മണ്ണുത്തി–പാലക്കാട്‌ ദേശീയപാത ; നിർമാണം വേഗത്തിലാക്കിയത്‌ എൽഡിഎഫ്‌ സർക്കാർ ; പച്ചക്കള്ളം 
പ്രചരിപ്പിച്ച്‌ മനോരമ

Spread the love




തൃശൂർ

മണ്ണുത്തി–- പാലക്കാട്‌ ദേശീയപാത നിർമാണം   വൈകിയതിനുകാരണം  എൽഡിഎഫ്‌ സർക്കാരും സിപിഐ എമ്മും ആണെന്ന മലയാള മനോരമ വാർത്ത പച്ചക്കള്ളം. പാതനിർമാണം പൂർത്തീകരിക്കാൻ ആവശ്യമായ  നടപടികൾ കൃത്യതയോടെ നിർവഹിച്ച വി എസ്‌ സർക്കാരിന്റെയും പിന്നീട്‌ അധികാരത്തിൽവന്ന പിണറായി വിജയൻ സർക്കാരിന്റെയും ഇടപെടലുകൾ മറച്ചുവച്ചാണ്‌ മുഖ്യമന്ത്രിയേയും സിപിഐ എമ്മിനേയും അപഹസിക്കുന്നതരത്തിൽ മനോരമ കള്ളവാർത്ത പടച്ചുവിട്ടത്‌.

2004–-05ലാണ്‌ ദേശീയപാത വീതികൂട്ടി നവീകരിക്കാൻ നടപടിയാരംഭിച്ചത്‌.  ഭൂമി ഏറ്റെടുക്കലിനുള്ള ഫണ്ട്‌ ദേശീയപാത അധികാരികൾ അനുവദിച്ചത്‌ 2009ലാണ്‌. വി എസ്‌ സർക്കാരിന്റെ കാലത്ത്‌ ഭൂമി ഏറ്റെടുക്കൽ നടപടിക്രമം വേഗത്തിലാക്കി 2011ൽ അർഹതപ്പെട്ടവർക്ക്‌ തുക കൈമാറി. നിർമാണം തുടങ്ങിയതിന്‌ പിന്നാലെയാണ്‌ ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽവന്നത്‌. ഇതോടെ, നിർമാണം ഇഴയാൻ തുടങ്ങി. 2013ൽ പൂർത്തീകരിക്കേണ്ട പാതയുടെ നിർമാണം തുടങ്ങിയതുതന്നെ ഇതേവർഷമാണ്‌. ദേശീയപാത അധികാരികൾ അനുബന്ധ സൗകര്യങ്ങളും അനുവദിച്ച ഫണ്ടും നൽകാൻ വൈകിയതോടെ, ഹൈദരാബാദ്‌ ആസ്ഥാനമായ കരാർ കമ്പനി കെഎംസി ട്രിച്ചൂർ എക്സ്പ്രസ് വേ പ്രൈവറ്റ് ലിമിറ്റഡ് നിർമാണം വഴിയിലിട്ട്‌ പോയി.

തുടർന്ന്‌ 2016ൽ പിണറായിസർക്കാർ അധികാരത്തിൽ എത്തിയതോടെയാണ്‌ നിർമാണത്തിന്‌ വേഗം കൈവരിച്ചത്‌. ആറു ബാങ്കുകളുടെ കൺസോർഷ്യം പാതനിർമാണത്തിന് ഉപാധികളോടെ വായ്പ നൽകാൻ തയ്യാറായി. എന്നിട്ടും നിർമാണം പൂർത്തീകരിക്കാൻ കരാർ കമ്പനിക്കാർ നടപടിസ്വീകരിക്കാതായതോടെ അന്നത്തെ പൊതുമരാമത്ത്‌ മന്ത്രി ജി സുധാകരൻ നേരിട്ടെത്തി കരാറുകാരന്‌ ശക്തമായി താക്കീത്‌ നൽകി. തുടർന്നാണ്‌ നിർമാണപ്രവർത്തനം  വേഗത്തിലാക്കിയത്‌.

ദേശീയപാതയിലെ ഇരട്ട തുരങ്കപാത വൈകാൻ ഇടയായതിന്‌ പ്രധാനകാരണം കേന്ദ്രസർക്കാർ വനംവകുപ്പിന്റെ ക്ലിയറൻസ്‌ വൈകിപ്പിച്ചതാണ്‌. ഈ അനുമതി ലഭിച്ചതിനെത്തുടർന്ന്‌ പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌, മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ, കെ രാജൻ, ഡോ. ആർ ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ കലക്ടർ എസ്‌ ഷാനവാസിനെ സ്‌പെഷ്യൽ ഉദ്യോഗസ്ഥനായി നിയമിച്ചാണ്‌ തുരങ്കപാത നിർമാണം പൂർത്തീകരിച്ചത്‌.

നവീകരിച്ച ഈ പാത ന്യൂയോർക്കിലെ റോഡിനേക്കാൾ മികച്ച പാതയാണെന്ന്‌, തന്നെ കാണാനെത്തിയ അമേരിക്കൻ മലയാളി പറഞ്ഞതായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിൽ വിറളിപൂണ്ടാണ്‌ ദേശീയപാത യാഥാർഥ്യമാക്കിയ എൽഡിഎഫ്‌ സർക്കാരിനെതിരെ  മനോരമ കളവായ വാർത്ത പടച്ചുവിട്ടത്‌.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!