അക്രമകാരികളായ മൃഗങ്ങളെ വെടിവയ്ക്കാന്‍ നിയമം ഉണ്ടായിട്ടും നടപ്പിലാക്കുന്നില്ല: മന്ത്രിസഭാ യോഗത്തിലും സമാന ആവശ്യം

Spread the love

നിയമസഭ പാസാക്കിയ പ്രമേയത്തിലും പ്രതിപക്ഷ എംഎല്‍എമാര്‍ സമാനമായ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു

ന്യമൃഗങ്ങളെ വേട്ടയാടാന്‍ അനുമതി നല്‍കണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗിലും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു

എട്ട് വര്‍ഷത്തിനിടയില്‍ വന്യജീവി ആക്രമണത്തില്‍ സംസ്ഥാനത്ത് 909 പേരാണ് കൊല്ലപ്പെട്ടത്

തിരുവനന്തപുരം: അക്രമകാരികളായ വന്യജീവികള്‍ ജനവാസ മേഖലകളില്‍ പ്രശ്നം സൃഷ്ടിക്കുമ്പോള്‍ സാഹചര്യമനുസരിച്ച് അവയെ പിടികൂടുന്നതിനും കൊല്ലുന്നതിനുമുള്ള അധികാരം ചീഫ് വൈല്‍ഡ് വാര്‍ഡന്‍ ഉപയോഗിക്കണമെന്ന ആവശ്യം മന്ത്രിസഭാ യോഗത്തില്‍ ഉയര്‍ത്തി മന്ത്രിമാര്‍. മലയോര പ്രദേശങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ മൂലം തുടര്‍ച്ചയായി മനുഷ്യ ജീവനുകള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് ജനങ്ങളില്‍ നിന്ന് ഇത്തരമൊരാവശ്യം സജീവമായി ഉയരുന്നത്. നിയമസഭ പാസാക്കിയ പ്രമേയത്തിലും പ്രതിപക്ഷ എംഎല്‍എമാര്‍ സമാനമായ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു.

1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ പതിനൊന്നാം വകുപ്പ് പ്രകാരം മനുഷ്യജീവിതത്തിന് അപകടകരമാണെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ബോധ്യപ്പെട്ടാല്‍ മൃഗത്തെ വേട്ടയാടാനോ, വെടിവയ്ക്കാനോ ഉത്തരവ് നല്‍കാന്‍ നിയമം അനുവദിക്കുന്നുണ്ട്. ജനങ്ങളെ കൊല്ലുന്ന വന്യജീവികളെ വെടിവച്ചു കൊല്ലണമെന്നാണ് വയനാട് സന്ദര്‍ശിച്ച മന്ത്രി സംഘത്തിനോട് പ്രദേശവാസികള്‍ ആവശ്യപ്പെട്ടത്. സമുദായ നേതാക്കളും മന്ത്രി സംഘത്തോട് ഇതേ ആവശ്യമുന്നയിച്ചിരുന്നു.

അപകടകാരികളായ വന്യമൃഗങ്ങളെ വേട്ടയാടാന്‍ അനുമതി നല്‍കണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗിലും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വന്യമൃഗങ്ങളെ വേട്ടയാടുന്നതു മൂലം അവയുടെ എണ്ണത്തില്‍ കുറവ് വരില്ലെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യജീവന് ഭീഷണി ഉയര്‍ത്തുന്ന വന്യമൃഗങ്ങളെ കൊല്ലുന്നതില്‍ തെറ്റില്ലെന്ന അഭിപ്രായമാണ് ഗാഡ്ഗില്‍ മാധ്യമങ്ങളോട് പങ്കുവച്ചത്. കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന വന്യജീവി ആക്രമണങ്ങളെക്കുറിച്ച് അഭിപ്രായം ആരാഞ്ഞപ്പോഴാണ് ഗാഡ്ഗില്‍ ഇക്കാര്യങ്ങള്‍ തുറന്നടിച്ചത്.

വന്യ ജീവികളില്‍ നിന്ന് മനുഷ്യനെ സംരക്ഷിക്കാന്‍ നിയമമുണ്ടായിട്ടും ഫലപ്രദമായി അത് നടപ്പിലാക്കാനോ, നിലവിലെ നിയമത്തിന് അപര്യാപ്തത ഉണ്ടെങ്കില്‍ ഭേദഗതി വരുത്താനോ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ തയ്യാറാവാത്തതാണ് മലയോര മേഖലയിലെ പ്രശ്നങ്ങള്‍ ഇത്ര ഗുരുതരമാക്കിയത്. 1972ലെ വന്യജീവി സംരക്ഷണ നിയമം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്യാത്ത കാലത്തോളം വന്യജീവി പ്രതിരോധം ഫലപ്രദമായി നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കഴിയില്ല.

എട്ട് വര്‍ഷത്തിനിടയില്‍ വന്യജീവി ആക്രമണത്തില്‍ സംസ്ഥാനത്ത് 909 പേരാണ് കൊല്ലപ്പെട്ടത്. ഭയാനകമായ അവസ്ഥയാണ് ആ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്നത്. വന്യമൃഗങ്ങളുടെ അക്രമണങ്ങളില്‍ സ്വത്തും ജീവനും നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടികള്‍ ബജറ്റില്‍ നീക്കി വെയ്ക്കാറുണ്ട്. പക്ഷേ, പലപ്പോഴും കൃത്യമായി കൊടുക്കാറില്ല. മരണം സംഭവിച്ചാല്‍ 10 ലക്ഷം രൂപയാണ് കേരളം നല്‍കുന്നത്. കര്‍ണാടക 15 ലക്ഷവും. സ്ഥായിയായ അംഗഭംഗം വന്നാല്‍ രണ്ടു ലക്ഷം, വിള, വീട്, കന്നുകാലി നഷ്ടം വന്നാല്‍ പരമാവധി ഒരു ലക്ഷം രൂപയാണ് കിട്ടുന്നത്. രണ്ടര ഏക്കറിലെ കൃഷി നഷ്ടപ്പെട്ട വ്യക്തിക്ക് കേവലം 9000 രൂപ മാത്രം നഷ്ടപരിഹാരമായി ലഭിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാരം ലഭിക്കുന്നതിന് ഒരുപാട് കടമ്പകളും നൂലാമാലകളുമുണ്ട്. 2021- 22 ലും 2023- 24 വര്‍ഷങ്ങളിലുമായി 6773 അപേക്ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുണ്ടെന്ന് വനം മന്ത്രി നിയമസഭയില്‍ സമ്മതിച്ചിട്ടുണ്ട്.

Facebook Comments Box
error: Content is protected !!