തിരുവനന്തപുരം: വന്ദേഭാരതിനെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. എന്നാല്‍ പ്രതിദിനം നൂറിലേറെ സർവീസ് നടത്തുന്ന സിൽവർ ലൈനും വിരലിലെണ്ണാവുന്ന സർവീസ് നടത്തുന്ന വന്ദേ ഭാരതുമായി പകരം വയ്ക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
വന്ദേഭാരത് എക്‌സ്പ്രസിന്റെ വേഗതയുടെ കാര്യത്തിലെ ആശങ്കകളും സില്‍വര്‍ ലൈന്‍ വേണമെന്ന് പറയുന്നതിലെ ആവശ്യകതയും അദ്ദേഹം പങ്കുവെച്ചു.വന്ദേഭാരത് ഇന്ന് നടത്തിയ പരീക്ഷണയാത്രയില്‍ തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്കെത്താന്‍ ഏഴ് മണിക്കൂറും പത്ത് മിനിറ്റുമാണെടുത്തത്. രാജധാനിയോടും ജനശതാബ്ദിയോടും താരതമ്യം ചെയ്യാവുന്ന സമയമാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ട്രെയിന്‍ പുറപ്പെടുവാനും വരുവാനും പ്ലാറ്റ് ഫോമുകളുടെ എണ്ണം കുറവാണെന്ന് പറഞ്ഞ ശിവൻകുട്ടി, സില്‍വര്‍ ലൈന്‍ ഒരു ബദലാണ് മുന്നോട്ട് വെക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.
കുറിപ്പിന്റെ പൂർണരൂപം
വന്ദേഭാരതിനെ സ്വാഗതം ചെയ്യുന്നു…
വന്ദേഭാരത് ട്രെയിൻ വേഗതയിലും സുരക്ഷയിലും യാത്രാ സുഖത്തിനും മുന്തിയ പരിഗണന നൽകിയിട്ടുള്ള ട്രെയിൻ ആണെങ്കിലും കേരളത്തിലെ റയിൽവേ ട്രാക്കിലെ നിർമ്മാണ രീതിയുടെ അടിസ്ഥാനത്തിൽ ഉദ്ദേശിച്ച വേഗത ലഭിക്കില്ല. കേരളത്തിന്റെ ട്രാക്കിന്റെ വേഗക്ഷേമത കൂട്ടാതെ യാത്രയ്ക്ക് വലിയ സമയലാഭം ഉണ്ടാകാൻ സാധ്യതയില്ല.
വന്ദേഭാരതിന്റെ പരമാവധി വേഗത എന്ന് നിശ്ചയിച്ചിരിക്കുന്നത് മണിക്കൂറിൽ 160 കിലോമീറ്ററാണ്. എന്നാൽ ശരാശരി 110 – 130 കിലോമീറ്റർ വേഗതയിലാണ് മണിക്കൂറിൽ ഇത് ഓടുന്നത്.
കേരളത്തിൽ നിലവിലെ സാഹചര്യത്തിൽ ട്രെയിൻ ഓടിക്കൊണ്ടിരിക്കുന്ന പരമാവധി വേഗത:-
തിരുവനന്തപുരം – കായംകുളം – 100 കിലോമീറ്റർ
കായംകുളം – ആലപ്പുഴ – തുറവൂർ –
90 കിലോമീറ്റർ
തുറവൂർ – എറണാകുളം – 80 കിലോമീറ്റർ
കായംകുളം – കോട്ടയം – എറണാകുളം – 90 കിലോമീറ്റർ
എറണാകുളം – ഷൊർണ്ണൂർ – 80 കിലോമീറ്റർ
ഷൊർണ്ണൂർ – പാലക്കാട് – 110 കിലോമീറ്റർ
ഷൊർണ്ണൂർ – മംഗലാപുരം – 110 കിലോമീറ്റർ എന്നിങ്ങനെയാണ്.
Also Read- ‘വന്ദേഭാരത് വൈകാൻ കാരണം ബിജെപി; അവർ ഇതിന് മറുപടി പറഞ്ഞേ പറ്റൂ’: എ.എ. റഹീം
വന്ദേഭാരതിന് അനുവദിച്ചിരിക്കുന്ന പരമാവധി വേഗതയുടെ ഗുണം കേരളത്തിന് ലഭിക്കാതിരിക്കാനുള്ള പ്രധാന കാരണം ട്രാക്കിന്റെ പരമാവധി വേഗക്ഷമത മണിക്കൂറിൽ 80 മുതൽ 110 കിലോമീറ്റർ ആയി നിജപ്പെടുത്തിയതുകൊണ്ടാണ്. ട്രാക്കിൽ വിവിധ സ്ഥലങ്ങളിൽ അനുവദിച്ചിരിക്കുന്ന സ്ഥിരമായ വേഗതാ നിർദ്ദേശം അനുസരിച്ച് ട്രെയിൻ ഓടുമ്പോൾ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ശരാശരി വേഗത മണിക്കൂറിൽ 50 മുതൽ 70 വരെ മാത്രമാണ്.
യാത്രാ സമയം കുറച്ച്, സമയം ലാഭിക്കാൻ ഹൈസ്പീഡ് ട്രാക്ക് കേരളത്തിൽ പുതുതായി ഉണ്ടാക്കേണ്ട സാഹചര്യമുണ്ട്. സുരക്ഷിത കോച്ചുകളും അതിലുള്ള യാത്രയും സൗകര്യങ്ങളും കേരളത്തിലെ ജനങ്ങൾക്കും അവകാശപ്പെട്ടതാണ്. ഡിസൈനിംഗിൽ പൊതുമേഖലയിൽ (റെയിൽവേയ്ക്ക് കീഴിലുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറി) തുടങ്ങി സ്വകാര്യ കമ്പനികളിൽ എത്തി നിൽക്കുന്നു വന്ദേ ഭാരതിന്റെ ചരിത്രം,ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ വളരെ കുറച്ചു കോച്ചുകൾ മാത്രം നിർമ്മിച്ചാൽ മതിയെന്നാണ് കേന്ദ്ര നിർദ്ദേശം.
കേരളത്തെ റെയിൽവേ തഴഞ്ഞ ചരിത്രം
ആവി എഞ്ചിൻ ആയിരുന്ന കാലത്ത് മീറ്റർ ഗേജിൽ മണിക്കൂറിൽ 45 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ഓടുന്ന പാളങ്ങളായിരുന്നു ഉണ്ടായിരുന്നത്.വളവുകളും കയറ്റവും ഇറക്കവും ഉള്ള റെയിൽപ്പാത ആയിരുന്നു അത്.പിന്നീട് ഡീസൽ എഞ്ചിൻ വന്നപ്പോൾ പരമാവധി മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയുള്ള സിംഗിൾ ലെയിൻ ബ്രോഡ്ഗേജ് വന്നപ്പോഴും വളവുകൾ കുറച്ചില്ല, മാറ്റം വരുത്തിയില്ല.
Also Read- തള്ളുകൾക്കപ്പുറം വന്ദേ ഭാരത് കണ്ണൂരിൽ എത്താന്‍ ജനശതാബ്ദിയേക്കാള്‍ ലാഭം എത്ര
അടുത്ത വികസനമായ ഡബിൾ ലെയിൻ വന്നപ്പോഴും വേഗത കൂട്ടാനുള്ള നടപടികൾ ഉണ്ടായില്ല.1990 നു ശേഷം പണി നടത്തിയ സ്ഥലങ്ങളിലാണ് വേണ്ട മാറ്റങ്ങൾ നടത്തി വേഗത മണിക്കൂറിൽ
100 ഉം 110 ഉം ഒക്കെ ആക്കിയത്. കേരളത്തിലെ നിലവിലുള്ള ട്രാക്ക് കപ്പാസിറ്റി 100 ശതമാനത്തിൽ കൂടുതലാണ്. അതിനാൽ പുതിയ ട്രെയിനുകൾ ഓടിക്കുന്നത് ബുദ്ധിമുട്ടാകും. ഒപ്പം തന്നെ ട്രാക്ക് കപ്പാസിറ്റി കൂടിയാൽ ട്രാക്ക് മെയിന്റനൻസ് നടത്താനുള്ള സമയവും പരിമിതമാകും.
തിരുവനന്തപുരം, എറണാകുളം സ്റ്റേഷനുകൾ അടക്കം ട്രെയിൻ പുറപ്പെടുവാനും വരുവാനും പ്ലാറ്റ് ഫോമുകളുടെ എണ്ണം കുറവാണ്.
കോച്ചുകൾ സ്റ്റേബിൾ ചെയ്യാൻ സ്പെയർ ട്രാക്ക് ഇല്ല. ഇതെല്ലാം ട്രെയിനുകളുടെ വേഗത, കൃത്യത എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു.
പുതിയ അതിവേഗ ട്രാക്കിന്റെ സാധ്യതകൾ:
വേഗത കൂടണമെങ്കിൽ നിലവിലുള്ള ട്രാക്ക് രണ്ട് വർഷം കുറഞ്ഞത് അടച്ചിട്ട് പുതിയ സർവ്വെ പ്രകാരം ട്രാക്ക് ഉണ്ടാക്കണം എന്നാണ് അനുമാനം. അത്തരത്തിലുള്ള ഒരു സർവ്വെയുടെ പ്രാരംഭ പ്രവർത്തനം പോലും റെയിൽവേ നടത്തിയിട്ടില്ല എന്നതാണ് സാഹചര്യം.
അൽപം വിദേശ യാഥാർഥ്യം :
ലോകത്തെ ഏറ്റവും വേഗതയിൽ ഓടുന്ന ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 574 കിലോമീറ്ററിന് മുകളിൽ ആണ്.
എന്തുകൊണ്ട് സിൽവർ ലൈൻ വേണം?
നിലവിലെ സാഹചര്യത്തിൽ റെയിൽവേ ട്രാക്ക് അടക്കം പണി കഴിഞ്ഞു വരണമെങ്കിൽ 10 മുതൽ 15 വർഷം വരെ എടുക്കും. നിലവിലുള്ളതും 50 വർഷം മുന്നിൽ കണ്ടുള്ളതുമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് വേണം ട്രാക്ക് പണിയാൻ.
ഇവിടെയാണ് സിൽവർ ലെയിൻ പദ്ധതിയുടെ പ്രസക്തി.സിൽവർ ഒരു ട്രെയിനോ ഒന്നിലധികം ട്രെയിനുകളുടെ ഗതാഗതമോ മാത്രമല്ല വിഭാവനം ചെയ്യുന്നത്.അത് അതിവേഗ ട്രെയിൻ യാത്രയെ മൊത്തം അഭിസംബോധന ചെയ്യുന്ന പദ്ധതിയാണ്. ജനങ്ങളുടെ ഭാവിയ്ക്ക് വേണ്ടി, കേരള വികസനത്തിന് വേണ്ടി, വികസിത രാജ്യങ്ങളിലെ ഗതാഗതത്തോട് കിട പിടിക്കാൻ, യാത്രാ സമയം എത്ര ലാഭിക്കാൻ ആകുമോ അത്രയും ലാഭിക്കാനാകണം. അതിന് സിൽവർ ലെയിൻ പോലുള്ള പദ്ധതികൾ അനിവാര്യമാണ്.
വന്ദേഭാരത് ഇന്ന് നടത്തിയ ടെസ്റ്റ് റണ്ണിൽ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിൽ ഓടിയെത്താൻ ഏഴുമണിക്കൂറും പത്ത് മിനിറ്റുമാണ് എടുത്തത്. അതായത് ജനശതാബ്ദിയോടും രാജധാനിയോടും താരതമ്യം ചെയ്യാവുന്ന സമയം എന്ന് മാത്രം.
എന്നാൽ സിൽവർ ലൈൻ ഒരു ബദലാണ് മുന്നോട്ട് വയ്ക്കുന്നത്. അതൊരു സെമി സ്പീഡ് റെയിൽവേ ലൈൻ ആണ്. തിരുവനന്തപുരത്തുനിന്ന് കാസർകോടും തിരിച്ചും ട്രെയിനുകൾ ഇടതടവില്ലാതെ ഓടും. അത് റോഡ് ഗതാഗതത്തിൽ ഉണ്ടാക്കുന്ന വ്യത്യാസം ഒന്ന് ആലോചിച്ചു നോക്കൂ. ഇന്ന് ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളിൽ ഹൈ-സ്പീഡ്, സെമി ഹൈ-സ്പീഡ് റെയിൽവേ സിസ്റ്റങ്ങൾ നിർമാണത്തിലാണ്. അവിടൊന്നും കേരളത്തിൽ ഉണ്ടായ പോലെ അക്രമസമരങ്ങൾ നടക്കുന്നില്ല. നാടിന്റെ വികസനത്തെ എല്ലാവരും ഒത്തു ചേർന്ന് വരവേൽക്കുകയാണ്.
പ്രതിദിനം നൂറിലേറെ സർവീസ് നടത്തുന്ന സിൽവർ ലൈനിനെ പ്രതിദിനം വിരലിൽ എണ്ണാവുന്ന സർവീസ് നടത്തുന്ന വന്ദേ ഭാരതുമായി പകരം വയ്ക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കൽ ആണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.