ദുബായ്
ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ഇനി ഏകദിന ക്രിക്കറ്റിലെ ഒന്നാംറാങ്കുകാരൻ. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ മിന്നുംതാരമായ ഓപ്പണർ ശുഭ്‌മാൻ ഗിൽ 20 സ്ഥാനം മെച്ചപ്പെടുത്തി ആറാംറാങ്കിലെത്തി. അവസാന അഞ്ച് മത്സരത്തിൽ 14 വിക്കറ്റാണ് സിറാജ് നേടിയത്. ലങ്കയുമായുള്ള പരമ്പരയിൽമാത്രം ഒമ്പത് വിക്കറ്റ്. കിവീസിനെതിരെ രണ്ട് കളിയിൽ അഞ്ചും. ഓസ്‌ട്രേലിയയുടെ ജോഷ് ഹാസെൽവുഡിനെയും കിവീസിന്റെ ട്രെന്റ് ബോൾട്ടിനെയുമാണ് സിറാജ് മറികടന്നത്.
2019ൽ ഓസീസിനെതിരെ അരങ്ങേറ്റംകുറിച്ച ഇരുപത്തെട്ടുകാരൻ 21 കളിയിൽ 38 വിക്കറ്റ് നേടി. കഴിഞ്ഞ ഒരുവർഷത്തിനുള്ളിലാണ് സിറാജ് ഇന്ത്യൻ ഏകദിന ടീമിന്റെ കുന്തമുനയായി മാറിയത്. സ്‌പിന്നർ കുൽദീപ് യാദവാണ് ആദ്യ ഇരുപതിൽ ഉൾപ്പെട്ട മറ്റൊരു ഇന്ത്യൻ ബൗളർ.ബാറ്റർമാരിൽ വിരാട് കോഹ്‌ലിയെ പിന്തള്ളിയാണ് ഗിൽ മുന്നേറിയത്. കോഹ്‌ലി ഏഴാമതും ക്യാപ്‌റ്റൻ രോഹിത് ശർമ ഒമ്പതാമതുമുണ്ട്. പാകിസ്ഥാൻ ക്യാപ്‌റ്റർ ബാബർ അസമാണ് പട്ടികയിൽ മുന്നിൽ.
സൂര്യകുമാർ മികച്ച ട്വന്റി 20 താരം
ഐസിസി മികച്ച ട്വന്റി 20 താരമായി സൂര്യകുമാർ യാദവ്. കഴിഞ്ഞ വർഷം പുറത്തെടുത്ത മിന്നുന്ന പ്രകടനമാണ് ഇന്ത്യൻ ബാറ്ററെ മികച്ച താരമാക്കിയത്. ഇംഗ്ലണ്ടിന്റെ സാം കറൻ, പാകിസ്ഥാൻ താരം മുഹമ്മദ് റിസ്വാൻ, സിംബാബ്‌വെ ഓൾ റൗണ്ടർ സിക്കന്ദർ റാസ എന്നിവരെയാണ് സൂര്യകുമാർ മറികടന്നത്.
വനിതകളിൽ സ്‌മൃതി മന്ദാനയെ മറികടന്ന് ഓസ്‌ട്രേലിയയുടെ താഹില മക്‌ഗ്രാത്ത് മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. മുപ്പത്തിരണ്ടുകാരനായ സൂര്യകുമാർ കഴിഞ്ഞ വർഷം 1164 റണ്ണാണ് അടിച്ചുകൂട്ടിയത്. 187.43 ആണ് ബാറ്റിങ് പ്രഹരശേഷി. 68 സിക്‌സർ. ഒരു വർഷം ഏറ്റവും കൂടുതൽ സിക്‌സർ പറത്തിയതിന്റെ റെക്കോഡും സ്വന്തമായി. ഓസ്‌ട്രേലിയയിൽ നടന്ന ട്വന്റി 20 ലോകകപ്പിൽ ആറ് കളിയിൽ മൂന്ന് അരസെഞ്ചുറിയും കുറിച്ചു. ഈ വർഷം ന്യൂസിലൻഡിനെതിരെ സെഞ്ചുറിയും നേടി. നിലവിൽ ട്വന്റി 20യിൽ ഒന്നാം റാങ്കുകാരനാണ്.
വനിതകളിൽ മികച്ച നവാഗത താരമായി ഇന്ത്യയുടെ രേണുക സിങ്ങിനെ തെരഞ്ഞെടുത്തു. ഏകദിനത്തിൽ 18 വിക്കറ്റും ട്വന്റി 20യിൽ 22 വിക്കറ്റും ഈ ഇരുപത്താറുകാരി നേടി. പുരുഷവിഭാഗത്തിൽ ദക്ഷിണാഫ്രിക്കൻ പേസർ മാർകോ ജാൻസെനാണ് മികച്ചതാരം. ടെസ്‌റ്റിൽ 36 വിക്കറ്റും 234 റണ്ണും നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ