മുഖമൊന്ന് മിനുക്കി, ADAS ചേർത്തു! ഇത് പുതിയ ഹ്യുണ്ടായി i20

Spread the love


Four Wheelers

oi-Gokul Nair

ഇന്ത്യൻ വിപണിയിലെ പ്രീമിയം ഹാച്ച്ബാക്ക് (Premium Hatchback) വിഭാഗത്തിന് പുതുമുഖം സമ്മാനിച്ച മോഡലാണ് ഹ്യുണ്ടായിയുടെ i20 (Hyundai i20). ഇന്ന് എസ്‌യുവി വാഹനങ്ങൾ അരങ്ങുതകർക്കുന്ന വേളയിലും മികച്ച വിൽപ്പന നേടി മുന്നേറാനും ഈ കൊറിയൻ കാറിനാവുന്നുണ്ട്. 2020-ലാണ് മൂന്നാംതലമുറയിലേക്ക് ഈ മിടുക്കൻ ചേക്കേറുന്നത്.

രണ്ടാം തലമുറയെ അപേക്ഷിച്ച് ലുക്കിന്റെ കാര്യത്തിൽ രണ്ട് അഭിപ്രായമുണ്ടെങ്കിലും ഫീച്ചറുകൾ കുത്തിനിറച്ച് ആളെ കൈയിലെടുക്കാൻ ഹ്യുണ്ടായിക്കായിട്ടുണ്ട്. വിപണിയിലെത്തിയിട്ട് കാലം ഇമ്മിണിയായ സ്ഥിതിക്ക് വാഹനത്തിൽ ചെറിയ മാറ്റങ്ങളെല്ലാം കൊണ്ടുവരാൻ തയാറായിരിക്കുകയാണ് ഹ്യുണ്ടായി. അല്ലേലും കാലത്തിനൊത്ത് കോലം മാറാനും പുതിയ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കാനും ദക്ഷിണ കൊറിയൻ ബ്രാൻഡിനെ കഴിഞ്ഞേ ആളൊള്ളൂ. മുഖം മിനുക്കി i20 പുതിയ മാനങ്ങൾതേടി എത്തുകയാണ് ഹാച്ച്ബാക്ക് ഇപ്പോൾ.

രൂപത്തിലെ അല്ലറചില്ലറ മാറ്റങ്ങൾ മാത്രമല്ല ചില അത്യുഗ്രൻ ഫീച്ചറുകൾ കോർത്തിണക്കിയാണ് ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ രൂപമെടുത്തിരിക്കുന്നത്. ആദ്യം വിദേശ വിപണികളിലേക്കാണ് എത്തുന്നതെങ്കിലും അധികം വൈകാതെ ഇന്ത്യയിലേക്കും വണ്ടിയെത്തും. 2023 ഹ്യുണ്ടായി i20 ഫെയ്‌സ്‌ലിഫ്റ്റിലെ മാറ്റങ്ങളും പരിഷ്ക്കാരങ്ങളും എന്തൊക്കെയുണ്ടെന്ന് അറിയേണ്ടേ ഇനി. ഫ്രണ്ട് ഫാസിയയിൽ സൂക്ഷ്മമായ നവീകരണങ്ങളാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്. ഫ്രണ്ട് ഗ്രില്ലിനും എൽഇഡി ഡിആർഎല്ലുകൾക്കും നേരിയ അപ്‌ഡേറ്റുകൾ ഉണ്ട്. പുതുക്കിയ ബമ്പറും പുതുമ സമ്മാനിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

കൂടാതെ അരികുകളിലേക്ക് റീഡിസൈൻ ചെയ്‌ത എയർ വെന്റുകളും പുതുതാണ്. വശക്കാഴ്ച്ചയിലേക്ക് മാറുമ്പോൾ പുത്തൻ 16 അല്ലെങ്കിൽ 17 ഇഞ്ച് അലോയ് വീലുകളും വേരിയന്റിന് അനുസരിച്ച് ലഭിക്കും. പിൻവശവും മുൻപതിപ്പിന് സമാനമാണ്. ലുമെൻ ഗ്രേ പേൾ, മെറ്റാ ബ്ലൂ പേൾ, ലൂസിഡ് ലൈം മെറ്റാലിക് എന്നിങ്ങനെ പുതിയ കളർ ഓപ്ഷനുകളും പുതിയ 2023 ഹ്യുണ്ടായി i20 ഫെയ്‌സ്‌ലിഫ്റ്റിൽ തെരഞ്ഞെടുക്കാനാവും.

ഇതോടൊപ്പം അറ്റ്ലസ് വൈറ്റ്, അറോറ ഗ്രേ പേൾ, ഫാന്റം ബ്ലാക്ക് പേൾ, ഡ്രാഗൺ റെഡ് പേൾ, കണ്ടൽ ഗ്രീൻ പേൾ എന്നീ കളർ ഓപ്ഷനുകളും കാറിൽ നിലനിർത്തിയിട്ടുണ്ടെന്നാണ് വിവരം. ഈ കളർ വേരിയന്റുകളിൽ ചിലത് ബ്ലാക്ക് റൂഫ് ഓപ്ഷനിലും ലഭ്യമാണ്. അകത്തളത്തിലും കാര്യമായ ചില മാറ്റങ്ങൾ ദക്ഷിണ കൊറിയൻ ബ്രാൻഡ് കൊണ്ടുവന്നിട്ടുണ്ട്. 2023 ഹ്യുണ്ടായി i20 ഫെയ്‌സ്‌ലിഫ്റ്റിന് പരിഷ്‌കരിച്ച ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിച്ചതാണ് അതിലെ പ്രധാന മാറ്റം.

കൂടാതെ ഉപയോക്താക്കൾക്ക് 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്പ്ലേ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഹ്യുണ്ടായി നൽകുന്നുണ്ട്. ഹാച്ചിന് പുതിയ ലൂസിഡ് ലൈം ഇന്റീരിയർ തീമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഈ പ്രത്യേക ഷേഡ് എയർ വെന്റുകൾ, വാതിലുകൾ, സ്റ്റിയറിംഗ് വീൽ, സീറ്റുകൾ, ഗിയർ ലിവർ ഗെയ്റ്റർ എന്നിവയിൽ കോർത്തിണക്കിയതും ശ്രദ്ധേയമാണ്. സുരക്ഷയുടെ കാര്യത്തിലും i20 കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ടെന്നു വേണം പറയാൻ.

ലെയ്ൻ കീപ്പ് അസിസ്റ്റും അപ്‌ഡേറ്റ് ചെയ്‌ത ഫോർവേഡ് കൊളിഷൻ വാണിംഗ് സിസ്റ്റവും പോലുള്ള പുതിയ ADAS സവിശേഷതകളാണ് 2023 ഫെയ്‌സ്‌ലിഫ്റ്റ് മോഡലിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റത്തിൽ ഓപ്ഷണലായി റിയർ ക്രോസ് ട്രാഫിക് കൊളിഷൻ അവോയ്‌ഡൻസും ബ്ലൈൻഡ് സ്പോട്ട് കൊളിഷൻ അവോയ്‌ഡൻസും ഉൾപ്പെടുന്നുണ്ട്. നാവിഗേഷൻ ഡാറ്റയെ അടിസ്ഥാനമാക്കി വാഹനത്തിന്റെ വേഗത ക്രമീകരിക്കാൻ കഴിയുന്ന സ്മാർട്ട് ക്രൂയിസ് കൺട്രോൾ ഓപ്ഷനും പുതിയ ഹ്യുണ്ടായി i20 ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രത്യേകതയാണ്.

നിലവിൽ മാരുതി സുസുക്കി ബലേനോ, ടാറ്റ ആൾട്രോസ് പോലുള്ള എതിരാളുമായാണ് ഹ്യുണ്ടായി i20 ഹാച്ചിന്റെ പ്രധാന മത്സരം. 2022 കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് മോഡൽ എത്തിയിരുന്നു. ഇന്ത്യയിൽ വരാനിരിക്കുന്ന ഈ ഫെയ്‌സ്‌ലിഫ്റ്റ് മാറ്റങ്ങൾ ഹ്യുണ്ടായി i20-ക്ക് പുതുജീവനേകും. അടുത്തിടെ ഡീസൽ എഞ്ചിൻ ഒഴിവാക്കിയത് വാഹനത്തിന് തിരിച്ചടിയായേക്കുമെങ്കിലും ടർബോ പെട്രോൾ എഞ്ചിന്റെ സാന്നിധ്യം ഇപ്പോഴും കരുത്താണ്.

English summary

2023 hyundai i20 facelift unveiled with new features and adas

Story first published: Thursday, May 11, 2023, 11:53 [IST]





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!