കെ. സുരേന്ദ്രൻ
ആലപ്പുഴ: കോഴിക്കോട് സ്കൂൾ കലോത്സവ സ്വാഗതഗാനം ഒരു മതത്തിനെതിരാണെന്ന് പറഞ്ഞ മുഹമ്മദ് റിയാസ് ലക്ഷ്യമിടുന്നത് വർഗീയ ധ്രുവീകരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വാഗതഗാനത്തിൽ ഒരു വർഗീയതയുമില്ല. സംഘടാകസമിതി റിയാസിന്റെ പാർട്ടിക്കാരായിരുന്നല്ലൊ. വർഗീയതയുണ്ടെങ്കിൽ എന്തുകൊണ്ട് അത് അപ്പോൾ തടഞ്ഞില്ല. കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ സ്വപ്നം കാണുന്നവർ വർഗീയത അവസരമാക്കുകയാണ്. ഇടതുമുന്നണിക്ക് അടുത്തത് ഒരു മുസ്ലിം മുഖ്യമന്ത്രി വേണമെന്ന നിലപാടാണുള്ളത്. മുസ്ലിംലീഗിന്റെ മെഗാഫോണാണ് റിയാസെന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു.
കലോത്സവത്തിന്റെ ഭക്ഷണത്തിൽ പോലും വർഗീയ വിഷം കലർത്താൻ ചിലർ ശ്രമിച്ചതു കൊണ്ടാണ് പഴയിടം മോഹനൻ നമ്പൂതിരിക്ക് ഇനി കലോത്സവത്തിന് ഭക്ഷണമൊരുക്കില്ലെന്ന പ്രഖ്യാപനം നടത്തേണ്ടി വന്നതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. സിപിഎം നേതാക്കൾ തന്നെയാണ് ജനങ്ങളെ ഭിന്നിപ്പിക്കാൻ ഭക്ഷണ വിവാദമുണ്ടാക്കിയതെന്നും ആലപ്പുഴയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഭരണകക്ഷി നേതാക്കൾ പച്ചയായ വിഭാഗീയതയുണ്ടാക്കി കലോത്സവത്തിന്റെ നിറംകെടുത്തി. ഭക്ഷണത്തിന്റെ പേരിൽ പോലും വർഗീയത ഇളക്കിവിടുന്ന പ്രചരണമാണ് സിപിഎം നേതാക്കളും സഹയാത്രികരും നടത്തിയത്. പച്ചക്കറി ഏതെങ്കിലും മതത്തിന്റേതല്ലെന്ന് ഇവർ മനസിലാക്കണം. പഴയിടത്തിനെ ഇടതുപക്ഷക്കാർ ജാതീയമായി അവഹേളിച്ചതിനെ വിദ്യാഭ്യാസ മന്ത്രി പോലും ശരിവെച്ചുവെന്നും സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണം കഴിച്ച് ആളുകൾ മരിക്കുകയാണ്. ഇതൊന്നും പരിശോധിക്കാൻ സർക്കാർ തയ്യാറാവുന്നില്ല. ഭക്ഷ്യസുരക്ഷ ഒരുക്കുന്നതിന് ഒരു മുൻകരുതലുമെടുക്കാത്ത സർക്കാരാണ് കലോത്സവത്തിൽ നോൺവെജ് വിളമ്പണമെന്ന അനാവശ്യ വിവാദമുണ്ടാക്കുന്നത്.
ബിജെപിയുടെ ബഹുജന പിന്തുണയ്ക്ക് തുരങ്കം വെക്കാനാണ് ചില മാദ്ധ്യമങ്ങൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് പാർട്ടി വിരുദ്ധ വാർത്തകൾ വരുന്നത്. പാർട്ടിയെ ആര് നയിക്കണമെന്ന് തീരുമാനിക്കുന്നത് കേന്ദ്രനേതൃത്വമാണ്. ബിജെപി ഒരു വ്യക്തി അധിഷ്ഠിത പാർട്ടി അല്ല. ഞാൻ പാർട്ടിയുടെ ഒരു എളിയ പ്രവർത്തകൻ മാത്രമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.