മുംബൈ > കേരളത്തിന്റെ മതസൗഹാർദവും മാനവികതയും വിളിച്ചോതുന്ന വീഡിയോ പങ്കുവെച്ചതിനു പിന്നാലെ പ്രശസ്‌ത സംഗീതജ്ഞൻ എ ആർ റഹ്മാനെതിരെ സംഘപരിവാർ സൈബർ ആക്രമണം. ജാതിയും മതവും നോക്കാതെ സഹകരിക്കുന്നവരാണ് മലയാളികള്‍ എന്ന് തെളിയിച്ച ആലപ്പുഴയിലെ അഞ്ജുവിന്‍റെയും ശരത്തിന്‍റെയും കല്ല്യാണമാണ് റഹ്മാന്‍ ട്വിറ്ററിലൂടെ ലോകത്തിന് മുന്നില്‍ എത്തിച്ചത്. ദി കേരള സ്റ്റോറി എന്ന സിനിമവഴി മതനിരപേക്ഷതയെ അവഹേളിക്കുന്ന പ്രചരണം സംഘപരിവാർ നടത്തുമ്പോഴാണ് റഹ്മാന്റെ തുറന്ന പ്രതികരണം. എന്നാൽ ഇതിനുപിന്നാലെ കടുത്തഭാഷയിലാണ് സംഘപരിവാർ അനുകൂലികൾ സോഷ്യൽമീഡിയയിൽ റഹ്മാനെതിരെ പ്രചരണം നടത്തുന്നത്.
റഹ്മാൻ ജിഹാദിയാണെന്നും, ദി കേരള സ്റ്റോറി എന്ന സിനിമയും റഹ്മാന്റെ ജീവിതവും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും സംഘപരിവാർ ആക്ഷേപിക്കുന്നു. കൂടാതെ കേരളത്തിൽ നിന്ന് മതപരിവർത്തനം നടത്തി ഐഎസിലേക്ക് പോയെന്ന പേരിൽ കള്ളക്കണക്കുകളും ഇവർ സോഷ്യൽമീഡിയയിൽ നിറയ്ക്കുന്നുണ്ട്.
സുദീപ്തോ സെൻ സംവിധാനം ചെയ്യുന്ന ആർഎസ്എസ് പ്രൊപ്പഗാണ്ട സിനിമയായ ദി കേരള സ്റ്റോറി ഏറെ ചർച്ചയായിരിക്കെയായിരുന്നു റഹ്മാന്റെ പ്രതികരണം. റഹ്മാന്‍ പങ്കുവച്ച വീഡിയോയില്‍ നൂറ് കണക്കിനാളുകളാണ് കേരളത്തെയും അഭിനന്ദിച്ച് കമന്‍റുകള്‍ ചെയ്‌തിരിക്കുന്നത്. ഇതാണ് യഥാര്‍ത്ഥ കേരള സ്റ്റോറിയെന്നും നിരവധി പേര്‍ പ്രതികരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ