കേരളത്തിലെ ആർഎസ്എസ് സംഘടനാ സംവിധാനത്തിൽ വൻ പൊളിച്ചെഴുത്ത്; ദക്ഷിണ, ഉത്തരപ്രാന്തങ്ങളെന്ന് തിരിച്ചു; രണ്ട് പ്രാന്തപ്രചാരകന്മാർ അടക്കം വെവ്വേറെ ചുമതലക്കാർ

Spread the love

Thank you for reading this post, don't forget to subscribe!

കൊച്ചി: കേരളത്തിലെ ആര്‍എസ്എസിനെ രണ്ടായി തിരിച്ച് സംഘടനാസംവിധാനം അടിമുടി പരിഷ്കരിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഉള്‍പ്പെടുന്ന മേഖലയെ ദക്ഷിണ കേരള പ്രാന്തമെന്നും, തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെ ഉള്‍പ്പെടുന്ന മേഖലയെ ഉത്തര കേരള പ്രാന്തമെന്നും രണ്ടായി വിഭജിച്ച്, രണ്ട് ഭരണ സംവിധാനത്തിന് കീഴിലാക്കാൻ നാഗ്പൂര്‍ രേശിംഭാഗിലെ അഖില ഭാരതീയ പ്രതിനിധിസഭയില്‍ തീരുമാനിച്ചു. രാജ്യത്തെ ആര്‍എസ്എസ് സംഘടനാ സംവിധാനം അനുസരിച്ച് ദേശീയ നേതൃത്വമാണ് പ്രധാനം. അതിന് താഴെ പ്രാന്ത വിഭാഗങ്ങള്‍. ഇതിനെ സംസ്ഥാനതല ഘടകങ്ങളായാണ് കണക്കാക്കിപോരുന്നത്. ഇതുപ്രകാരം കേരളത്തില്‍ ഇതുവരെ ഒരു പ്രാന്തമായിരുന്നു ഉണ്ടായിരുന്നത്. ഇതിന്റെ ആസ്ഥാനം എറണാകുളമായിരുന്നു. കേരളത്തിലെ പ്രാന്ത പ്രചാരകിനായിരുന്നു ഇതുവരെ പ്രധാന സംഘടനാ ചുമതല. ഈ സംവിധാനത്തിനാണ് മാറ്റം വരുത്തിയത്.


രണ്ട് പ്രാന്തങ്ങൾക്ക് രണ്ടു പ്രാന്തപ്രചാരകന്മാർ ചുമതലക്കാരായി വരും. ഫലത്തില്‍ രണ്ടും വ്യത്യസ്ത ഘടകങ്ങളായി നിലനില്‍ക്കും. ഇതിന് അനുസരിച്ച് കേരളത്തിലെ എല്ലാ പരിവാര്‍ സംഘടനകളിലും മാറ്റം വരും. ഫലത്തില്‍ പരിവാറുമായി ചേര്‍ന്ന് നില്‍ക്കുന്ന സംഘടനകളില്‍ ബിജെപിക്ക് മാത്രമാകും കേരളത്തില്‍ ഒറ്റ സംഘടനാ സംവിധാനം ഇനി ഏകീകൃതമായി ഉണ്ടാകുക എന്നാണ് സൂചന. ബാക്കി പരിവാര്‍ സംഘടനകള്‍ക്കെല്ലാം കേരളത്തില്‍ രണ്ടു നേതൃത്വം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ബിജെപി നേതൃത്വത്തിന് രണ്ട് പ്രാന്തങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കേണ്ടി വരും.

ആശയക്കുഴപ്പങ്ങളുണ്ടായാല്‍ ആര്‍എസ്എസ് ദേശീയ നേതൃത്വമാകും അന്തിമ തീരുമാനം എടുക്കുക. കേരളത്തില്‍ കൂടുതല്‍ ആഴത്തില്‍ ആര്‍എസ്എസിന്റെ സംഘടനാ പ്രവര്‍ത്തനം എത്തിക്കാനാണ് ഈ നീക്കം. നിലവില്‍ ചില മേഖലകളില്‍ ആര്‍എസ്എസ് അതിശക്തമാണ്. എന്നാല്‍ മറ്റുചിലയിടങ്ങളില്‍ അങ്ങനെ അല്ല. ഇത് ബിജെപിയുടെ വോട്ടുയര്‍ച്ചയെ പോലും പ്രതികൂലമായി ബാധിക്കാറുണ്ട്. കൂടുതല്‍ ജനകീയ പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയാണ് രണ്ടു പ്രാന്തങ്ങളായി കേരളത്തെ വിഭജിക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ പദ്ധതിക്ക് പിന്നില്‍.

ദക്ഷിണ കേരള പ്രാന്ത സംഘചാലക് പ്രൊഫ. എസ്.രമേശനായിരിക്കും. പ്രാന്ത പ്രചാരക് എസ്.സുദര്‍ശനനും സഹ പ്രാന്തപ്രചാരക് കെ.പ്രശാന്തും പ്രാന്ത കാര്യവാഹ് ടി.വി.പ്രസാദ് ബാബുവും ആയിരിക്കും. പ്രാന്ത സഹകാര്യവാഹ് കെ.ബി.ശ്രീകുമാര്‍ ആണ്. അഡ്വ.കെ.കെ.ബാലറാമാണ് ഉത്തരകേരള പ്രാന്ത സംഘചാലക്. പ്രാന്തപ്രചാരക് എ.വിനോദാണ്. സഹ പ്രാന്തപ്രചാരക് വി.അനീഷും പ്രാന്തകാര്യവാഹ് പി.എന്‍.ഈശ്വരനും പ്രാന്ത സഹകാര്യവാഹ് പി.പി.സുരേഷ് ബാബുവുമായിരിക്കും. കേരള പ്രാന്തത്തിന്റെ സഹകാര്യഹായിരുന്ന കെ.പി.രാധാകൃഷ്ണന്‍ ഉത്തര, ദക്ഷിണ പ്രാന്തങ്ങളുടെ ബൗദ്ധിക് പ്രമുഖായി പ്രവര്‍ത്തിക്കും.

ഇതുവരെ 38 സംഘ ജില്ലകളും 11 വിഭാഗുകളുമായാണ് കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം നടന്നിരുന്നത്. തിരുവനന്തപുരം, കൊല്ലം, ശബരിഗിരി, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ആറ് വിഭാഗുകള്‍ പുതിയതായി രൂപീകരിച്ച ദക്ഷിണ കേരളത്തിന്റെയും, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ വിഭാഗുകള്‍ ഉത്തര കേരളത്തിന്റെയും ഭാഗമാകും. ഇരുപത് സംഘജില്ലകള്‍ ദക്ഷിണപ്രാന്തത്തിലും പതിനേഴ് സംഘജില്ലകള്‍ ഉത്തരപ്രാന്തത്തിലും പെടും. ആര്‍എസ്എസ് പ്രവര്‍ത്തനത്തിന്റെ തുടക്കം മുതല്‍ കേരളം മദിരാശി പ്രാന്തത്തിന്റെ ഭാഗമായിരുന്നു. 1964ലാണ് കേരള പ്രാന്തം രൂപീകരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ ചന്ദ്രഗിരിപ്പുഴയ്ക്ക് തെക്കോട്ട് തിരുവനന്തപുരം റവന്യൂജില്ല വരെയാണ് കേരള പ്രാന്തത്തിന്റെ ഭാഗമായിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് കാസര്‍കോട് ജില്ല പൂര്‍ണമായും കേരള പ്രാന്തത്തിന്റെ ഭാഗമായത്. പുതുക്കിയ സംഘടനാ സംവിധാനം പ്രകാരമുള്ള പുതിയ ചുമതലക്കാരെ പ്രതിനിധിസഭയില്‍ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസ ബാളെ ആണ് പ്രഖ്യാപിച്ചത്.

Facebook Comments Box
error: Content is protected !!