‘ഗതാഗതമന്ത്രിയുടെ നിലപാട് എൽഡിഎഫ്‌ നയത്തിന്‌ വിരുദ്ധം’: എ കെ ബാലൻ; ‘കെഎസ്‌ആർടിസിയിലെ തീരുമാനം ഏകപക്ഷീയം’

Spread the love


തിരുവനന്തപുരം: കെഎസ്‌ആർടിസിയിലെ തീരുമാനം ഏകപക്ഷീയമാണെന്നും ഗതാഗതമന്ത്രിയുടെ നിലപാട് എൽഡിഎഫ്‌ നയത്തിന്‌ വിരുദ്ധമാണെന്നും സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എ കെ ബാലൻ. ജീവനക്കാരെ മൊത്തം ബാധിക്കുന്ന പ്രശ്‌നത്തില്‍ ഏകപക്ഷീയമായ തീരുമാനം എടുത്തതിന്‌ ശേഷം യൂണിയനുകളുമായി വേണമെങ്കില്‍ ചര്‍ച്ച ചെയ്യാം എന്ന ട്രാന്‍സ്‌പോര്‍ട്‌ മന്ത്രിയുടെ നിലപാട്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നയത്തിന്‌ വിരുദ്ധമാണെന്ന്‌ എ കെ ബാലൻ പ്രസ്‌താവനയിൽ പറഞ്ഞു. ദേശാഭിമാനിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കെഎസ്‌ആര്‍ടിസിയില്‍ ഏറെ കാലമായി നിലനില്‍ക്കുന്ന പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളെ സംബന്ധിച്ച്‌ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലെടുത്ത തീരുമാനങ്ങള്‍ക്ക്‌ വിരുദ്ധമായിട്ടാണ്‌ ഇപ്പോള്‍ മാനേജ്‌മെന്റ്‌ നിലപാട്‌ സ്വീകരിച്ചിട്ടുള്ളതെന്ന് എ കെ ബാലൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ 2022 സെപ്‌തംബര്‍ 5-ാം തീയതി ചര്‍ച്ച ചെയ്‌ത്‌ തീരുമാനിച്ച കാര്യത്തില്‍ എവിടേയും മാസ ശമ്പളം ഘഡുക്കളായി കൊടുക്കാമെന്ന്‌ ബന്ധപ്പെട്ട മന്ത്രിയോ, മാനേജ്‌മെന്റോ പറഞ്ഞിരുന്നില്ല.

സ്ഥാപനത്തിന്റെ പൊതു സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ചും, കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ചും പൂര്‍ണ്ണമായും ബോധ്യമുള്ളവരാണ്‌ തൊഴിലാളികള്‍. ഈ സാമ്പത്തിക പ്രതിസന്ധിയില്‍ മറ്റൊരു സ്ഥാപനത്തിനും ലഭിക്കാത്ത സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്‌. അതുകൊണ്ട്‌ തന്നെ സര്‍ക്കാരിന്റെ എല്ലാ തീരുമാനങ്ങളോടും പൊതുവില്‍ തൊഴിലാളികള്‍ യോജിപ്പ്‌ പ്രകടിപ്പിക്കുന്നു. നിഷേധ നിലപാട്‌ മാനേജ്‌മെന്റ്‌ സ്വീകരിക്കുന്നതിന്‌ മറ്റെന്തോ അജണ്ടയാണുള്ളത്‌. ചില കടലാസ്‌ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നതനുസരിച്ചാണ്‌ സി.ഐ.ടി.യു നേതാക്കളുടെ പേരില്‍ മാനേജ്‌മെന്റ്‌ നടപടി സ്വീകരിച്ചിട്ടുള്ളത്‌.

ഒരു സംഘടനയുടെ സംസ്ഥാന നേതാവ്‌ കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിട്ട്‌ പോലും ആ നേതാവിന്റെ പേരില്‍ നടപടിയെടുക്കുന്നതിന്‌ മാനേജ്‌മെന്റ്‌ വൈമനസ്യം കാണിച്ചത്‌ ഒരു പ്രത്യേക സംഘടനയെ വഴിവിട്ട്‌ സഹായിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌. കെ.എസ്‌.ആര്‍.ടി.സി തൊഴിലാളികളെ മുഴുവന്‍ ഒരു പ്രത്യേക സംഘടനയിലേക്കെത്തിക്കാനുള്ള മാനേജ്‌മെന്റിന്റെ നീക്കം ഈ സര്‍ക്കാര്‍ വന്നതിന്‌ ശേഷം സമര്‍ഥമായി നടക്കുകയാണ്‌. ഇത്‌ സത്യസന്ധമായി മനസ്സിലാക്കാന്‍ ബന്ധപ്പെട്ട മന്ത്രിക്ക്‌ കഴിയണം.

ഇതുപോലെ തന്നെയാണ്‌ കെഎസ്‌ഇബിയില്‍ സ്‌മാര്‍ട്ട്‌ മീറ്റര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട്‌ കേരളത്തിലെ അറിയപ്പെടുന്ന ട്രേഡ്‌ യൂണിയന്‍ നേതാക്കളുടെ സാന്നിദ്ധ്യത്തിലെടുത്ത തീരുമാനത്തിന്‌ വിരുദ്ധമായി സ്‌മാര്‍ട്ട്‌ മീറ്റര്‍ വാങ്ങാനുള്ള ടെന്റര്‍ നടപടികള്‍ ആരംഭിച്ചത്‌. ഇത്‌ മന്ത്രി തലത്തിലെടുത്ത തീരുമാനത്തിന്‌ വിരുദ്ധമാണ്‌. ഒരു പ്രത്യേക യൂണിയന്‍ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി ഒരു ഘട്ടത്തില്‍ കെഎസ്‌ഇബിയിലെ മാനേജ്‌മെന്റ്‌ നടത്തിയ പ്രവര്‍ത്തനത്തെ തൊഴിലാളികള്‍ മൊത്തം ചെറുത്ത്‌ തോല്‍പ്പിച്ചതാണ്‌. പഴയ ശൈലിയിലേക്കാണ്‌ വീണ്ടും പോകുന്നത്‌.

Also Read- ശമ്പളം വന്നാൽ കടം തീർക്കാൻ സുഹൃത്തിനെ ചുമതലപ്പെടുത്തി കെഎസ്ആർടിസി ഡ്രൈവർ ജീവനൊടുക്കി

ബ്യൂറോക്രസിയിലെ ചെറിയൊരു വിഭാഗം മന്ത്രിമാരെ സോപ്പിട്ട്‌ വശത്താക്കുന്നതിന്‌ റസര്‍ച്ച്‌ നടത്തി പ്രഗത്ഭ്യം തെളിയിച്ചവരാണ്‌. അതുകൊണ്ട്‌ തന്നെ ഒന്നാം പിണറായി സര്‍ക്കാരിന്റെ ജനോപകാരപ്രദമായ പല നടപടികളും മുന്നോട്ടുകൊണ്ടുപോകുന്നതില്‍ വലിയ തടസ്സം സൃഷ്‌ടി‌‌ക്കപ്പെടുന്നുണ്ട്‌. ഇതിനെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. തൊഴിലാളികളും, ജീവനക്കാരും സര്‍ക്കാരിനൊപ്പമാണ്‌. ഈ വസ്‌തുത മനസ്സിലാക്കി തെറ്റായ രൂപത്തില്‍ വഴിവിട്ട്‌ ചിന്തിക്കുന്ന ഊദ്യഗസ്ഥവൃന്ദത്തെ നിയന്ത്രിക്കുന്നതിനും, തിരുത്തുന്നതിനും സര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു – എ കെ ബാലൻ പ്രസ്‌താവനയിൽ പറഞ്ഞു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!