രാജ്‌കോട്ട്
സൂര്യകുമാർ യാദവ് സെഞ്ചുറിയുമായി കത്തിപ്പടർന്നപ്പോൾ ഇന്ത്യക്ക് തകർപ്പൻ ജയവും പരമ്പരയും. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി20- ക്രിക്കറ്റിൽ 91 റണ്ണിനാണ് ജയം. പരമ്പര ഇന്ത്യ 2–-1ന് സ്വന്തമാക്കി. സ്‌കോർ: ഇന്ത്യ 5–-228, ശ്രീലങ്ക 137 (16.4). സൂര്യകുമാർ യാദവ് 51 പന്തിൽ 112 റണ്ണുമായി പുറത്താകാതെനിന്നു.
ഒമ്പത് സിക്‌സറുകൾ പറത്തിയ സൂര്യകുമാർ ഏഴ് ഫോറുമടിച്ചു. 45 പന്തിലാണ് മൂന്നാം സെഞ്ചുറി. ഇന്ത്യൻ ബാറ്ററുടെ വേഗമേറിയ രണ്ടാം സെഞ്ചുറിയാണ്. രോഹിത് ശർമ 35 പന്തിൽ നേടിയ സെഞ്ചുറിയാണ് റെക്കോഡ്. 2017ൽ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു രോഹിതിന്റെ പ്രകടനം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ആദ്യ 10 ഓവറിൽ നേടിയത് 92 റണ്ണാണ്. അവസാന 10 ഓവറിൽ 136 റണ്ണടിച്ചു. ഒമ്പത് പന്തിൽ 21 റണ്ണുമായി അക്‌സർ പട്ടേൽ സൂര്യകുമാറിന് കൂട്ടായി.
ലങ്കയ്‌ക്ക് ഒരിക്കലും വിജയത്തിലേക്ക് പന്തടിക്കാനായില്ല. മൂന്ന് വിക്കറ്റെടുത്ത് അർഷ്‌ദീപ് സിങ് ലങ്കയുടെ തകർച്ചയ്‌ക്ക് നേതൃത്വം നൽകി. രണ്ടാമത്തെ മത്സരത്തിൽ മങ്ങിയ അർഷ്‌ദീപിന് വീണ്ടും അവസരം നൽകാനുള്ള തീരുമാനം നിർണായകമായി. ഹാർദിക് പാണ്ഡ്യ, ഉമ്രാൻ മാലിക്, യുസ്‌വേന്ദ്ര ചാഹൽ എന്നിവർ രണ്ടുവീതം വിക്കറ്റ് നേടി. ഒരു വിക്കറ്റ് അക്‌സർ പട്ടേലിനാണ്. കുശാൽ മെൻഡിസും ദാസുൺ ഷനകയുമാണ് (ഇരുവരും 23) ലങ്കൻ നിരയിൽ പിടിച്ചുനിന്നത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറിൽ ഇഷാൻ കിഷന്റെ (1) വിക്കറ്റ് നഷ്‌ടമായി. തുടർന്ന് ശുഭ്‌മാൻ ഗില്ലും (36 പന്തിൽ 46) രാഹുൽ ത്രിപാഠിയും (16 പന്തിൽ 35) ചേർന്നാണ് അടിത്തറയിട്ടത്. ഗിൽ മൂന്ന് സിക്‌സറും രണ്ട് ഫോറുമടിച്ചു. ത്രിപാഠി നാല് ഫോറും രണ്ട് സിക്‌സറും കണ്ടെത്തി. മൂന്നാം വിക്കറ്റിൽ സൂര്യകുമാർ ശുഭ്‌മാൻ ഗില്ലുമായി ചേർന്ന് 111 റണ്ണിന്റെ കൂട്ടുകെട്ടുയർത്തി. അവസാന അഞ്ച് ഓവറിൽ ഇന്ത്യ 64 റൺ നേടി. ഹാർദിക് പാണ്ഡ്യയും (4) ദീപക് ഹൂഡയും (4) മങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ