‘ഗേറ്റ് പൂട്ടിയത് ഞാനല്ല; ഇന്ന് തുറക്കേണ്ടന്ന് പറഞ്ഞു; കുടിശിക കിട്ടിയ വിവരം അറിയിച്ചില്ല:’ പി.വി ശ്രീനിജന്‍

Spread the love


കൊച്ചിയില്‍ കേരളാ ബ്ലാസ്റ്റേഴ്സ് അണ്ടര്‍ 17 സെലക്ഷന്‍ ട്രയല്‍സ് തടഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി പി.വി ശ്രീനിജന്‍ എംഎല്‍എ. കേരള ബ്ലാസ്റ്റേഴ്സുമായി കരാറുണ്ടെന്നും വാടകയുടെ കുടിശിക കിട്ടിയെന്നുമുള്ള വിവരം സംസ്ഥാന സ്പോർട്സ് കൗൺസില്‍ തന്നെ അറിയിച്ചില്ലെന്ന് ശ്രീനിജിൻ വ്യക്തമാക്കി. ജില്ലാ സ്പോർട്സ് കൗൺസില്‍ പ്രസിഡന്റെന്ന നിലയില്‍ ഇക്കാര്യം തന്നെ അറിയിക്കേണ്ടതായിരുന്നു. സെലക്ഷൻ ട്രയൽസ് നടക്കേണ്ട സ്കൂളിന്റെ ഗേറ്റ് അടച്ചത് താനല്ലെന്നും, ഇന്ന് തുറന്നുകൊടുക്കേണ്ടെന്ന് പറഞ്ഞിരുന്നുവെന്നും ശ്രീനിജിൻ വിശദീകരിച്ചു. സെലക്ഷന്‌ വന്ന താരങ്ങള്‍ ദുരിതത്തിലായെന്ന വാർത്ത കണ്ടാണ് ഗേറ്റ് തുറക്കാൻ നിര്‍ദേശം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

Also Read- വാടക കുടിശിക ആരോപിച്ച് പി.വി ശ്രീനിജന്‍ MLA പൂട്ടിയ ഗ്രൗണ്ട് കൗണ്‍സിലര്‍മാരെത്തി തുറന്നു

‘‘സംസ്ഥാന സ്പോർട്സ് കൗൺസിലുമായി കേരള ബ്ലാസ്റ്റേഴ്സ് കരാറിൽ ഏർപ്പെട്ടെന്ന് ജില്ലാ സ്പോർട്സ് കൗൺസിലിന് ഇതുവരെ ഒരു അറിയിപ്പും വന്നിട്ടില്ല. സ്റ്റേഡിയം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ അധികാര പരിധിയിൽ വരുന്നതാണ്. സംസ്ഥാന സ്പോർട്സ് കൗൺസിലിന് ഏകപക്ഷീയമായി കരാറിൽ ഏർപ്പെടാൻ കഴിയില്ലെന്നാണ് ഞാൻ‌ വിശ്വസിക്കുന്നത്. കാരാറിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ ജില്ലാ സ്പോർട്സ് കൗൺസിലിനെ അറിയിക്കേണ്ടതുണ്ട്. ജില്ലാ സ്പോർട്സ് കൗൺസിലാണ് ഇതിന്റെ സംരക്ഷകർ’’– ശ്രീനിജിൻ പറഞ്ഞു.

‘ കേരള ബ്ലാസ്റ്റേഴിന് കഴിഞ്ഞ രണ്ടു വർഷമായി ജില്ലാ സ്പോർട്സ് കൗൺസിലുമായി കരാറുണ്ടായിരുന്നു. നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടായിരുന്നു കരാറിലേര്‍പ്പെട്ടത്. ഒന്നര വര്‍ഷം ജില്ലാ സ്പോർട്സ് കൗൺസിലിനാണ് പണം നൽകിയിരുന്നത്. കഴിഞ്ഞ 8 മാസമായി പണം നൽകുന്നില്ല.ഗേറ്റ് അടച്ചിട്ടത് ഞാനല്ല. ഇന്ന് തുറന്നുകൊടുക്കേണ്ടെന്ന സമീപനം എടുത്തുവെന്നേയുള്ളൂ’– അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read- വാടക കുടിശിക നല്‍കിയില്ല; കേരള ബ്ലാസ്റ്റേഴ്‌സ് സെലക്ഷൻ ട്രയൽസ് പി.വി ശ്രീനിജന്‍ MLA തടഞ്ഞു

അതേസമയം, പി.വി ശ്രീനിജന്‍ എംഎല്‍എയുടെ വാദത്തെ തള്ളിക്കളയും വിധമാണ് സംസ്ഥാന സ്പോർട്സ് കൗൺസില്‍ പ്രസിഡന്‍റ് യു ഷറഫലി പ്രതികരിച്ചത്.  ഒരിക്കലും ന്യായീകരിക്കാന്‍ പാടില്ലാത്ത നടപടിയാണ് എംഎല്‍എയില്‍ നിന്ന് ഉണ്ടായതെന്ന് ഷറഫലി പ്രതികരിച്ചു. ഏപ്രില്‍ മാസം വരെയുള്ള കുടിശിക കേരളാ ബ്ലാസ്റ്റേഴ്സ് അടച്ചിട്ടുണ്ടെന്നും സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ കീഴിലുള്ള വിവിധ ജില്ലകളിലെ സ്റ്റേഡിയങ്ങളുടെ ഉടമസ്ഥാവകാശം സംസ്ഥാന സ്പോര്‍ട്സ് കൗൺസിലിന് ആണെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്ലാസ്റ്റേഴ്സുമായി ഒരു വര്‍ഷത്തെ കരാറാണുള്ളതെന്നും കരാര്‍ കാലയളവില്‍ സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നതിനോ മറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനോ മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ലെന്നും ഷറഫലി പറഞ്ഞു. ടൂര്‍ണമെന്‍റുകള്‍ നടത്തുകയോ മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ ചെയ്യുമ്പോള്‍ മാത്രമാണ് മുന്‍കൂര്‍ അനുമതി തേടേണ്ടതുള്ളൂവെന്നും ഷറഫലി വ്യക്തമാക്കി.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!