നേരിയ നഷ്ടത്തോടെയായിരുന്നു വ്യാഴാഴ്ചത്തെ വ്യാപാരം പുനരാരംഭിച്ചത്. പിന്നാലെ വില്‍പന സമ്മര്‍ദം ശക്തമാകുകയും പ്രധാന സൂചികകള്‍ കൂടുതല്‍ നഷ്ടത്തിലേക്ക് പതിക്കുകയും ചെയ്തു. ഇതിനിടെ നിര്‍ണായകമായ 17,000 നിലവാരം നിഫ്റ്റി സൂചികയും തകര്‍ത്തു. എങ്കിലും 200-ഡിഎംഎ നിലവാരത്തിന്റെ സാമീപ്യത്തില്‍ നിന്നും ലഭിച്ച പിന്തുണയില്‍ കനത്ത നഷ്ടത്തിലേക്ക് പോകാതെ പിടിച്ചുനില്‍ക്കാന്‍ സാധിച്ചു. ഇന്നത്തെ വ്യാപാരത്തിനൊടുവില്‍ നിഫ്റ്റി 109 പോയിന്റ് നഷ്ടത്തില്‍ 17,014-ലും സെന്‍സെക്‌സ് 390 പോയിന്റ് താഴ്ന്ന് 57,235-ലും ക്ലോസ് ചെയ്തു.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
എന്‍എസ്ഇയില്‍ വ്യാഴാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,195 ഓഹരികളില്‍ 568 എണ്ണം മാത്രമാണ് നേട്ടത്തോടെ ക്ലോസ് ചെയ്തത്. ബാക്കിയുള്ളവയില്‍ 1,253 ഓഹരികള്‍ നഷ്ടം നേരിട്ടു. ഇതോടെ മുന്നേറ്റവും ഇടിവും നേരിട്ട ഓഹരികള്‍ തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 0.51 നിരക്കിലേക്ക് താഴ്ന്നു. ഇന്നലെ എഡി റേഷ്യോ 0.95-ലായിരുന്നു ക്ലോസിങ്. എഡി റേഷ്യോ താഴ്ന്നു നില്‍ക്കുന്നത് വിശാല വിപണിയില്‍ ബെയറുകള്‍ നേടുന്ന ആധിപത്യത്തെ സൂചിപ്പിക്കുന്നു.
എന്‍എസ്ഇയുടെ മിഡ് കാപ്-100 സൂചിക 0.69 ശതമാനം നഷ്ടവും സ്മോള്‍ കാപ്-100 സൂചിക 0.50 ശതമാനം ഇടിവും നേരിട്ടു. വ്യാഴാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയവയില്‍ 54 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 49 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് ക്ലോസ് ചെയ്തത്. അതുപോലെ 36 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിച്ചേര്‍ന്നപ്പോള്‍ 43 ഓഹരികള്‍ താഴ്ന്ന നിലവാരത്തിലേക്കും വീണു.
അതേസമയം വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് സൂചിപ്പിക്കുന്ന വിക്‌സ് (VIX) നിരക്കില്‍ കാര്യമായ വ്യതിയാനമില്ലാതെ 20.29-ല്‍ ക്ലോസ് ചെയ്തു.
എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 4 എണ്ണം നേട്ടത്തോടെയും 11 സൂചികകള്‍ നഷ്ടത്തോടെയുമാണ് ഇന്നു വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മീഡിയ, മെറ്റല്‍, ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍ ഇന്‍ഡക്‌സ് എന്നിവ നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു.
അതേസമയം നിഫ്റ്റി ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, പിഎസ്‌യു ബാങ്ക്, പ്രൈവറ്റ് ബാങ്ക് സൂചികകള്‍ 1 ശതമാനത്തിലധികം ഇടിവ് നേരിട്ടു. നിഫ്റ്റി റിയാല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സൂചികകള്‍ 1 ശതമാനത്തോളം നഷ്ടവും കുറിച്ചു.
അതേസമയം നിഫ്റ്റി-50 സൂചികയുടെ ഭാഗമായ ഓഹരികളില്‍ 12 എണ്ണം നേട്ടത്തോടെയും 36 ഓഹരികള്‍ നഷ്ടം നേരിട്ടും 2 എണ്ണത്തില്‍ മാറ്റമൊന്നും രേഖപ്പെടുത്താതെയും വ്യാഴാഴ്ചത്തെ വ്യാപാരം പൂര്‍ത്തിയാക്കി. കഴിഞ്ഞ ദിവസം മികച്ച രണ്ടാം പാദഫലം പ്രസിദ്ധീകരിച്ച എച്ച്‌സിഎല്‍ ടെക് 3 ശതമാനം നേട്ടം കുറിച്ചു. സണ്‍ ഫാര്‍മ 1 ശതമാനത്തിലേറെ നേട്ടം കൈവരിച്ചു.
അതേസമയം രണ്ടാം പദഫലം മോശമായ വിപ്രോ 7 ശതമാനം ഇടിഞ്ഞു. അദാനി പോര്‍ട്ട്‌സ്, എസ്ബിഐ, എസ്ബിഐ ലൈഫ് എന്നീ ഓഹരികള്‍ 2 ശതമാനത്തിലധികം നഷ്ടവും നേരിട്ടു.