ചോദ്യങ്ങൾക്ക് ഉത്തരമുണ്ടോ?
തുടക്കകാരായ നിക്ഷേപകര്‍ക്ക് സാമ്പത്തിക ഉപദേഷ്ടാക്കളുടെ സഹായം തേടാവുന്നതാണ്. സ്വയം നിക്ഷേപത്തിന് ഇറങ്ങുന്നവരാണെങ്കില്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി കണ്ടെത്തണം. സാമ്പത്തിക ലക്ഷ്യം എന്താണ്? വിരമിക്കല്‍ കാലത്തേക്കായി ആവശ്യത്തിന് ഫണ്ട് കണ്ടെത്തിയോ? എത്ര കാലത്തേക്ക് നിക്ഷേപം നടത്തും ? എന്നീ ചോദ്യങ്ങൾക്ക് ഉത്തരമുണ്ടാകണം. ഇവ അടിസ്ഥാനപ്പെടുത്തിയാകണം ഓരോരുത്തരുടെയും സാമ്പത്തിക ലക്ഷ്യത്തിന് അനുസൃതമായ സ്കീം തിരഞ്ഞെടുക്കേണ്ടത്.
എത്രത്തോളം റിസ്കെടുക്കാം
ഹൈ റിസ്‌ക്= ഉയര്‍ന്ന റിട്ടേണ്‍ എന്നതാണ് നിക്ഷേപത്തിലെ സമവാക്യം. ഉയർന്ന റിസ്കെടുക്കാൻ തയ്യാറുള്ളവർക്ക് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ ഉയർന്ന ലാഭം നൽകുന്നു എന്ന് ചുരുക്കം. മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ നഷ്ട സാധ്യതയുള്ള നിക്ഷേപങ്ങൾ തന്നെയാണ്. ഓരോ സ്കീമും അനുസരിച്ച് നഷ്ട സാധ്യത കുറഞ്ഞിരിക്കും. ഓഹരി വിപണി അധിഷ്ഠിതമായ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്ക് വിപണിയുടെ നഷ്ട സാധ്യതയുണ്ട്.
എത്രത്തോളം റിസ്‌കെടുക്കാന്‍ സാധിക്കുമെന്ന് മനസിലാക്കി, ഓരോ സ്‌കീമിന്റെയും നഷ്ട സാധ്യത തിരിച്ചറിഞ്ഞ് അനുയോജ്യമായ സ്കീം തിരഞ്ഞെടുക്കാം.
ഏതൊക്കെ ഫണ്ടുകൾ അനുയോജ്യം
അസറ്റ് ക്ലാസ്, നിക്ഷേപ രീതി. നിക്ഷേപ ലക്ഷ്യം തുടങ്ങിയവ അടിസ്ഥാനമാക്കി മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളെ തരംതരിച്ചിരിക്കുന്നത്. ഫണ്ടുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങള്‍ മനസിലാക്കി വേണം നിക്ഷേപിക്കേണ്ടവ തിരഞ്ഞെടുക്കാൻ. പൊതുവിൽ ഇക്വിറ്റി, ഡെബ്റ്റ് എന്നി അസറ്റ് ക്ലാസുകളിലെ നിക്ഷേപിക്കുന്നവയും ഇവ രണ്ടും ചേർന്ന ഹൈബ്രിഡ് ഫണ്ടുകളുമുണ്ട്. നിക്ഷേപ ലക്ഷ്യം അടിസ്ഥാനമാക്കി ഗ്രോത്ത് ഓപ്ഷൻ, ഡിവിഡന്റ് ഓപ്ഷൻ എന്നിങ്ങനെ മ്യൂച്വൽ ഫണ്ടിനെ തരംതിരിച്ചിട്ടുണ്ട്.
പോർട്ട്ഫോളിയോ മാനേജ്മെന്റിന്റെ അടിസ്ഥാനത്തിൽ പാസീവ്, ആക്ടീവ് മ്യൂച്വൽ ഫണ്ട് എന്നും മെച്യൂരിറ്റി പിരിയഡ് അനുസരിച്ച് ഓപ്പൺ എൻഡഡ്, ക്ലോസ് എൻഡഡ്, ഇന്റർവെൽ എന്നിവങ്ങനെയും തരംതിരിച്ചിട്ടുണ്ട്.
അസറ്റ് അലോക്കേഷൻ
അടുത്ത ഘട്ടത്തിൽ ഓരോ ഫണ്ടിന്റെയും അസറ്റ് അലോക്കേഷൻ അറിഞ്ഞിരിക്കണം. ഓഹരി, ബോണ്ട്, റിയൽ എസ്റ്റേറ്റ് തുടങ്ങി ഏതൊക്കെ അസറ്റ് ക്ലാസുകളിലാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തിയതെന്ന് അറിയണം. ഇക്വിറ്റി ഫണ്ടുകളിലാണെങ്കിൽ പൂർണമായും കമ്പനികളുടെ ഓഹരികളിലാകും നിക്ഷേപിച്ചിട്ടുണ്ടാവുക. സെക്ടർ ഫണ്ടുകളാണെങ്കിൽ അതാത് സെക്ടറുകളിലെ കമ്പനികളിൽ മാത്രമാകും നിക്ഷേപം. ഓരോരുത്തരുടെയും റിസ്കെടുക്കാനുള്ള ശേഷിയും ഫണ്ടിന്റെ ഫണ്ടിന്റെ അസറ്റ് അലോക്കേഷനും താരതമ്യം ചെയ്യേണ്ടതുണ്ട്.
ഫണ്ട് തിരഞ്ഞെടുക്കാം
ഇത്രയും കാര്യങ്ങൾ വിലയിരുത്തുന്നൊരാൾക്ക് അനുയോജ്യമായ സ്കീം ഏതാണെന്ന് മനസിലായിട്ടുണ്ടാകും. ഇക്കാര്യങ്ങളിൽ ധാരണയായ ശേഷം അനുയോജ്യ സ്കീമിൽ നിന്ന് അനുയോജ്യമായ ഫണ്ട് തിരഞ്ഞെടുക്കാം. ഇതിന് ഫണ്ടിന്റെ മുന്‍കാല പ്രകടനം, ചെലവ് അനുപാതം, അതേ വിഭാഗത്തിലെ മറ്റു ഫണ്ടുകളുമായുള്ള പ്രകടനം, എക്സിറ്റ് ലോഡ് ഫണ്ട് മാനേജര്‍ എന്നിവ പരിശോധിക്കേണ്ടതാണ്.
നികുതി
നികുതിയെ പറ്റിയും ചെറിയ ധാരണ ആവശ്യമാണ്. 1 വർഷത്തിൽ കൂടുതൽ കാലം കയ്യിൽവെച്ച ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ നേടുന്ന ലാഭം 1 ലക്ഷം രൂപയില്‍ കുറവാണെങ്കില്‍ ആദായ നികുതി അടയ്ക്കേണ്ടതില്ല. 1 ലക്ഷത്തിൽ കൂടിയാൽ 10 ശതമാനമാണ് നികുതി. നിക്ഷേപം ആരംഭിച്ച് 1 വർഷത്തിന് മുൻപ് വില്പന നടത്തിയാൽ 15 ശതമാനം നികുതി നൽകണം.