ഇടുക്കി: സാമ്പത്തിക തർക്കത്തെ തുടർന്ന് കട്ടപ്പന അഗ്നിരക്ഷാ നിലയത്തിൽ സേനാംഗങ്ങൾ തമ്മിൽ വാക്കേറ്റവും കത്തിവീശലും നടന്നതായി റിപ്പോർട്ട്. സേനയിലെ ഡ്രൈവർ തസ്തികയിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെട്ട സാമ്പത്തിക കേസിൽ വകുപ്പുതല അന്വേഷണം നടക്കുകയും ഇത് സംബന്ധിച്ച നോട്ടീസ് കഴിഞ്ഞദിവസം ഉദ്യോഗസ്ഥർക്ക് ലഭിക്കുകയുമുണ്ടായി.
Thank you for reading this post, don't forget to subscribe!
ഈ നോട്ടീസ് ലഭിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് വാക്കേറ്റവും കത്തിവീശലിനും കരണമായതെന്നാണ് സൂചന. ബുധനാഴ്ച രാത്രി ഓഫീസിന് സമീപത്തെ മെസിൽ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് വാക്കേറ്റമുണ്ടായതെന്നാണ് റിപ്പോർട്ട്. ഒടുവിൽ അവധിയിലായിരുന്ന സ്റ്റേഷൻ ഓഫീസർ എത്തിയാണ് വിഷയം പരിഹരിച്ചത്.
2018 ൽ അഗ്നിരക്ഷാ സേനയുടെ പുതിയ ഫയർ എൻജിനിന്റെ റേഡിയേറ്ററിൽ വെള്ളമൊഴിക്കാതെ ഓടിച്ച് തകരാറിലാക്കുകയും എസ്ഐ ആണെന്ന് അവകാശപ്പെട്ട് പാറമട നടത്തിപ്പുകാരിൽനിന്ന് പണം പിരിക്കുകയുംചെയ്ത ഉദ്യോഗസ്ഥനാണ് കത്തിവീശിയതെന്നാണ് സൂചന. മൂന്നുവർഷം കൂടുമ്പോൾ അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് സ്ഥലംമാറ്റം പതിവാണെന്നിരിക്കെ ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇയാൾ ഇവിടെ തുടരുകയാണെന്നും റിപ്പോർട്ടുണ്ട്. ഇതിനിടയിൽ സേനാംഗങ്ങൾ നഗരത്തിൽ പണം പലിശയ്ക്ക് നൽകുന്നതുമായി ബന്ധപ്പെട്ട് പോലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്.