കേരള വോട്ടർമാരിൽ 13 പേർ എത്തിയില്ല; ഒത്തുചേരൽ വേദിയായി വോട്ടെടുപ്പ്

Spread the love


Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം ∙ കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ‌ കേരളത്തിൽ നിന്നുള്ളവരിൽ വോട്ടു ചെയ്യാൻ കഴിയാതിരുന്നത് 13 പേർക്ക്. ഭാരത് ജോഡോ യാത്രയിലുള്ള 2 പേരും മറ്റു സംസ്ഥാനങ്ങളിൽ പോളിങ് ജോലിയുള്ള 5 പേരും കേരളത്തിനു പുറത്തു വോട്ടു ചെയ്തു.

വോട്ടർ പട്ടികയിലെ 310 പേരിൽ ആര്യാടൻ മുഹമ്മദ്, പ്രതാപ വർമ തമ്പാൻ, പുനലൂർ മധു എന്നിവർ അന്തരിച്ചു. ബാക്കി 307 പേരിൽ 287 പേർ കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിലെത്തി വോട്ടു ചെയ്തു. വിദ്യാ ബാലകൃഷ്ണൻ, അനിൽ ബോസ് എന്നിവർ രാഹുൽ ഗാന്ധിക്കൊപ്പം കർണാടകയിലെ ബെള്ളാരിയിലും പോളിങ് ഓഫിസർമാരായ ഷാനിമോൾ ഉസ്മാൻ, നെയ്യാറ്റിൻകര സനൽ, ജോൺസൺ ഏബ്രഹാം, ഹൈബി ഇൗഡൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർ മറ്റു സംസ്ഥാനങ്ങളിലും വോട്ടു രേഖപ്പെടുത്തി.

വയലാർ രവി, കെ.പി.ഉണ്ണികൃഷ്ണൻ, കെ.എം.എ.സലാം, പി.പി.തങ്കച്ചൻ, ടി.എച്ച്.മുസ്തഫ, പി.കെ.അബൂബക്കർ ഹാജി, കെ.പി.വിശ്വനാഥൻ, കെ.അച്യുതൻ, എ.ഡി.മുസ്തഫ എന്നിവർ രോഗം കാരണവും വി.എം.സുധീരനും കരകുളം കൃഷ്ണപിള്ളയും വിദേശത്തായതിനാലും എത്തിയില്ല. കണ്ണൂരിലെ സുരേഷ് എളയാവൂരിന് വോട്ടർ പട്ടികയിൽ പേരു മാറിയതു കാരണം വോട്ടു ചെയ്യാനായില്ല. സ്ത്രീ പീഡനക്കേസിൽ പ്രതിയായതിനാൽ ഒളിവിൽ കഴിയുന്ന എൽദോസ് കുന്നപ്പിള്ളിയും എത്തിയില്ല

ഒത്തുചേരൽ വേദിയായി വോട്ടെടുപ്പ്

22 വർഷത്തിനു ശേഷം നടന്ന കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നേതാക്കളുടെ അപൂർവ ഒത്തുചേരലിനു കൂടി വേദിയായി. ശശി തരൂരിന്റെ നാമനിർദേശ പത്രികയിൽ ഒന്നാമനായി ഒപ്പിട്ട തമ്പാനൂർ രവിയാണ് ഇന്ദിരാഭവനിലെ 2 ബൂത്തുകളിലൊന്നിൽ ആദ്യം വോട്ടു ചെയ്തത്. എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി, കെ.സുധാകരൻ, കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ തുടങ്ങിയവരെല്ലാം ഒരുമിച്ചു ക്യൂവിൽ നിന്നാണ് വോട്ടു രേഖപ്പെടുത്തിയത്.

പഴവങ്ങാടി ഗണപതി ക്ഷേത്ര സന്ദർശനത്തിനു ശേഷം 10.45ന് എത്തിയ തരൂരിനെ സ്വീകരിക്കാൻ യുവനേതാക്കളുടെ നിര സംഘടിച്ചെത്തി. തരൂരിനു പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് എം.കെ.രാഘവൻ എംപി ഇന്ദിരാഭവിൽ ആദ്യാവസാനം ഒപ്പം നിന്നു. വൈകിട്ട് 4ന് വോട്ടെടുപ്പു പൂർത്തിയായതിനു പിന്നാലെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ വോട്ടുകൾ മറ്റൊരു പെട്ടിയിലാക്കി സീൽ ചെയ്ത് 2 പോളിങ് ഓഫിസർമാർ ചേർന്ന് വിമാനത്തിൽ ഡൽഹിക്കു കൊണ്ടുപോയി.

Content Highlight: Congress President Election





Source link

Facebook Comments Box
error: Content is protected !!