പെരുമ്പാവൂർ > സ്‌ത്രീപീഡനക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ സംരക്ഷിക്കുന്ന പാർടി നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസിൽ പ്രതിഷേധം ശക്തം. എംഎൽഎക്ക് പിന്തുണ നൽകാൻ ചേർന്ന യോഗം തടസ്സപ്പെടുത്തിയ യൂത്ത് കോൺഗ്രസുകാർക്ക് ഡിസിസി വിശദീകരണ നോട്ടീസ് നൽകിയതോടെ പ്രതിഷേധം രൂക്ഷമായി.
എൽദോസിനെ പിന്തുണയ്ക്കാൻ കോൺഗ്രസിലെ ഒരു വിഭാഗമാണ് യോഗം ചേർന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോളിന്റെ നേതൃത്വത്തിൽ ഇന്ദിരാഭവനിൽ ചേർന്ന യോഗം അലങ്കോലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹിയോടും ബ്ലോക്ക് ഭാരവാഹിയോടുമാണ് ഡിസിസി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. കുന്നപ്പിള്ളിയെ അനുകൂലിക്കുന്ന നേതാക്കൾ ഒപ്പുശേഖരിച്ച് ഡിസിസിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണ നോട്ടീസ്.
അതിനിടെ ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളിലേക്ക് കുന്നപ്പിള്ളി പുതുതായി നോമിനേറ്റ് ചെയ്തവരും ചില ബ്ലോക്ക്, മണ്ഡലം ഭാരവാഹികളും ഒരു വനിതാ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ രഹസ്യയോഗം ചേർന്നത് എതിർവിഭാഗം വിവാദമാക്കിയിട്ടുണ്ട്. കെപിസിസിയുടെ നിർദേശം ലംഘിച്ച് നടത്തിയ രഹസ്യയോഗത്തിനെതിരെ നടപടി വേണമെന്നാണ് അവർ വാദിക്കുന്നത്. സ്ത്രീപീഡന പരാതി ഉയർന്നശേഷം എംഎൽഎ മണ്ഡലത്തിൽ കാലുകുത്തിയിട്ടില്ല. അതാണ് യൂത്ത് കോൺഗ്രസിൽ പ്രതിഷേധത്തിന് ഇടയാക്കിയത്. വേനൽ കനത്തതോടെ പഞ്ചയത്തുകളിൽ കുടിവെള്ളക്ഷാമം തുടങ്ങി. രായമംഗലം പഞ്ചായത്തിലാണ് ഇത് ഏറ്റവും രൂക്ഷം. അവിടെ ടാങ്കർലോറികളിൽ കുടിവെള്ളമെത്തിക്കാൻപോലും എംഎൽഎ ഒന്നും ചെയ്‌തിട്ടില്ല. കനാൽവെള്ളം തുറന്നുവിടാനും ഇടപെട്ടിട്ടില്ല. ഇതും യൂത്ത് കോൺഗ്രസിൽ എതിർപ്പിനിടയാക്കിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ