ഇത്തരം കുതിപ്പ് മുതലെടുക്കാന്‍ ഹ്രസ്വകാലത്തേക്ക് ഓഹരി വാങ്ങുന്നവരും നേരത്തെ വാങ്ങിയവര്‍ ലാഭമെടുക്കാനുള്ള അവസരമാക്കാന്‍ ശ്രമിക്കുന്നതും സാധാരണമാണ്. ദിവസ വ്യാപാരത്തിലെ ഇടവേളയില്‍ കുറിച്ചതിനു പകരം ദിനാന്ത്യം വ്യാപാരം നിര്‍ത്തുമ്പോഴുള്ള വിലയുടെ അടിസ്ഥാനത്തിലെ ഉയര്‍ന്ന നിലവാരമാണ് കണക്കിലെടുക്കേണ്ടത്. മറ്റ് ടെക്നിക്കല്‍ സൂചകങ്ങളും കൂടി വിലയിരുത്തുന്നത് ഓഹരിയിലെ വ്യാപാരത്തിന്റെ വിജയ സാധ്യത വര്‍ധിപ്പിക്കും. സമാനമായി ബ്രേക്കൗട്ട് കുതിപ്പിലേക്ക് കടന്ന ഫാര്‍മ ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ഗ്രാന്യൂള്‍സ് ഇന്ത്യ
ഫാര്‍മ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുന്‍നിര കമ്പനികളിലൊന്നാണ് ഗ്രാന്യൂള്‍സ് ഇന്ത്യ. മരുന്ന നിര്‍മാണത്തിനുള്ള നിര്‍ണായക ഘടകമായ സജീവ രാസസംയുക്തങ്ങളുടെ നിര്‍മാണത്തിലും ഫാര്‍മസ്യൂട്ടിക്കല്‍ ഫോര്‍മുലേഷന്‍ ഇന്റര്‍മീഡിയേറ്റ്സിന്റെ വിപണനത്തിലുമാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. അതുപോലെ ഗവേഷണ, വികസന പ്രവര്‍ത്തനങ്ങളിലും ഗ്രാന്യൂള്‍സ് ഇന്ത്യ സജീവമാണ്. 75-ലധികം വിദേശ രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. കമ്പനിയുടെ നിലവിലെ വിപണി മൂല്യം 8,750 കോടിയാണ്.
ഗ്രാന്യൂള്‍സ് ഇന്ത്യയുടെ ആകെ ഓഹരികളില്‍ 41.93 ശതമാനമാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളത്. ഇതില്‍ 10.59 ശതമാനം ഓഹരികള്‍ ഈട് നല്‍കിയിരിക്കുകയാണ്. വിദേശ നിക്ഷേപകര്‍ക്ക് 22.35 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 31.41 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
ഗ്രാന്യൂള്‍സ് ഇന്ത്യയുടെ പ്രതിയോഹരി ബുക്ക് വാല്യൂ 104 രൂപ നിരക്കിലും പിഇ അനുപാതം 21 മടങ്ങിലുമാണുള്ളത്. കഴിഞ്ഞ 3 സാമ്പത്തിക വര്‍ഷമായി കമ്പനിയുടെ വരുമാനം 18 ശതമാനവും പ്രവര്‍ത്തന ലാഭം 23 ശതമാനവും അറ്റാദായം 20 ശതമാനം വീതവും വളര്‍ച്ച കൈവരിച്ചു.
അനുകൂല ഘടകം
ഗ്രാന്യൂള്‍സ് ഇന്ത്യയുടെ ചാര്‍ട്ട് നോക്കിയാല്‍ ‘ഫോളിങ് ട്രെന്‍ഡ്ലൈന്‍’ ഭേദിച്ച് ബ്രേക്കൗട്ട് നടത്താനുള്ള ശ്രമത്തിലാണെന്ന് കാണാം. സമീപകാല ഉയര്‍ന്ന നിലവാരവും ഇതിനിടെ തിരുത്തിക്കുറിച്ചു. കൂടാതെ പ്രധാനപ്പെട്ട എല്ലാ ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കും മുകളിലാണ് ഗ്രാന്യൂള്‍സ് ഇന്ത്യ (BSE: 532482, NSE : GRANULES) ഓഹരികള്‍ തുടരുന്നത്. ബുള്ളിഷ് സൂചനയാണിത്. ടെക്‌നിക്കല്‍ സൂചകങ്ങളായ ആര്‍എസ്‌ഐയും എംഎസിഡിയും ഓഹരിയില്‍ കുതിപ്പിനുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്.
ലക്ഷ്യവില 415
ഗ്രാന്യൂള്‍സ് ഇന്ത്യ ഓഹരികള്‍ 340-350 രൂപ നിലവാരത്തിലേക്ക് എത്തുമ്പോള്‍ വാങ്ങാമെന്ന് റെലിഗെയര്‍ ബ്രോക്കിങ് നിര്‍ദേശിച്ചു. ഇവിടെ നിന്നും 415 രൂപയിലേക്ക് ഈ സ്മോള്‍ കാപ് ഓഹരിയുടെ വില കുതിച്ചുയരാം എന്നാണ് നിഗമനം. ഇതിലൂടെ അടുത്ത 4-6 ആഴ്ചയ്ക്കുള്ളില്‍ 21 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 315 രൂപയില്‍ (ക്ലോസിങ് അടിസ്ഥാനത്തില്‍) ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അതേസമയം ഒരു വര്‍ഷക്കാലയളവില്‍ ഗ്രാന്യൂള്‍സ് ഇന്ത്യ ഓഹരിയുടെ ഉയര്‍ന്ന വില 362 രൂപയും താഴ്ന്ന വിലനിലവാരം 227 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം റെലിഗെയര്‍ ബ്രോക്കിങ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.