ജയ്‌പുർ
യശസ്വി ജയ്‌സ്വാളിന്റെ ബാറ്റ് രാജസ്ഥാൻ റോയൽസിനെ കാത്തു. 43 പന്തിൽ 77 റണ്ണെടുത്ത ഇരുപത്തൊന്നുകാരൻ ചെന്നൈ സൂപ്പർ കിങ്സിനെതിരെ മികച്ച സ്‌കോർ സമ്മാനിച്ചു. എട്ട് ഫോറും നാല് സിക്‌സറും പറത്തിയ ഉത്തർപ്രദേശുകാരന്റെ ഉയർന്ന ഐപിഎൽ സ്‌കോറാണ്. ഈ സ്‌കോർ പിന്തുടരാനാകാതെ ചെന്നൈ അവസാനിപ്പിച്ചു. രാജസ്ഥാന് 32 റൺ ജയം.
സ്‌കോർ: രാജസ്ഥാൻ 5–-202, ചെന്നൈ 6–-170
കുൽദീപ് യാദവ് എറിഞ്ഞ അവസാന ഓവറിൽ ചെന്നൈയ്‌ക്ക് ജയിക്കാൻ 37 റൺ വേണ്ടിയിരുന്നു. നാല് റണ്ണേ നേടാനായുള്ളൂ. അവസാന പന്തിൽ പുറത്തായ ശിവം ദുബെ (33 പന്തിൽ 52) പൊരുതിയെങ്കിലും ലക്ഷ്യം നേടാനായില്ല. രവീന്ദ്ര ജഡേജ 15 പന്തിൽ 23 റണ്ണുമായി പുറത്താകാതെനിന്നു. ഓപ്പണർ ഋതുരാജ് ഗെയ്‌ക്ക്‌വാദ് 47 റൺ നേടി. ഡെവൻ കോൺവെ (8), അജിൻക്യ രഹാനെ (15), അമ്പാട്ടി റായ്‌ഡു (0), മൊയീൻ അലി (23) എന്നിവർ പുറത്തായി. രാജസ്ഥാനുവേണ്ടി സ്‌പിന്നർ ആദം സാമ്പ മൂന്ന് വിക്കറ്റെടുത്തു. ആർ അശ്വിന് രണ്ട് വിക്കറ്റുണ്ട്. കുൽദീപ് യാദവ് ഒരു വിക്കറ്റ് നേടി.
വമ്പൻമാരുടെ പോരിൽ ടോസ് നേടിയ രാജസ്ഥാൻ ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ജോസ് ബട്‌ലറെ സാക്ഷിയാക്കി യശസ്വി ബൗളർമാരെ കടന്നാക്രമിച്ചു. റണ്ണൊഴുക്ക് തടയാൻ ചെന്നൈ ക്യാപ്‌റ്റൻ മഹേന്ദ്രസിങ് ധോണി സ്‌പിന്നർമാരെ കൊണ്ടുവന്നു. ഒമ്പതാംഓവറിൽ ബട്‌ലർ വീണു. രവീന്ദ്ര ജഡേജയെ ഉയർത്തിയടിച്ച ഇംഗ്ലീഷ് ഓപ്പണറെ ശിവം ദുബെ പിടികൂടി. നാല് ഫോറിന്റെ പിന്തുണയിൽ 21 പന്തിൽ 27 റൺ. ആദ്യ വിക്കറ്റ് വീണത് 86 റണ്ണിന്. പകരംവന്ന ക്യാപ്‌റ്റൻ സഞ്‌ജു സാംസണ് താളം കണ്ടെത്താൻ കഴിഞ്ഞില്ല.
പത്ത് ഓവറിൽ ഒരു വിക്കറ്റിന് 100 റണ്ണായിരുന്ന സ്‌കോർ 15 ഓവറിൽ മൂന്നിന് 139 ആയി. പേസർ തുഷാർ പാണ്ഡെയുടെ 14–-ാംഓവർ നിർണായകമായി. ഏഴ് റൺ വഴങ്ങി രണ്ട് വിക്കറ്റെടുത്തു. 17 പന്തിൽ 17 റണ്ണുമായി സഞ്‌ജു മടങ്ങി. ക്ഷമകെട്ട് അടിച്ച സഞ്‌ജുവിനെ ഋതുരാജ് ഗെയ്‌ക്ക്‌വാദ് പിടിച്ചു. ആ ഓവറിൽ ജയ്‌സ്വാളിനെയും പുറത്താക്കി ചെന്നൈ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. അജിൻക്യ രഹാനെയാണ് പിടികൂടിയത്. ഷിമ്രോൺ ഹെറ്റ്‌മെയർക്കും (10 പന്തിൽ 8) കൂറ്റൻ അടി സാധ്യമായില്ല.
അവസാന ഓവറുകളിൽ ധ്രുവ് ജുറലും ദേവ്‌ദത്ത് പടിക്കലും ആഞ്ഞടിച്ചു. ജുറൽ 15 പന്തിൽ 34 റണ്ണെടുത്ത് പുറത്തായി. പടിക്കൽ 13 പന്തിൽ അഞ്ച് ഫോറുമായി പുറത്താകാതെ 27 റണ്ണെടുത്തു. രാജസ്ഥാൻ അവസാന മൂന്ന് ഓവറിൽ നേടിയത് 49 റൺ. ഇരുടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോൾ രാജസ്ഥാൻ മൂന്ന് റണ്ണിന് ജയിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ