ദാരിദ്ര്യം തുടച്ചുനീക്കും , മത്സ്യത്തൊഴിലാളികളുടെ വരുമാനം കൂട്ടും ; തീരസദസ്സിന്‌ തുടക്കം

Spread the love



തിരുവനന്തപുരം
സംസ്ഥാനത്ത് ദാരിദ്ര്യം തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 64,000 പരമ ദരിദ്രാവസ്ഥയിൽ കഴിയുന്ന കുടുംബങ്ങളെ സംരക്ഷിക്കാനുള്ള നടപടികൾക്ക് സംസ്ഥാനത്ത് തുടക്കമാകുകയാണ്. ഇത് പൂർത്തിയാകുന്നതോടെ പരമ ദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമാകും കേരളമെന്നും അദ്ദേഹം പറഞ്ഞു. തീരദേശത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനസമക്ഷം എത്തിക്കുന്നതിനുമായി സംസ്ഥാനത്തെ 47 തീരദേശനിയോജക മണ്ഡലങ്ങളിൽ സംഘടിപ്പിക്കുന്ന തീരസദസ്സിന്റെ സംസ്ഥാന ഉദ്ഘാടനം പൊഴിയൂർ സർക്കാർ യുപി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

മത്സ്യത്തൊഴിലാളികളുടെ ക്ഷേമം സർക്കാരിന്റെ കടമയായി ഏറ്റെടുക്കും. മത്സ്യത്തൊഴിലാളികളുടെ വരുമാനവർധന ഉറപ്പാക്കാൻ നിർമിതബുദ്ധി ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ വിവിധ പദ്ധതി നടപ്പാക്കും. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടൽ മത്സ്യബന്ധനം നടത്തുന്നതിന് പ്രാപ്തരാക്കും. ഇതിന് ഒന്നരക്കോടി രൂപവരെ ചെലവുവരുന്ന ആധുനിക ബോട്ടുകൾ നൽകും. അടുത്തമാസം ഇത്തരത്തിലുള്ള അഞ്ചെണ്ണം പുറത്തിറക്കും. സംസ്ഥാനത്തെ 51 മാർക്കറ്റുകൂടി 138 കോടി രൂപ ചെലവഴിച്ച് ആധുനികവൽക്കരിക്കും.

തീരത്തിന്റെ ആകെ വികസനം സാധ്യമാക്കാനുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. എണ്ണായിരത്തിലേറെ കുടുംബം പുനർ​ഗേഹം പദ്ധതിപ്രകാരമുള്ള വീടുകളിലേക്കും ഫ്ലാറ്റുകളിലേക്കും മാറാൻ സന്നദ്ധരായിട്ടുണ്ട്. 2016 ഭവനം പൂർത്തിയാക്കി. വിവിധ ഇടത്തായി ആകെ 390 ഫ്ലാറ്റ് പൂർത്തിയാക്കി. കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യവും ഉറപ്പാക്കി. 2016നു ശേഷം 200 കോടിയിലധികം രൂപയാണ് ഈ ഇനത്തിൽ ചെലവഴിച്ചത്. പ്രതികൂല കാലാവസ്ഥ കാരണമുള്ള തൊഴിൽ നഷ്ടത്തിന് 36 കോടി രൂപ ധനസഹായം നൽകി. 2021ലെ കാലവർഷ തൊഴിൽ നഷ്ടവുമായി ബന്ധപ്പെട്ട് 48 കോടി രൂപ നൽകിയത് 1,60,000 കുടുംബത്തിന് പ്രയോജനപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എങ്ങും പുഞ്ചിരി വിടരും: മുഖ്യമന്ത്രി
അതിജീവനത്തിനായി കഷ്ടപ്പെടുന്നവർക്ക് കരുതലൊരുക്കുന്നതുവഴി ഏവർക്കും സന്തോഷത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുങ്ങുമെന്നും എവിടെയും പുഞ്ചിരി വിടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ച് നീക്കുകയെന്നതാണ് ‘അതിദാരിദ്ര്യമുക്ത കേരളം’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

വീടില്ലാത്തവരും ഭൂമിയും വീടുമില്ലാത്തവരുമായ അതിദരിദ്രർക്ക്, ലൈഫ് പട്ടികയിൽ മുൻഗണന നൽകി സർക്കാർ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 11,340 പേർക്കാണ് ഇതിലൂടെ വീടെന്ന സ്വപ്നം സാക്ഷാൽക്കരിക്കപ്പെടുക. ‘അവകാശം അതിവേഗം യജ്ഞത്തിലൂടെ’ അടിസ്ഥാന അവകാശ രേഖകൾ നൽകും. അടിസ്ഥാന സൗകര്യം, പഠന സൗകര്യം, ചികിത്സാ സൗകര്യം, ഭക്ഷണം ഉറപ്പാക്കൽ, പുനരധിവാസം എന്നിങ്ങനെ എല്ലാതലത്തിലും സർക്കാർ കൈത്താങ്ങുറപ്പാക്കുന്നതാണ് പദ്ധതിയെന്നും മുഖ്യമന്ത്രി കുറിച്ചു.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!