തിരുവനന്തപുരം
ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിലെ തർക്കം രൂക്ഷമായി തുടരുന്നതിനിടെ കോൺഗ്രസ് പുനഃസംഘടനയുമായി വി ഡി സതീശനും കെ സുധാകരനും മുന്നോട്ട്. ആറിനുള്ളിൽ മണ്ഡലം പ്രസിഡന്റുമാരുടെ സാധ്യതാ പട്ടിക ലഭ്യമാക്കണമെന്ന് താഴേത്തട്ടിലേക്ക് നിർദേശം നൽകി. സതീശനും സുധാകരനും കേസുകളിൽപ്പെട്ടതോടെ പരസ്യമായി ചെളിവാരിയേറ് വേണ്ടെന്ന നിർദേശമുണ്ട്. ഇതുമറയാക്കി പുനസംഘടന വേഗത്തിലാക്കാനാണ് സതീശന്റെയും സുധാകരന്റെയും നീക്കം.
അഞ്ചിന് കെപിസിസി ജനറൽബോഡി തിരുവനന്തപുരത്ത് ചേരുന്നുണ്ട്. പുനഃസംഘടന അജൻഡയിലേക്ക് കടക്കാതെ സമര പരിപാടികൾ പ്രഖ്യാപിച്ച് കെപിസിസി യോഗം അവസാനിപ്പിക്കാനാണ് സാധ്യത. പുനഃസംഘടനാ ഉപസമിതിയും ഡിസിസി, ബ്ലോക്ക് ഭാരവാഹികളും നൽകുന്ന പട്ടികയിൽ നിന്ന് എത്രയും പെട്ടെന്ന് മണ്ഡലം പ്രസിഡന്റുമാരെയും പ്രഖ്യാപിക്കും.
ബ്ലോക്ക് പുനഃസംഘടനയിൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാൻ എംപിമാരുൾപ്പെടെ എ, ഐ വിഭാഗക്കാർ നേരത്തേ ഹൈക്കമാൻഡിൽ പരാതി നൽകിയിരുന്നു. ആരെയും അവഗണിക്കില്ലെന്ന ഉറപ്പും ലഭിച്ചു. പട്ടിക പുറത്തുവന്നപ്പോൾ വി ഡി സതീശനോട് അടുപ്പമുള്ളവർക്കാണ് ബ്ലോക്ക് പട്ടികയിൽ മേൽക്കൈ കിട്ടിയത്. അനീതി ചോദ്യംചെയ്ത് രമേശ് ചെന്നിത്തല അടക്കമുള്ളവർ രംഗത്തുവരികയും തിരുവനന്തപുരത്ത് എ, ഐ നേതാക്കൾ സംയുക്തഗ്രൂപ്പ് യോഗം ചേരുകയുംചെയ്തു. മല്ലികാർജുൻ ഖാർഗെയെ കണ്ട് പരാതി നൽകാനും തീരുമാനിച്ചിരുന്നു. എന്നാൽ, കെ സി വേണുഗോപാൽ ഇടപെട്ട് കാണാനുള്ള അവസരം നീട്ടി. അതൃപ്തി ഹൈക്കമാൻഡിനെ അറിയിക്കാൻ എ, ഐ നേതാക്കൾ വീണ്ടും ഒരുങ്ങവെയാണ് മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക വേഗത്തിൽ പ്രഖ്യാപിക്കാനുള്ള നീക്കം. പഴയ ഗ്രൂപ്പുകൾ ഒന്നിച്ചാലും തങ്ങളുടെ തീരുമാനങ്ങളുടെമേൽ ഒന്നും ചെയ്യാനാകില്ലെന്ന ധൈര്യമാണ് സതീശനെയും സുധാകരനെയും നയിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ