ചിട്ടി പ്രവർത്തനം
10,000 രൂപ മാസ അടവുള്ള 120 മാസ കാലാവധിയുള്ള 12 ലക്ഷത്തിന്റെ മൾട്ടിഡിവിഷൻ ചിട്ടിയാണ് ഇവിടെ വിശദമാക്കുന്നത്. 120 പേരുള്ള 4 ഡിവിഷന്‍ ചിട്ടികളാണ് ഉണ്ടാവുന്നത്. ആകെ മൊത്തം 480 പേര്‍ ചിട്ടിയിലുണ്ടാകും. മൾട്ടി ഡിവിഷൻ ചിട്ടിയായതിനാൽ ഒരു നറുക്കും 3 ലേലവുമാണ് ചിട്ടിയിലുണ്ടാവുക.
ചിട്ടി മാസതവണ കൃത്യമായി അടയ്ക്കുന്നൊരാൾക്ക് നറുക്കിലൂടെ ഫോർമാൻസ് കമ്മീഷൻ കിഴിച്ചുള്ള മുഴവൻ തുക ലഭിക്കും. 3 പേർക്ക് പരമാവധി 40 ശതമാനം വരെ ലേല കിഴിവിലും മാസത്തിൽ ചിട്ടി ലഭിക്കും. സ്മാർട്ട് ഭദ്രത ചിട്ടിയുടെ ഭാഗമായി ആദ്യ മാസ അടവിന് ശേഷം ചിട്ടിയുടെ പകുതി തുക വായ്പയായി ലഭിക്കും. ഇവിടെ 6 ലക്ഷം രൂപ വായ്പയായി നേടാൻ സാധിക്കും.
ചിട്ടിയിൽ നിന്ന് ലക്ഷങ്ങൾ നേടാം
ചിട്ടി അംഗങ്ങളിൽ നിന്ന് നറുക്കെടുക്കുന്ന ഒരാൾക്കാണ് മാസം മുഴുവൻ തുക ലഭിക്കുക. കെഎസ്എഫ്ഇയുടെ ഫോർമാൻസ് കമ്മീഷനായ 5 ശതമാനം തുക കുറച്ചാണ് ലഭിക്കുക. 60,000 രൂപ കിഴിച്ച് ആദ്യ മാസത്തിൽ നറുക്ക് ലഭിക്കുന്നയാൾക്ക് 11.40 ലക്ഷം രൂപ ലഭിക്കും. ആവശ്യമായ വർക്ക് 40 ശതമാനം വരെ ലേലത്തിൽ ചിട്ടി പിടിക്കാം.
ആദ്യ മാസങ്ങളിൽ പരമാവധി ലേല കിഴിവിൽ ചിട്ടി ലേലവും നറുക്കിലൂടെ നൽകുന്നതാണ് പതിവ്. 40 ശതമാനം ലേലത്തിൽ പോകുമ്പോൾ 3 പേർക്ക് 7.20 ലക്ഷം വീതം ലഭിക്കും. ലേലം വിളി ആരംഭിച്ചാൽ 8-10 ലക്ഷം വരെ വിളിച്ചെടുക്കാൻ സാധിക്കുന്ന ചിട്ടിയാണിത്.
മാസ അടവ്
മാസത്തിൽ 10,000 രൂപയ്ക്കും 7500 രൂപയ്ക്കും ഇടയിലുള്ള തുക കൃത്യമായി അടയ്ക്കാൻ സാധിക്കുന്നവർക്കാണ് ഈ ചിട്ടി അനുയോജ്യമാകുന്നത്. ആദ്യ മാസത്തിൽ 10,000 രൂപ ചിട്ടിയിൽ മാസ അടവ് വരുന്നുണ്ട്. തൊട്ടടുത്ത മാസം മുതൽ 40 ശതമാനം ലേല കിഴിവിൽ ചിട്ടി ലേലം വിളി നടക്കുന്ന മാസം വരെ 7375 രൂപയാണ് ചിട്ടിയിലേക്ക് അടയ്ക്കേണ്ടി വരുന്നത്. ലേല കിഴിവ് കുറയുന്നതിന് അനുസരിച്ച് 7375 രൂപയിൽ നിന്ന് മാസ കിഴിവ് കൂടും.
ഉയർന്ന ലാഭ വിഹിതം
ഉയർന്ന ലാഭ വിഹിതം ലഭിക്കുന്ന ചിട്ടിയാണ് 120 മാസ ചിട്ടികൾ കണക്കാക്കുന്നത്. 40 ശതമാനം ലേല കിഴിവിൽ പോകുന്നതിനാൽ നല്ലൊരു തുക ഓരോ മാസവും ലാഭമായി ലഭിക്കുന്നു. 40 ശതമാനം ലേലത്തിൽ പോകുമ്പോൾ ഫോർമാൻസ് കമ്മീഷൻ കിഴിച്ച് ഒരു ഡിവിഷനിൽ നിന്ന് 4,20,000 രൂപ ലാഭമായി ലഭിക്കും. ചിട്ടി നറുക്കിൽ പോകുമ്പോൾ ലാഭ വിഹിതം ഇല്ലാത്തതിനാൽ മൂന്ന് ഡിവിഷനിൽ നിന്ന് മാത്രമാണ് ലാഭം ലഭിക്കുന്നത്.
4.20 ലക്ഷം രൂപ മൂന്ന് ഡിവിഷനിൽ നിന്നും ചേരുമ്പോൾ 12.60 ലക്ഷം രൂപ ലാഭമായി ലഭിക്കും. ഈ തുക 480 ചിട്ടി അംഗങ്ങൾക്കുമായി വീതിക്കുമ്പോൾ മാസത്തിൽ ഒരാൾക്ക് 2,625 രൂപ ലഭിക്കും. 40 മാസത്തോളം ഈ തുക ലാഭ വിഹിതം ലഭിക്കാൻ സാധ്യതയുള്ള ചിട്ടിയാണിത്.