ജീവൻ രക്ഷിക്കാൻ ഇന്നോവ ക്രിസ്റ്റയും റെഡി, ഇനി ആംബുലൻസ് പതിപ്പിലും വാങ്ങാം

Spread the love


Four Wheelers

oi-Gokul Nair

ഇന്ത്യയിൽ ടൊയോട്ടയുടെ ഐഡന്റിറ്റിയായ വാഹനമാണ് ഇന്നോവ. ക്വാളിസും ഫോർച്യൂണറുമൊക്കെ നിരയിലുണ്ടെങ്കിലും ഇന്നോവ എന്ന പ്രതാപി തന്നെയാണ് ജാപ്പനീസ് ബ്രാൻഡിന്റെ എല്ലാമെല്ലാം. ഡ്രൈവിംഗ് മികവും അതിനേക്കാൾ കേമമായ യാത്രാ സുഖവുമെല്ലാം കൊണ്ട് ഇന്ത്യവെട്ടിപ്പിടിച്ച ഈ മൾട്ടി പർപ്പസ് വാഹനം ഇന്ന് മൂന്നാം തലമുറ ആവർത്തനത്തിലാണ് നിരത്തിലിറങ്ങുന്നത്.

എന്നാൽ രണ്ടാം തലമുറ മോഡലായ ക്രിസ്റ്റയുടെ സ്വീകാര്യത കണക്കിലെടുത്ത് ഈ മോഡലിനെ കമ്പനി നിർത്തലാക്കാൻ പോലും തയാറായില്ലെന്നതാണ് ശ്രദ്ധേയം. ഡീസൽ എഞ്ചിൻ കോമ്പിനേഷനുള്ള ഇന്നോവ ക്രിസ്റ്റയുടെ ഇമേജ് അതൊന്ന് വേറെ തന്നെയാണ്. ടാക്‌സിയായാലും വീട്ടിലെ ഉപയോഗത്തിനായാലും ഒരേ പോലെ വിശ്വസിച്ച് കൂടെക്കൂട്ടാനാവുന്നതും എംപിവിയുടെ ഗമയാണ്. എന്നാൽ ആംബുലൻസായി ഇന്നോവ ക്രിസ്റ്റയെ എപ്പോഴെങ്കിലും ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ.

എന്നാൽ ദേ അത്തരത്തിലും ചിന്തിക്കാൻ കഴിയുമെന്ന് തെളിയിക്കുന്നൊരു ഉദാഹരണമാണ് ഇന്റർനെറ്റിൽ താരം. വിശദമായ പരിഷ്ക്കാരങ്ങളിലൂടെ ഇന്നോവ ക്രിസ്റ്റയെ ആംബുലൻസാക്കി പരിവർത്തനം ചെയ്യുന്നത് ടൊയോട്ട തന്നെയാണെന്നതാണ് ശ്രദ്ധയമായ കാര്യം. മെഡിക്കൽ ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്തും വിധമാണ് വാഹനത്തിനെ ഒരുക്കിയിരിക്കുന്നത്. ബേസിക്, അഡ്വാൻസ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ ഇന്നോവ ആംബുലൻസ് ലഭ്യമാവും. പ്രീമിയം എംപിവിയെ കമ്പനി ഇത്തരത്തിൽ നവീകരിക്കുന്നത് പൈനാക്കിൾ ഇൻഡസ്ട്രീസ് ലിമിറ്റഡുമായി സഹകരിച്ചാണ്.

ഇന്നോവ ക്രിസ്റ്റ മെഡിക്കൽ സേവനങ്ങൾക്കായി ഉടൻ ലഭ്യമാകും. ഇത് സ്റ്റാൻഡേർഡ് ക്രിസ്റ്റയ്‌ക്കൊപ്പം വിൽക്കുകയും ഇന്നോവ ക്രിസ്റ്റ ആംബുലൻസ് എന്ന് പേരിടുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. മൊത്തത്തിലുള്ള രൂപകൽപ്പനയുടെ കാര്യത്തിൽ ഇന്നോവ ക്രിസ്റ്റ ആംബുലൻസ് അതിന്റെ പതിവ് മോഡലിൽ നിന്ന് വ്യത്യസ്തമല്ലെങ്കിലും ആംബുലൻസാണെന്ന് ഒറ്റ നോട്ടത്തിൽ മനസിലാവും വിധമുള്ള കളർ കോമ്പിനേഷനും ടൊയോട്ട ഉപയോഗിച്ചിട്ടുണ്ട്.

ഇന്നോവ ആംബുലൻസിന് ചുറ്റുമായി പ്രത്യേക റെഡ്, യെല്ലോ സ്റ്റിക്കറുകളും റൂഫിൽ എമർജൻസി ഫ്ലാഷിംഗ് ലൈറ്റുകളും കാണാനാവും. എംപിവിയുടെ ഇന്റീരിയറും ടൊയോട്ട കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഡ്രൈവറിൽ നിന്ന് രോഗിയെയും പാരാമെഡിക്കിനെയും വേർതിരിക്കുന്നതിന് ക്യാബിന്റെ മുൻഭാഗം ഒരു പാർട്ടീഷൻ ഉപയോഗിച്ച് വേർതിരിക്കുന്നതാണ് ഇതിലെ ഏറ്റവും വലിയ മാറ്റമായി എടുത്തു പറയേണ്ടത്.

സ്ട്രെച്ചർ, മുൻവശത്തുള്ള പാരാമെഡിക് സീറ്റ്, പോർട്ടബിൾ, സ്റ്റേഷണറി ഓക്സിജൻ സിലിണ്ടറുകൾ, മെഡിക്കൽ ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനുള്ള കാബിനറ്റ് എന്നിങ്ങനെയുള്ള മറ്റ് എമർജൻസി ഉപകരണങ്ങളും ഉൾക്കൊള്ളുന്നതിനായി ഇന്നോവ ക്രിസ്റ്റയുടെ രണ്ടാമത്തെയും മൂന്നാമത്തെയും നിര സീറ്റുകൾ നീക്കം ചെയ്യുകയും ചെയ്‌തു. ഇന്നോവ ക്രിസ്റ്റയുടെ ആംബുലൻസ് പതിപ്പിലെ പരിഷ്‌ക്കരിച്ച ക്യാബിന്റെ വലതുഭാഗം മുഴുവനായും അടിയന്തര സാഹചര്യങ്ങൾക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

പൂർണമായി ലോഡുചെയ്‌ത ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ അഡ്വാൻസ്ഡ് വേരിയന്റിൽ രോഗിയുടെ ആരോഗ്യ പാരാമീറ്ററുകൾ നിരീക്ഷിക്കാൻ സഹായിക്കുന്ന മൾട്ടിപാരാമീറ്റർ മോണിറ്റർ, ഓക്‌സിജൻ ഡെലിവറി സിസ്റ്റം, കെൻഡ്രിക് എക്‌സ്‌ട്രിക്കേഷൻ ഉപകരണം (തല, കഴുത്ത്, ടോർസോ സർപ്പോർട്ട് എന്നിവയുടെ പിന്തുണയ്‌ക്കായി ഉപയോഗിക്കുന്നു), പോർട്ടബിൾ സക്ഷൻ ആസ്പിറേറ്റർ, സ്പൈൻ ബോർഡ് എന്നീ സംവിധാനങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്.

ഇന്നോവ ക്രിസ്റ്റ ആംബുലൻസിൽ എംപിവിയുടെ സ്റ്റാൻഡേർഡ് മോഡലിൽ ലഭ്യമായ അതേ 2.4 ലിറ്റർ ഡീസൽ എഞ്ചിൻ തന്നെയാണ് ടൊയോട്ട ഉപയോഗിച്ചിരിക്കുന്നത്. ഇത് 150 bhp കരുത്തിൽ പരമാവധി 343 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ യൂണിറ്റ് 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. എഞ്ചിൻ വശം നോക്കുമ്പോൾ തികച്ചും പ്രായോഗികമായ ഓപ്ഷനാണെങ്കിലും പക്ഷേ എല്ലാ സാഹചര്യങ്ങൾക്കും അനുയോജ്യമായൊരു ആംബുലൻസ് വാഹനമായിരിക്കില്ല ഇന്നോവ.

ഒരു പരമ്പരാഗത ആംബുലൻസ് എന്ന നിർദ്ദിഷ്ട ഉദ്ദേശത്തിനായി നിർമിച്ചിരിക്കുന്നതിനാൽ ഇത്തരം ഉപയോഗങ്ങൾക്ക് ക്രിസ്റ്റ ആംബുലൻസ് അനുയോജ്യം തന്നെയാണ്. വളരെ ചെലവേറിയതും അടിയന്തിര മെഡിക്കൽ സാഹചര്യങ്ങളിൽ ഏറ്റവും നന്നായി ഉപയോഗിക്കുന്നതുമാണ്. അതേസമയം വൈദ്യസഹായം ആവശ്യമില്ലാത്ത രോഗികളെ കൊണ്ടുപോകുന്നത് പോലെയുള്ള ലളിതമായ ഉപയോഗങ്ങൾക്ക് ഈ വാഹനം പരിഗണിക്കാവുന്നതാണ്.

സിംഗിൾ-പേഷ്യന്റ് ട്രാൻസ്‌പോർട്ടിന് ബദലായി പ്രവർത്തിക്കാൻ കഴിയുന്ന അടിപൊളി വണ്ടിയാവുമിത്. ഫോഴ്‌സ് ട്രാവലർ പോലുള്ള വലിയ ആംബുലൻസുകളുമെല്ലാമായി താരതമ്യം ചെയ്യുമ്പോൾ ഇന്നോവയുടെ ചെറിയ വലിപ്പം നഗര സാഹചര്യങ്ങളിലൂടെ സഞ്ചരിക്കാൻ എളുപ്പമുള്ളതാക്കും. കൂടാതെ ദീർഘദൂര ഹോസ്പിറ്റൽ ആവശ്യങ്ങൾക്ക് എംപിവിയുടെ സുഖപ്രദമായ റൈഡ് ഗുണം ചെയ്യും.

English summary

Toyota innova crysta ambulance now available in india variants specs and more

Story first published: Saturday, July 29, 2023, 18:30 [IST]





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!