മണിപ്പുരിൽ വെടിവയ്പ് ; 40 കുക്കികളെ കൊന്നു ; നരവേട്ട പാർലമെന്റ് ഉദ്ഘാടന ദിവസം

Spread the love



ഇംഫാൽ> മണിപ്പുരിൽ ഗോത്ര താവളങ്ങൾ ആക്രമിച്ച്‌ 40 കുക്കികളെ പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം വെടിവച്ചു കൊന്നു. ഞായർ പുലർച്ചെ രണ്ടോടെ ഇംഫാൽ താഴ്‌വരയിലും പരിസരത്തുമുള്ള സെക്‌മായി, സുഗ്‌നു, കുംബി, ഫായെങ്, സെറോ എന്നീ അഞ്ച് പ്രദേശങ്ങളിലായിരുന്നു വെടിവയ്‌പ്‌. കൂടുതൽ പ്രദേശങ്ങളിൽ ഏറ്റുമുട്ടൽ നടന്നതായും മൃതദേഹങ്ങൾ തിരിച്ചറിയാതെ തെരുവിൽ കിടക്കുന്നതായും റിപ്പോർട്ടുണ്ട്‌. 30 ‘ഭീകരരെ’ വെടിവച്ചുകൊന്നെന്ന്‌ മുഖ്യമന്ത്രി എൻ ബീരേൻ സിങ്‌ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഞായറാഴ്‌ച എട്ടുമണിക്കൂറിലേറെ നീണ്ട പോരാട്ടത്തിനൊടുവിലാണ്‌ ‘ഭീകരർ’ കൊല്ലപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്‌ച ത്രിദിന സന്ദർശനത്തിനായി മണിപ്പുരിലെത്തുന്നതിന്‌ തൊട്ടുമുമ്പാണ്‌ കൂട്ടക്കൊല. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ കഴിഞ്ഞ ദിവസം സംസ്ഥാനത്ത്‌ എത്തിയിരുന്നു.

പൊലീസിൽനിന്ന്‌ കൈക്കലാക്കിയ ആയുധങ്ങൾ തിരിച്ചേൽപ്പിക്കാൻ സർക്കാർ നൽകിയ സമയപരിധി അവസാനിച്ചതിന്‌ പിന്നാലെയാണ്‌ വിവിധ ഭാഗങ്ങളിൽ ഒരേസമയം കുക്കിവേട്ട നടന്നത്‌. ‘ഭീകരർ’ എം- 16, എ കെ- 47 തോക്കുകളും സ്‌നൈപ്പർ തോക്കുകളും ഉപയോഗിച്ച്‌ ജനങ്ങളെ ആക്രമിച്ചിരുന്നതായി ബീരേൻ സിങ്‌ അവകാശപ്പെട്ടു. പല ഗ്രാമങ്ങളിലെയും വീടുകൾ അവർ കത്തിച്ചു. സൈന്യത്തിന്റെയും മറ്റ് സുരക്ഷാ സേനയുടെയും സഹായത്തോടെ അവർക്കെതിരെ ശക്തമായ നടപടി ആരംഭിച്ചു. നാൽപ്പതോളം ഭീകരർ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ടുകൾ ലഭിച്ചു. മണിപ്പുരിനെ ശിഥിലമാക്കാൻ ശ്രമിക്കുന്ന സായുധ ഭീകരരും കേന്ദ്രത്തിന്റെ സഹായത്തോടെയുള്ള സംസ്ഥാന സർക്കാരും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്‌–- മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഭൂരിപക്ഷമായ മെയ്‌ത്തീകൾക്ക്‌ പട്ടികവർഗ പദവി നൽകാനുള്ള സർക്കാർ നീക്കമാണ്‌ സംസ്ഥാനത്തെ കലാപത്തിലേക്ക്‌ തള്ളിവിട്ടത്‌. ഇംഫാൽ താഴ്‌വരയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന മെയ്‌ത്തീകളും മലനിരകളിൽ സ്ഥിരതാമസമാക്കിയ ക്രിസ്‌തുമത വിശ്വാസികളായ കുക്കി ഗോത്രവർഗക്കാരും തമ്മിൽ മെയ്‌ മൂന്നിനാണ്‌ ഏറ്റുമുട്ടൽ ആരംഭിച്ചത്‌. കലാപത്തിൽ 73 പേർ കൊല്ലപ്പെട്ടു. വ്യാപകമായി പള്ളികൾ ആക്രമിച്ച്‌ കത്തിച്ചു. ഇതിലൊന്നും ശക്തമായ നടപടി സർക്കാർ സ്വീകരിച്ചില്ലെന്ന വിമർശവും ശക്തമാണ്‌.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!