മലപ്പുറം: സിഐസി ( കോഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് സംഘടനയുടെ) ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച ഹക്കീം ഫൈസി അദൃശേരിക്കൊപ്പം കൂട്ടരാജി. 118 പേരാണ് ഹക്കീം ഫൈസി അദൃശ്ശേരിക്കൊപ്പം രാജിവെച്ചത്.
തന്റെ രാജി സാദിഖലി ശിഹാബ് തങ്ങളെ സമ്മർദ്ദപ്പെടുത്തി വാങ്ങിയതാണെന്ന് ഹക്കീം ഫൈസി അദൃശേരി പറഞ്ഞു. മലപ്പുറം പാങ്ങ് വഫ കോളേജ് ക്യാമ്പസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഹക്കീം ഫൈസി നിലപാടുകൾ വ്യക്തമാക്കിയത്.
നിയമപരമായി രാജി ആവശ്യപ്പെടേണ്ടത് സിഐസി ജനറൽ ബോഡി ആണെങ്കിലും രാജി കൈമാറിയത് പാണക്കാട് കുടുംബത്തോടുള്ള ബഹുമാനം കൊണ്ടാണെന്ന് ഹക്കീം ഫൈസി അദൃശ്ശേരി പറഞ്ഞു.
“തനിക്കൊപ്പം പ്രവർത്തിച്ചിരുന്ന 118 പേരും രാജി സമർപ്പിക്കുന്നുണ്ട്. സ്ഥാപനങ്ങളുടെ ഭാവി എന്താകുമെന്ന് അറിയില്ല. കുട്ടികളോടും രക്ഷിതാക്കളോടും ഉത്തരവാദിത്വമുള്ളതിനാൽ തൽക്കാലം കാവൽക്കാരൻ എന്ന നിലയിൽ ഉണ്ടാകും” ഹക്കീം ഫൈസി അദൃശ്ശേരി വ്യക്തമാക്കി.
Also Read- സമസ്തയിൽ നിന്ന് പുറത്താക്കപ്പെട്ട ഹക്കീം ഫൈസി ആദൃശ്ശേരി സിഐസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു
നാദാപുരത്ത് സാദിഖലി ശിഹാബ് തങ്ങൾ പങ്കെടുത്ത പരിപാടിയിൽ നിന്ന് തന്നെ വിലക്കി എന്നുള്ള പ്രചരണങ്ങൾ തെറ്റാണെന്നും ഹക്കീം ഫൈസി പറഞ്ഞു.
“നാദാപുരത്തെ പരിപാടിയിൽ ഞാൻ പങ്കെടുക്കുകയില്ല എന്ന് പറയുന്നത് സ്വന്തം വീട്ടിലെ കല്യാണം കൂടില്ല എന്ന് പറയും പോലെ അല്ലേ, അത് സംഘടനയുടെ കീഴിൽ ഉള്ള സ്ഥാപനം ആണ്. വേദി പങ്കിടാൻ പാടില്ല എന്ന തിട്ടൂരം എങ്ങനെ ഉണ്ടായി എന്ന് അറിയില്ല. വിട്ടു നിൽക്കാൻ നിർദേശം കിട്ടിയിട്ടില്ല. സാദിഖലി തങ്ങൾ പെരുമാറിയത് സ്വാഭാവികമായി ആണ്”. അദ്ദേഹം പറഞ്ഞു.
സമസ്തയല്ല, സമസ്തയിലെ പഴഞ്ചൻ സമീപനമുള്ള ചില വ്യക്തികളാണ് പ്രശ്നത്തിന് പിന്നിൽ. ഇവർ തന്റെ രാജിക്കു വേണ്ടി സാദിഖലി ശിഹാബ് തങ്ങളെ സമ്മർദ്ദത്തിലാക്കി. വകതിരിവ് ഇല്ലാതെ, തനിക്ക് എതിരെ ആരോപണം ഉന്നയിച്ചവർ തന്നെ കേൾക്കാൻ ശ്രമിച്ചില്ല. താൻ കലാപ ആഹ്വാനം നടത്തിയെന്നും ആദർശ വ്യതിയാനം സംഭവിച്ചു എന്നും പ്രചരിപ്പിച്ചവർ തന്നെ കേട്ടിട്ടില്ലെന്നും ഹക്കീം ഫൈസി അദൃശ്ശേരി ആരോപിച്ചു.
തൻറെ രാജി പൂർണ്ണമനസ്സോടെ അല്ല. സാദിഖലി ശിഹാബ് തങ്ങൾ രാജി ആവശ്യപ്പെട്ടത് സമ്മർദത്തിന് വഴങ്ങിയാണ്. സമ്മർദ്ദത്തിൽ ആണെന്ന് സാദിഖലി ശിഹാബ് തങ്ങൾ തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. മുസ്ലിംലീഗ് രാഷ്ട്രീയകക്ഷി എന്ന രീതിയിൽ പ്രശ്നത്തിൽ ഇടപെട്ടിട്ടില്ലെങ്കിലും പല ലീഗ് നേതാക്കളും വ്യക്തിപരമായിട്ട് പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പാണക്കാട് ചേർന്ന യോഗം അതിന്റെ തുടർച്ചയാണ്.
രാജി വാങ്ങിയതിനെ നിയമപരമായി നേരിടാം എങ്കിലും അങ്ങനെ ചെയ്യുന്നില്ലെന്നും മാതൃ സംഘടനയായ സമസ്തയെ എതിർത്തു പോകാൻ ആകില്ല എന്നും ഹക്കീം ഫൈസി അദൃശേരി പറഞ്ഞു. രാജിവെച്ചു എങ്കിലും പ്രവർത്തങ്ങളുമായി മുന്നോട്ടുപോയി സിഐസി ജനറൽ ബോഡി വിളിച്ച് ചേർത്തു തിരികെ എത്തുക ആണ് ഹക്കീം ഫൈസി യുടെ നിലവിലെ ഉദ്ദേശം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.