാ ലീഗ് കമ്മിറ്റികളും രൂപീകരിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.