ന്യൂഡൽഹി> നടിയെ ആക്രമിച്ച കേസില്‍ പ്രധാന സാക്ഷികളായ മഞ്ജു വാര്യരെ അടക്കം വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീംകോടതി. പ്രോസിക്യൂഷന് സാക്ഷിവിസ്താരം തുടരാന്‍ കോടതി അനുമതി നല്‍കി. മഞ്ജു വാര്യരെ അടക്കം വീണ്ടും വിസ്തരിക്കുന്നത് തടയണമെന്ന് ദിലീപ് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ജസ്റ്റിസ് ജെ കെ മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സാക്ഷി വിസ്താരം അടക്കമുള്ള കാര്യങ്ങളില്‍ സുപ്രീംകോടതി ഇടപെടുന്നില്ലെന്ന് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് സാക്ഷി വിസ്താരം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജികള്‍ അടുത്ത മാസം 24ന് വീണ്ടും പരിഗണിക്കും. പ്രധാന സാക്ഷികളെ വിസ്തരിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് പ്രതിഭാഗമാണെന്നും സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
എട്ടാംപ്രതി ദിലീപിന്റെ പങ്ക് തെളിയിക്കാൻ മഞ്ജുവാര്യരെ വീണ്ടും വിസ്‌തരിക്കേണ്ടതുണ്ടെന്ന് സംസ്ഥാന സർക്കാർ ഇന്നലെ കോടതിയെ ബോധിപ്പിച്ചിരുന്നു. സുപ്രീംകോടതിയിൽ ഫയൽ ചെയ്‌ത സത്യവാങ്‌മൂലത്തിലാണ് നിലപാടറിയിച്ചത്. തനിക്ക് എതിരായ നിർണായകമായ തെളിവുകൾ കോടതി മുമ്പാകെ എത്തുന്നത് തടയാനാണ് സാക്ഷികളെ വിസ്‌തരിക്കുന്നത് തടയണമെന്ന് ദിലീപ് ആവശ്യപ്പെടുന്നതെന്നും സത്യവാങ്‌മൂലത്തിൽ പറഞ്ഞു.
മഞ്‌ജുവാര്യർ ഉൾപ്പെടെ നാല് സാക്ഷികളെ വീണ്ടും വിസ്‌തരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദിലീപ് തെളിവുകൾ നശിപ്പിച്ചെന്ന് വ്യക്തമാക്കുന്ന ഡിജിറ്റൽ രേഖകളുടെ ആധികാരികത ഉറപ്പാക്കാനാണിത്. ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ അഭിഭാഷകർ ക്രോസ്‌വിസ്‌താരത്തിനായി ദീർഘമായ സമയം എടുത്തിട്ടുണ്ട്. 30 പ്രവൃത്തിദിനത്തിനുള്ളിൽ തെളിവുകൾ സമർപ്പിക്കുന്നത് പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സർക്കാർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ