കൈയെത്തിപ്പിടിച്ച സിനിമാ സ്വപ്നം

Spread the love



തമിഴ്നാട്ടിലെ തിയറ്ററുകളിൽ വീരൻ എന്ന സൂപ്പർ ഹീറോ ചിത്രം നിറഞ്ഞോടുകയാണ്. സിനിമയുടെ വിജയത്തിൽ സന്തോഷിക്കുന്ന ഒരു മലയാളിയുണ്ട്. ചിത്രത്തിലെ നായികയായ കണ്ണൂർ കുറുമാത്തൂർ സ്വദേശി ആതിര രാജ്. വീരനിലെ സെൽവി എന്ന കഥാപാത്രം തിയറ്ററിലെ വലിയ സ്ക്രീനിൽ തെളിഞ്ഞപ്പോൾ സിനിമയെന്ന ആതിരയുടെ സ്വപ്നമാണ് സാധ്യമായത്. സിനിമയോടുള്ള ഇഷ്ടം മാത്രം സമ്പാദ്യമാക്കി ഒരു പെൺകുട്ടി നടത്തിയ പരിശ്രമങ്ങളുടെ വിജയംകൂടിയാണ് സെൽവി. സ്വപ്നം തേടിപ്പിടിച്ച സിനിമാ യാത്രയെക്കുറിച്ച് നടി ആതിര സംസാരിക്കുന്നു:

ഏറെക്കാലത്തെ കാത്തിരിപ്പ്

സിനിമയിൽ ആദ്യമായി അവസരം കിട്ടിയത് കൃഷ്ണമ്മ എന്ന തെലുങ്ക് പടത്തിലാണ്. പിന്നീട് അമിഗോ ഗാരേജ് എന്ന തമിഴ് സിനിമയിലും അഭിനയിച്ചു. രണ്ട് സിനിമയുടെയും റിലീസിനായി കാത്തിരിക്കുകയാണ്. മൂന്നാമത് ചെയ്ത ചിത്രമാണ് വീരൻ. എന്നാൽ, അതാണ് ആദ്യം തിയറ്ററിൽ എത്തിയത്. ഹിപ് ഹോപ് തമിഴാ ആദിയാണ് നായകൻ. മരഗധ നാണയം സംവിധാനംചെയത ശരവണിന്റെ രണ്ടാമത്തെ ചിത്രമാണ്. പ്രേക്ഷകരിൽ എത്തിയ ആദ്യ ചിത്രംതന്നെ നല്ല രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. അതിൽ വലിയ സന്തോഷമുണ്ട്. ഒപ്പം വലിയ സ്ക്രീനിൽ എന്നെ കാണാൻ കഴിഞ്ഞു. കുറെക്കാലത്തെ കാത്തിരിപ്പാണ് സാധ്യമായത്. ആദ്യ സിനിമ തന്നെ വിജയമായത് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

വീരൻ സൂപ്പർ ഹീറോ പടം

വീരൻ സൂപ്പർ ഹീറോ ചിത്രമാണ്. സിനിമയ്ക്ക് മിന്നൽ മുരളിയുമായി സാമ്യമുണ്ടെന്ന തരത്തിൽ ആദ്യം ചർച്ചകളൊക്കെ ഉണ്ടായിരുന്നു. തുടർന്ന് ബേസിൽ ജോസഫിനോട് സംവിധായകൻ സംസാരിച്ച് വീരൻ തീർത്തും വ്യത്യസ്തമായ കഥയാണെന്ന് ബോധ്യപ്പെടുത്തിയിരുന്നു. അച്ഛച്ചനായിരുന്നു എന്നെ സ്ക്രീനിൽ കാണാൻ ഏറ്റവും ആഗ്രഹം. ഒരുവർഷംമുമ്പ് അദ്ദേഹം മരിച്ചു. അതിനാൽ ആ ആഗ്രഹം സാധ്യമായില്ല. അച്ഛൻ രാജനും അമ്മ പ്രീതയും എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്. സിനിമാ ചിത്രീകരണത്തിനായി അവർ ഒപ്പം വരാറുണ്ട്.

നാടകം, ഹ്രസ്വചിത്രം വഴി സിനിമ

ചെറുപ്പംമുതൽ നാടകവും നൃത്തവുമൊക്കെ ചെയ്യുമായിരുന്നു. അച്ഛാച്ചൻ പപ്പൻ ചിരന്തന നാടകം ചെയ്യുമായിരുന്നു. അങ്ങനെയാണ് നാടകത്തിന്റെ ഭാഗമാകുന്നത്. ഏഴുവരെ ചിന്മയയിലാണ് പഠിച്ചത്. സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാനുള്ള ആഗ്രഹം കാരണം എട്ടാം ക്ലാസിൽ മൂത്തേടത്ത് സർക്കാർ സ്കൂളിൽ ചേർന്നു. നൃത്തത്തിലും മോണോ ആക്ടിലും സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് കിട്ടി. സംഗീത ആൽബങ്ങളും ചെയ്തു. മാടായി കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോൾ ഏതഴകാണ് നീ എന്ന ഹ്രസ്വ ചിത്രം ചെയ്യുന്നത്. പയ്യന്നൂർ കോളേജ് പശ്ചാത്തലമാക്കിയായിരുന്നു. അത് നന്നായി ശ്രദ്ധിക്കപ്പെട്ടു. തുടർന്നാണ് സിനിമയിൽ ശ്രമിക്കാനുള്ള ധൈര്യം വന്നത്.

മലയാളത്തിൽ സിനിമ ചെയ്യണം

സിനിമയോട് ഇഷ്ടമുണ്ടായിരുന്നു. ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ആരുവഴി പോകും, എങ്ങനെ സിനിമയിൽ എത്തുമെന്നൊന്നും അറിയില്ലായിരുന്നു. ഹ്രസ്വ ചിത്രത്തിൽനിന്ന് ലഭിച്ച ധൈര്യമാണ് സിനിമയിൽ എത്തിച്ചത്. ഓഡിഷൻ വഴിയാണ് മൂന്ന് സിനിമയുടെയും ഭാഗമായത്. എല്ലാം സ്വാഭാവികമായും വന്നുചേർന്നതാണ്. മലയാളത്തിൽ സിനിമ ചെയ്യാൻ നല്ല ആഗ്രഹമുണ്ട്. ആദ്യം ലഭിച്ച അവസരങ്ങൾ ഉപയോഗിക്കുകയായിരുന്നെന്നു മാത്രം. എങ്ങനെയാണ് തെലുങ്കിലും തമിഴിലുമായി സിനിമകൾ ചെയ്തത്. വീരൻ നിർമിച്ചിരിക്കുന്നത് 20 വർഷത്തോളമായി തമിഴിലെ മുൻനിര നിർമാതാക്കളായ സത്യ ജ്യോതി ഫിലിംസാണ്. അജിത്, ധനുഷ് എന്നിവരെയൊക്കെ വച്ച് സിനിമ ചെയ്ത കമ്പനിയുമാണ്. തെലുങ്ക് ചിത്രം കൃഷ്ണമ്മ, നിർമാതാവ് ജനതാ ഗാരേജ് സംവിധാനംചെയ്ത കൊരട്ടാല ശിവയാണ്. അമിഗോ ഗാരേജ് പുതിയ ടീമാണ്. വീരൻ വിജയമായതിനു പിന്നാലെ കൂടുതൽ അവസരം വരുന്നുണ്ട്. കുറച്ച് സിനിമകളുടെ ചർച്ചകൾ നടക്കുന്നുണ്ട്.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!