Actress Attack Case: ദിലീപിന് തിരിച്ചടി; മഞ്ജു വാര്യർ ഉൾപ്പെടെയുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കും

Spread the love


ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. മ‍ഞ്ജു വാര്യർ അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കും. മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിലാണ് സുപ്രീംകോടതിയുടെ നിർദേശം വന്നിരിക്കുന്നത്. പ്രോസിക്യൂഷന്റെ തീരുമാനത്തിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സാക്ഷി വിസ്താരം വേ​ഗത്തിൽ പൂർത്തിയാക്കാനും കോടതി നിർദേശിച്ചു. ഒരു മാസത്തിനകം വിസ്താരം പൂർത്തിയാക്കാനാകുമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. കേസിൽ ഹൽജികൾ പരി​ഗണിക്കുന്നത് മാർച്ച് 24ലേക്ക് മാറ്റി.  

മഞ്ജു വാര്യരെ വിസ്തരിക്കരുതെന്ന് കാണിച്ച് ദിലീപ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. മഞ്ജു വാര്യരെ  വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചിരിക്കുന്ന കാരണങ്ങൾ വ്യാജമാണെന്നാണ് ദിലീപിന്റെ ആരോപണം. കാവ്യ മാധവന്റെ മാതാപിതാക്കാളെ വീണ്ടും വിസ്തരിക്കണമെ ആവശ്യം വിചാരണ നീട്ടി കൊണ്ട് പോകാനാണെന്നും ദിലീപ് സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു.

Also Read: Actress Attack Case: മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കരുതെന്ന ദിലീപിന്റെ സത്യവാങ്മൂലത്തെ എതിർത്ത് സംസ്ഥാന സർക്കാർ

 

എന്നാൽ ദിലീപ് നൽകിയ സത്യവാങ്മൂലത്തെ എതിർത്ത് സംസ്ഥാന സർക്കാർ രം​ഗത്തെത്തിയിരുന്നു. കുറ്റമറ്റരീതിയിൽ വിചാരണയ്ക്കായുള്ള ശ്രമങ്ങളാണ് പ്രോസിക്യൂഷൻ നടത്തുന്നതെന്നും വീണ്ടും വിസ്താരിക്കുന്നതിനായി വിളിച്ച ഏഴ് സാക്ഷികളിൽ മഞ്ജുവാര്യർ ഉൾപ്പെടെ നാല് പേരുടെ വിസ്താരം മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു. രക്ഷപ്പെടുമെന്ന മിഥ്യാ ധാരണയിലാണ് വിചാരണ വേഗത്തിൽ നടത്താൻ ദിലീപ് ആവശ്യപ്പെടുന്നത്. പ്രതികൾ തെളിവുകൾ നശിപ്പിച്ചത് തെളിയിക്കാനുള്ള അവകാശം പ്രോസിക്യൂഷനുണ്ട്. ബാലചന്ദ്രകുമാറിന്റെ വിസ്താരം നീട്ടിക്കൊണ്ടുപോയത് പ്രതിഭാഗമാണെന്നും സംസ്ഥാനം അറിയിച്ചിരുന്നു.

ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും, സഹോദരന്റെയും, സഹോദരിയുടെയും, സഹോദരി ഭർത്താവിന്റെയും ശബ്ദം തിരിച്ച് അറിയുന്നതിനായാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. വോയിസ് ക്ലിപ്പ് സംബന്ധിച്ച ഫൊറൻസിക് റിപ്പോർട്ട് വിചാരണ കോടതിയുടെ പരിഗണനയിലാണ്. ഫെഡറൽ ബാങ്കിൽ ലോക്കർ സംബന്ധിച്ച കാര്യങ്ങൾ അറിയാനാണ് കാവ്യയുടെ അച്ഛൻ മാധവനെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. 

അതേസമയം നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി വേണ്ടി വരുമെന്ന് വിചാരണ കോടതി ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചു. വിചാരണയ്ക്കുള്ള സമയം നീട്ടി ചോദിച്ച് കൊണ്ട് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും വിചാരണ കോടതി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ജാമ്യ ഹർജി നൽകിയിരുന്നു. ഈ ഹർജിയിലാണ് വിചാരണ സമയം ആറ് മാസം കൂടി നീട്ടണമെന്ന് അറിയിച്ചു കൊണ്ടുള്ള റിപ്പോർട്ട് വിചാരണ കോടതി സമർപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!