മജു സംവിധാനം ചെയ്ത അപ്പൻ ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റി. രണ്ട് സിനിമകളും ഏകദേശം ഒരേ സമയത്താണ് പുറത്തിറങ്ങിയതും. തുടരെ രണ്ട് ഹിറ്റുകൾ ലഭിച്ചതിന്റെ താരത്തിളക്കത്തിൽ ആണ് അലൻസിയർ. ഇപ്പോഴിതാ മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അലൻസിയർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
സംവിധായകൻ കമലിനോട് വാശിപ്പുറത്ത് സംസാരിച്ചതിനെക്കുറിച്ചാണ് അലൻസിയർ തുറന്ന് പറഞ്ഞത്. സിനിമയിലേക്കെന്ന് പറഞ്ഞ് വിളിച്ച് തന്നെ കാത്തു നിൽപ്പിച്ചെന്നും എന്നാൽ കമൽ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നും അലൻസിയർ വ്യക്തമാക്കി.

‘കമലിന്റ അടുത്ത് ചാൻസ് ചോദിച്ച് ചെന്നതല്ല. എന്നെ വിളിച്ചതാണ് ആ സിനിമയിലെ അസോസിയേറ്റ്. സന്തോഷ് എച്ചിക്കാനമാണ് എന്നെ വിളിച്ച് പറയുന്നത് കമൽ സാർ ഒരു സിനിമ ചെയ്യുന്നുണ്ട്. നിങ്ങളെ അസോസിയേറ്റ് വിളിക്കും നമ്പർ കൊടുക്കട്ടേ എന്ന്. ഞാൻ സ്റ്റീവ് ലോപ്പസ് കഴിഞ്ഞ് നിൽക്കുന്ന സമയം ആയിരുന്നു’
‘അങ്ങനെയാണ് അസോസിയേറ്റ് എന്നെ വിളിക്കുന്നതും ചെല്ലാൻ പറഞ്ഞ ദിവസം അവിടെ ചെല്ലുന്നതും. അദ്ദേഹത്തെ കാണാൻ പറ്റുന്നില്ല, പക്ഷെ പുള്ളി അത് അറിഞ്ഞിട്ടില്ല എന്ന് പിന്നെയാണ് ഞാൻ അറിയുന്നത്. ഞാനും അന്വേഷിക്കണമായിരുന്നു’

‘പക്ഷെ സമയം കഴിഞ്ഞപ്പോൾ ഞാനാ മുറിയിലേക്ക് തള്ളിക്കയറി ചെല്ലുകയായിരുന്നു. കസേര നീക്കിയിട്ടു. എന്തായെന്ന് പുള്ളി എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു, എന്റെ പേര് അലൻസിയർ. നിങ്ങളുടെ ഒരു അസോസിയേറ്റ് എന്നെ സിനിമയിൽ അഭിനയിക്കാൻ വിളിച്ചു. അങ്ങനെ വന്നതാണ്. രാവിലെ ആറ് മണി മുതൽ നിങ്ങളെ കാത്ത് ഫ്ലാറ്റിന് മുന്നിൽ കാറിൽ കിടക്കുകയാണ്’

‘മൂന്ന് മണിയാക്കി, നാല് മണിയാക്കി, അഞ്ച് മണിയാക്കി ഇനി എനിക്ക് നിൽക്കാൻ സമയം ഇല്ല. ഞാൻ പോവുകയാണ്. രണ്ട് വാക്ക് പറഞ്ഞ് പോവാൻ വേണ്ടി വന്നതാണ്’
‘എന്നെങ്കിലും ഒരു സിനിമാ നടൻ ആയാൽ നിങ്ങളെന്നെ വിളിച്ചാൽ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞ് ഞാൻ പോയി. പിന്നെ എന്നെ വിളിച്ചിട്ടില്ല. വിളിച്ചാൽ ഞാൻ അഭിനയിക്കും. അന്നെന്റെ വാശിക്ക് പറഞ്ഞതാണ്,’ അലൻസിയർ പറഞ്ഞു.

സിനിമയിൽ നിന്നും ഉണ്ടായ വേദനിപ്പിക്കുന്ന അനുഭവങ്ങളെക്കുറിച്ചും അലൻസിയർ സംസാരിച്ചു. ‘എന്നെ അടുത്തറിയുന്നവർ പോലും എന്നെ കേൾക്കാതെ എന്നെ വിധി എഴുതി. അത് ഞാൻ അതിജീവിച്ചു. എന്നെ വഴി പിടിച്ച് നടത്തേണ്ടത് അവരല്ലല്ലോ ഞാനല്ലേ,’ അലൻസിയർ പറഞ്ഞു. നേരത്തെ അലൻസിയറിനെ മീടൂ ആരോപണം വന്നിരുന്നു.