അങ്ങനെ ഒരിക്കൽ സ്ഥിരം നായകൻ ജയറാമിനെ മാറ്റിപ്പിടിച്ച് രാജസേനൻ എടുത്ത ചിത്രമാണ് മേഘസന്ദേശം. 2001 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ നായകനായത് സുരേഷ് ഗോപി ആയിരുന്നു. തുടർച്ചയായി ജയറാമിനെ വെച്ച് രണ്ടും മൂന്നും ചിത്രങ്ങൾ ചെയ്തിരുന്ന സമയത്ത് മേഘസന്ദേശത്തിൽ സുരേഷ് ഗോപി എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് കെ രാധാകൃഷ്‍ണൻ. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ഞാനും സേനനും നേരത്തെ മുതൽ സുഹൃത്തുക്കൾ ആയിരുന്നു. ഞാനും സുരേഷും സിബി മലയിലും ഒക്കെ ചെന്നൈയിൽ ഒരു വീടെടുത്ത് കുറച്ച് നാൾ ഒരുമിച്ചായിരുന്നു. അവിടെ വൈകുന്നേരങ്ങളിൽ സേനൻ വരുമായിരുന്നു. അങ്ങനെയാണ് പരിചയം. പിന്നീട് സേനൻ സംവിധായകനായി.
‘കളിയാട്ടവും നിറം കഴിഞ്ഞപ്പോൾ ഞാൻ കരുതി രാജസേനനെ വെച്ച് ഒരു പടം ചെയ്യാമെന്ന്. അങ്ങനെ സേനാനെ വിളിച്ചു. സേനൻ ചെയ്യാമെന്ന് പറഞ്ഞു. സേനന്റടുത്ത് ഏത് പ്രൊഡ്യൂസർ പോയാലും ജയറാമിന്റെ ഡേറ്റാണ് ചോദിക്കുന്നത്. സേനൻ എല്ലാം ജയറാമിനെ വെച്ചാണല്ലോ ചെയ്യുന്നത്.
അതുപോലെ എന്നോടും ജയറാമിനെ മീറ്റ് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, സാർ ജയറാമിന്റെ പ്രോജക്ടിനല്ല വന്നത്, സുരേഷ് ഗോപിയെ വെച്ച് ചെയ്യാനാണെന്ന് പറഞ്ഞു. സേനൻ ഞെട്ടി. ആദ്യമായിട്ട് ഒരു പ്രൊഡ്യൂസർ എന്നോട് വന്ന് പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപിയെ വെച്ച് സിനിമ ചെയ്യാമെന്ന്, ഞാനിത് ആഗ്രഹിച്ചിരിക്കുകയാണെന്ന് സേനൻ പറഞ്ഞു. അതിൽ നിന്നൊന്ന് മാറി വേറെ ഒരാളെ വെച്ച് ഒരു പടം ചെയ്യാൻ ആഗ്രഹിച്ചിരിക്കുകയായിരുന്നു അദ്ദേഹം,’ കെ രാധാകൃഷ്ണൻ പറഞ്ഞു.
‘അന്ന് തന്നെ സുരേഷ് ഗോപിയെ വിളിച്ചിട്ട് ഞങ്ങൾ രണ്ട് പേരും കൂടി അദ്ദേഹത്തിന്റെ വീട്ടിൽ പോയി. വൈകുന്നേരം സുരേഷ് ഗോപിയുടെ വീട്ടിലിരുന്ന് കഥയും കാര്യങ്ങളുമൊക്കെ ഡിസ്കസ് പിന്നെ ആ പ്രോജ്കട് അങ്ങ് ഓണായി. അതാണ് മേഘ സന്ദേശം.
‘എനിക്ക് ജയറാമിനോട് വേറെ പിണക്കമൊന്നുമില്ല. ജയറാമും ഞാനുമായി നല്ല ബന്ധമാണ് ഉള്ളത്. പക്ഷേ സേനൻ സ്ഥിരമായി ജയറാമിനെ വെച്ച് പടം ചെയ്യുകയല്ലേ. ഒരു മാറ്റം വരട്ടെയെന്ന് ഞാൻ വിചാരിച്ചു. അതുകൊണ്ടാണ് സുരേഷ് ഗോപിയെ നോക്കിയത്. അന്ന് എനിക്ക് ജയറാമിനേക്കാൾ അടുപ്പമുള്ളത് സുരേഷ് ഗോപിയോടാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
‘പക്ഷേ ആ പടം വലിയ വിജയമായില്ല. അതിന്റെ ഫസ്റ്റ് ഹാഫ് നല്ല ഇന്ററസ്റ്റിങ് ആയിരുന്നു. പക്ഷേ സെക്കന്റ് ഹാഫ് ഹൊററിലേക്ക് വന്നപ്പോൾ കുറച്ച് പാളി പോയി. അതാണ് പറ്റിയത്. ആരേയും കുറ്റം പറയാൻ പറ്റില്ല. മോശമാണെന്ന് കരുതി ആരും ഒന്നും ചെയ്യുന്നില്ലല്ലോ.’ കെ രാധാകൃഷ്ണൻ പറഞ്ഞു.