എന്നാൽ അടുത്തിടെ തന്റെ സ്വകാര്യ ജീവിതത്തിലുണ്ടായ പല ബുദ്ധിമുട്ടുകളും താരം തുറന്നു പറഞ്ഞിരുന്നു. പ്രണയ വിവാഹവും ഭർത്താവിന്റെ അകാല വിയോഗത്തെ കുറിച്ചും മകളെ ഒറ്റയ്ക്ക് വളർത്തുന്നതിനെ കുറിച്ചുമെല്ലാം നടി അഭിമുഖങ്ങളിൽ സംസാരിച്ചിരുന്നു. ഇതിനിടെ സോഷ്യൽ മീഡിയയിലും താരം സജീവമായിരുന്നു.
തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുതിയ ചിത്രങ്ങളും ഡാൻസ് വീഡിയോയുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഇന്ദുലേഖ പങ്കുവച്ച ഏറ്റവും പുതിയ ചിത്രമാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. ഭര്‍ത്താവും മകളും ഒപ്പമുള്ള ഒരു കുടുംബ ചിത്രമാണ് ഇന്ദുലേഖ പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ലഭിച്ച ഒരു സർപ്രൈസ് ആണ് ഈ കുടുംബ ചിത്രം. ഡിജിറ്റൽ പെയിന്റിങിലൂടെയാണ് ചിത്രം വരച്ചിരിക്കുന്നത്.

‘പിറന്നാളിന് ഇതില്‍പരം എന്ത് മറ്റെന്ത് സർപ്രൈസ് നൽകാനാണ്’ എന്ന് പറഞ്ഞുകൊണ്ടാണ് ഇന്ദുലേഖ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേർ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. മകൾ കുഞ്ഞായിരിക്കുമ്പോൾ ആണ് ഇന്ദുലേഖയുടെ ഭർത്താവ് ശങ്കർ കൃഷ്ണ പോറ്റി മരണപ്പെടുന്നത്. സംവിധായകൻ കൂടി ആയിരുന്നു അദ്ദേഹം.
അടുത്തിടെ ഫ്‌ളവേഴ്‌സ് ടിവിയിലെ ഒരു കോടി എന്ന പരിപാടിയിൽ ഇന്ദുലേഖ പങ്കെടുത്തിരുന്നു. തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ഭർത്താവിന്റെ മരണത്തെ കുറിച്ചുമെല്ലാം സംസാരിച്ചത് അപ്പോഴായിരുന്നു.

കോളേജില്‍ പഠിക്കുന്ന കാലത്താണ് പോറ്റിയുമായുള്ള (ശങ്കര്‍ കൃഷ്ണ) പ്രണയം തുടങ്ങുന്നത്. അന്ന് ഇരുപത് വയസ്സാണ് ഇന്ദുലേഖയുടെ പ്രായം. പോറ്റിയുമായുള്ള പ്രണയം വീട്ടില്‍ സമ്മതിക്കില്ലെന്ന് അറിഞ്ഞത് കൊണ്ട് ആദ്യം ആരും അറിയാതെ രഹസ്യമായി രജിസ്റ്റര്‍ വിവാഹം നടത്തി. മൂന്ന് മാസത്തോളം ആ വിവാഹം ആരെയും അറിയിക്കാതെ കൊണ്ടു പോയി. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം വീട്ടിൽ നിന്നിറങ്ങി പോറ്റിയ്‌ക്കൊപ്പം പോയി.
അദ്ദേഹത്തിന്റെ വീട്ടില്‍ വിവാഹത്തിന് എല്ലാവര്‍ക്കും സമ്മതമായിരുന്നു. അമ്പലത്തില്‍ പോയി താലി കെട്ടി വീട്ടില്‍ എത്തിയ ശേഷമാണ് അമ്മയോടും പറഞ്ഞത്. അന്ന് താലി എന്ന സീരിയലില്‍ അഭിനയിക്കുന്നുണ്ട്. ഇതിനിടയില്‍ അമ്മയും ചേട്ടനും വന്ന് സംസാരിച്ച് എല്ലാം കോംപ്രമൈസ് ആക്കി. അങ്ങനെ രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ ഇവരുടെ ദാമ്പത്യ ജീവിതം ആരംഭിക്കുകയായിരുന്നു.

ദ ഫയര്‍ എന്ന ചിത്രത്തിലൂടെയാണ് പോറ്റി സംവിധായകനാകുന്നത്. രണ്ടാമാതൊരു പടം ചെയ്യുന്നതിന്റെ ഭാഗമായി ബാംഗ്ലൂരിലേക്ക് പോകുമ്പോൾ വാഹനാപകടം ഉണ്ടായി. ഒരു മാസം എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇതോടെ പ്രൊജക്ടുകള്‍ നഷ്ടമായി. മദ്യപാന ശീലം കൂടി. ഡി അഡിക്ഷന്‍ സെന്ററില്‍ കൊണ്ടുപോയെങ്കിലും മാറിയില്ല. പിന്നീട് അതെല്ലാം നിർത്താൻ ഒരുങ്ങിയപ്പോൾ ലിവര്‍ സിറോസിസ് വന്ന് കരൾ പോയി. ഇതിനിടയിൽ മകൾ ജനിച്ചു. അദ്ദേഹം തിരിച്ചുവരുമെന്ന് കരുതിയെങ്കിലും മരണത്തിന് കീഴടങ്ങി എന്നാണ് ഇന്ദുലേഖ അന്ന് പറഞ്ഞത്.