ഇന്ത്യയ്ക്കായി സൂര്യ കുമാര്‍ യാദവും നിര്‍ണായക പ്രകടനം കാഴ്ചവച്ചിരുന്നു. അര്‍ധ സെഞ്ചുറി നേടിയ സൂര്യയുടേയും പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ 20 ഓവറില്‍ എഴ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 15 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. സൂര്യ കുമാര്‍ യാദവ് 50 റണ്‍സും കൂട്ടിച്ചേര്‍ത്തതോടെയാണ് ഇന്ത്യയ്ക്ക് മികച്ച ടോട്ടല്‍ നേടാനായത്.
വിരാട് കോഹ്ലിയ്ക്ക് പത്തൊമ്പത് റണ്‍സാണ് നേടാനായത്. അതേസമയം നിര്‍ണായകമായ ഒരു റണ്ണൗട്ടും ക്യാച്ചും നടത്തി കോഹ്ലി ഇന്ത്യന്‍ വിജയത്തില്‍ സാന്നിധ്യമായി. പിന്നാലെ വന്നവരില്‍ ദിനേശ് കാര്‍ത്തിക് 20 റണ്‍സ് നേടിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് രണ്ട് റണ്‍സാണ് നേടാനായത്.
മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയ്ക്കായി തിളങ്ങിയത് 76 റണ്‍സെടുത്ത നായകന്‍ ആരോണ്‍ ഫിഞ്ചാണ്. ഓസ്‌ട്രേലിയ വിജയത്തിലേക്ക് എന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ത്യ കളി തിരിച്ചു പിടിക്കുന്നത്. അവസാന ഓവറില്‍ ഓസ്‌ട്രേലിയയ്ക്ക് ജയിക്കാന്‍ വേണ്ടയിരുന്നത് 11 റണ്‍സായിരുന്നു. ഷമിയ്ക്കായിരുന്നു അവസാന ഓവര്‍ എറിയാന്‍ രോഹിത് ശര്‍മ്മ പന്തു നല്‍കിയത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷമി രാജ്യാന്തര ട്വന്റി-20 മത്സരം കളിക്കുന്നത്.
തന്റെ ഒരേയൊരു ഓവറില്‍ നാല് റണ്‍സ് മാത്രം വിട്ടു കൊടുത്ത് മൂന്ന് വിക്കറ്റാണ് ഷമി നേടിയത്. ഒരു റണ്ണൗട്ട് കൂടി പിറന്നതോടെ ഇന്ത്യ ആറ് റണ്‍സിന് മത്സരം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഭൂവനേശ്വര്‍ കുമാര്‍ മൂന്നോവറില്‍ 20 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ഇന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരെ അവരുടെ നാട്ടില്‍ വിജയം നേടാന്‍ സാധിച്ചുവെന്നത് ഇന്ത്യയ്ക്ക് വരും ദിവസങ്ങളില്‍ ആത്മവിശ്വാസം പകരുന്നതായിരിക്കും. അടുത്ത സന്നാഹ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍ ന്യൂസിലാന്‍ഡാണ്. അതേസമയം ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍ ചിരവൈരികളായ പാക്കിസ്ഥാന് ആണ്. ബാബര്‍ അസം നയിക്കുന്ന പാക്കിസ്ഥാനെ ഞാനയറാഴ്ചയാണ് ഇന്ത്യ നേരിടുക. ഏഷ്യാ കപ്പിന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.