മണിപ്പുര്‍ കലാപം ; സർക്കാർ നോക്കിനിന്നു , പക്ഷം ചേർന്നു

Spread the love




ന്യൂഡൽഹി

മണിപ്പുരിൽ മെയ്‌ത്തീ–- കുക്കി സംഘർഷം വൻ കലാപമായി പടർന്നത്‌ സംസ്ഥാന–- കേന്ദ്ര സർക്കാരുകളുടെ പിടിപ്പുകേടിൽ. ഭൂരിപക്ഷമായ മെയ്‌ത്തീകൾക്ക്‌ പട്ടികവർഗ സംവരണം നൽകാനുള്ള സർക്കാർ നീക്കമാണ്‌ പൊട്ടിത്തെറിയിലെത്തിയത്‌. മെയ്‌ത്തീ വിഭാഗാംഗമായ മുഖ്യമന്ത്രി എൻ ബീരേൻ സിങ്‌ പക്ഷപാതപരമായാണ്‌ പെരുമാറുന്നതെന്ന്‌ കുക്കികൾക്ക് ആക്ഷേപമുണ്ട്. കലാപത്തിന്റെ പ്രഭവകേന്ദ്രം മെയ്‌ത്തീ വിഭാഗം തിങ്ങിപ്പാർക്കുന്ന ഇംഫാൽ താഴ്‌വരയും ഗോത്രവർഗ മേഖലയായ ചുരാചന്ദ്‌പുർ ജില്ലയുമാണ്. കക്‌ചിങ്‌, ജിരിബാം, കാങ്‌പോക്‌പി, ബിഷ്‌ണുപുർ ജില്ലകളിലേക്കും കലാപം പടർന്നു. ഇതുവരെ ഔദ്യോ​ഗിക കണക്കില്‍ 75 പേർ കൊല്ലപ്പെട്ടു.

കലാപത്തിന്റെ ഉത്തരവാദികളെ പിടികൂടാനെന്ന പേരിൽ കുക്കി കേന്ദ്രങ്ങളിൽ പൊലീസും സൈന്യവും നടത്തിയ ഓപ്പറേഷനിൽ നാൽപ്പതിൽപ്പരം പേരെ വധിച്ചു. 25 കുക്കി സംഘടനകളുടെ പ്രതിനിധികളുമായി 2008ൽ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ ഒപ്പിട്ട വെടിനിർത്തൽ കരാർ സസ്‌പെൻഡ്‌ ചെയ്‌താണ്‌ സുരക്ഷാസേനകൾ ഓപ്പറേഷൻ തുടങ്ങിയത്‌. അതേസമയം, കുക്കി സംഘടനകളിലെ അംഗങ്ങൾ വെടിനിർത്തൽ കരാർ പ്രകാരം താവളങ്ങളിൽ തന്നെയുണ്ടെന്ന്‌ ഇവരുടെ മുന്നണിയുടെ പ്രതിനിധി ശൈലേൻ ഹൗകിപ്‌ പറഞ്ഞു. സൈനികനടപടിയിൽ തങ്ങളുടെ അംഗങ്ങൾ കൊല്ലപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. അപ്പോൾ ആരാണ്‌ കൊല്ലപ്പെട്ടതെന്ന ചോദ്യം ഉയരുന്നു.

കൊള്ളയടിക്കപ്പെട്ട തോക്കുകള്‍ വെല്ലുവിളി

മണിപ്പുരിൽ പൊലീസിന്റെയും അർധസൈനിക വിഭാഗങ്ങളുടെയും ആയുധശാലകളിൽനിന്ന്‌ കൊള്ളയടിക്കപ്പെട്ട നൂറുകണക്കിന്‌ തോക്കുകൾ തിരിച്ചുപിടിക്കാൻ കഴിയാത്തത്‌ സംസ്ഥാനത്ത്‌ കൂടുതൽ ഭീതി പടർത്തുന്നു. കീഴടങ്ങിയ തീവ്രവാദികൾ കൈമാറിയ എകെ 47 തോക്കുകൾ, മ്യാന്മർ നിർമിത എം16 റൈഫിളുകൾ, മണിപ്പുർ പൊലീസ് ഉപയോഗിക്കുന്ന ഐഎൻഎസ്‌എസ്‌ റൈഫിളുകൾ എന്നിവയടക്കമാണ്‌ മെയ്‌ ആദ്യവാരത്തിൽ കൊള്ളയടിക്കപ്പെട്ടത്‌. 1041 തോക്ക്‌ കാണാതായതിൽ 214 എണ്ണം മാത്രമാണ്‌ തിരിച്ചുകിട്ടിയത്.

അമിത് ഷാ സന്ദര്‍ശനം തുടരുമ്പോഴും വെടിയൊച്ച നിലയ്ക്കുന്നില്ല

കേന്ദ്ര ആഭ്യന്തരമന്ത്രി മണിപ്പുരിൽ സന്ദർശനം തുടരുമ്പോഴും സംസ്ഥാനത്ത്‌ വെടിയൊച്ച നിലച്ചിട്ടില്ല. ചൊവ്വാഴ്ചയും വിവിധയിടങ്ങളില്‍ വെടിവെയ്പുണ്ടായി. സൈന്യം പലയിടത്തും ആയുധധാരികള്‍ക്കെതിരെ വെടിയുതിര്‍ത്തു. ഇംഫാലിൽ എത്തിയ അമിത് ഷാ ഗവർണർ അനസൂയ ഉയ്കെയുമായും സംസ്ഥാനമന്ത്രിമാരുമായും കൂടിക്കാഴ്‌ച നടത്തി. സുരക്ഷാ ഉദ്യോഗസ്ഥരെയും വിവിധ സംഘടനാ പ്രതിനിധികളെയും അദ്ദേഹം കണ്ടു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!