കോഴിക്കോട്> ഇരുപത്തിനാലു വർഷം മുമ്പാണ് ബീനടീച്ചറുടെ കൂടെ അവർ ക്രൗൺ തിയേറ്ററിന്റെ പടികയറിയത്. ‘ടൈറ്റാനിക്’ എന്ന വിശ്വവിസ്മയം മുന്നിൽ കണ്ട പൊടിമീശക്കാരും പാവാടക്കാരികളും വർഷങ്ങൾക്കിപ്പുറം അതേ തിയേറ്ററിൽ അതേ ടീച്ചർക്കൊപ്പം സിനിമകാണാനെത്തി. കാലത്തിന്റെ അതിർവരമ്പുകൾ മാഞ്ഞ് അവർ പഴയ കാലത്തേക്ക് നടന്നു. മാവൂർ ജിഎച്ച്എസ്എസിലെ 1999 ബാച്ച് പ്ലസ്വൺ വിദ്യാർഥികളാണ് മേയർ ബീന ഫിലിപ്പിനൊപ്പം സൗഹൃദവും സെൽഫിയുമൊക്കെയായി തിയേറ്റർ കീഴടക്കിയത്.
പ്ലസ്വൺ ഇംഗ്ലീഷിന് ‘സിങ്കിങ് ഓഫ് ടൈറ്റാനിക്’ പാഠഭാഗം പഠിപ്പിക്കുന്നതിന്റെ ഭാഗമായാണ് അധ്യാപിക ബീന ഫിലിപ്പ് കുട്ടികളെ സിനിമ കാണിക്കാമെന്ന നിർദേശം മുന്നോട്ടുവച്ചത്. കുട്ടികളെ ഇംഗ്ലീഷ് സിനിമ കാണിക്കാൻ കൊണ്ടുപോകുന്നത് ചിലർ എതിർത്തു. എന്നാൽ, ടീച്ചർ ഉറച്ചു നിന്നു. ഒടുവിൽ മൂന്ന് ബാച്ചുകളിലെ 140 വിദ്യാർഥികളുമായി അധ്യാപകർ സിനിമ കണ്ടു.
വർഷമേറെ കഴിഞ്ഞെങ്കിലും അന്നത്തെ പ്ലസ്വൺ ബാച്ചിന്റെ ഓർമകളിൽ ‘ടൈറ്റാനിക്’ അനുഭവം നിറഞ്ഞുനിന്നു. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അത് നിരന്തരം ചർച്ചയായി. അതിനിടയിലാണ് സിനിമ വീണ്ടും പ്രദർശനത്തിനെത്തിയത്. ടീച്ചർക്കൊപ്പം സിനിമ കണാമെന്ന ആശയം ഉദിച്ചു. കാര്യം പറഞ്ഞപ്പോൾ ടീച്ചറും സമ്മതം മൂളി. വ്യാഴം പകൽ 12ന്റെ പ്രദർശനം കാണാൻ തിരക്കുകൾ മാറ്റിവച്ച് മേയറെത്തി. അന്ന് ടീച്ചറും ഇന്ന് മേയറുമായി സിനിമ കാണുന്നതിലെ വ്യത്യാസം ചോദിച്ചപ്പോൾ പുഞ്ചിരി. ‘‘ഞാൻ അന്നും ഇന്നും ടീച്ചറാണ്. കുട്ടികൾക്കൊപ്പമിരിക്കാൻ ഇന്നും ഇഷ്ടമാണ്’’. തിരക്കുകൾക്കിടെ അൽപ്പനേരം സിനിമ കണ്ട് മേയർ മടങ്ങി.
Facebook Comments Box