ചാർലി, യൂ ടൂ ബ്രൂട്ടസ്, ഷെർലക് ടോംസ്, ധമാക്ക, ഇടി തുടങ്ങിയ സിനിമകളിൽ പിന്നീട് മോളി കണ്ണമാലി വേഷമിട്ടു. ചവിട്ടുനാടകത്തിലെ സംഭാവനകൾക്ക് 1999- ൽ കേരള സംഗീത നാടക അക്കാദമി അവാർഡിന് അർഹയായിട്ടുണ്ട്.
ആദ്യമായി ഇംഗ്ലീഷ് സിനിമയിലും അഭിനയിക്കാൻ ഒരുങ്ങുകയാണ് നടി. ഓസ്ട്രേലിയൻ കലാ രംഗത്ത് പ്രവർത്തിക്കുന്ന മലയാളി ആയ ജോയ് കെ മാത്യു ഒരുക്കുന്ന ടുമോറോ എന്ന സിനിമയിലാണ് മോളി കണ്ണമാലി അഭിനയിക്കുന്നത്.
Also Read: അതിനുത്തരം അവർ പറയട്ടെ; വേർപിരിഞ്ഞ ശേഷം ചിമ്പുവിനെയും നയൻതാരയെയും കുറിച്ച് ഹൻസിക പറഞ്ഞത്
രാജ്യാന്തര താരങ്ങൾ ഉൾപ്പെടുത്തി നിർമ്മിക്കുന്ന സിനിമയാണ് ടുമാറോ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരൻമാരെ ഉൾപ്പെടുത്തി വ്യത്യസ്തമായ കഥകൾ ചേർത്ത് ഒറ്റ സിനിമ ആക്കിയാണ് ടുമോറോ നിർമ്മിക്കുന്നത്. സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മോളി കണ്ണമാലി. സിനിമയുടെ കഥ കേട്ട് താൻ കരഞ്ഞു പോയെന്ന് മോളി കണ്ണമാലി പറയുന്നു. മീഡിയ വണ്ണിനോടാണ് പ്രതികരണം.
‘സിനിമാ ഫീൽഡിലേക്ക് വന്നിട്ട് 14 വർഷമായി. എനിക്ക് വർഷങ്ങളായി അറിയാവുന്ന വ്യക്തിയാണ് ജോയ്. നമുക്കൊരു സിനിമ ചെയ്യണമെന്ന് പറഞ്ഞു. റെഡിയാണെന്ന് ഞാനും പറഞ്ഞു. ജോയ് എന്നോട് കഥ പറഞ്ഞു. എന്റെ ജീവിതത്തിൽ ഒരു സംവിധായകനും എന്നോട് കഥ പറഞ്ഞിട്ടില്ല. ജോയി കഥ പറയുകയും അഭിനയിച്ച് കാണിക്കുകയും ചെയ്തു’
‘ജോയിയുടെ അഭിനയം എന്റെ മനസ്സിൽ കൊണ്ടു. അവസാനത്തെ ഡയലോഗുകൾ നല്ല മൂർച്ചയുള്ളതാണ്. അത് കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. എന്റെ ജീവിതവും ആ വാക്കുകളും ഏകദേശം പൊരുത്തപ്പെട്ടതായിരുന്നു’
‘മലയാള പടമല്ലെന്ന് പറഞ്ഞു. എന്നെ വേറെ ലെവലിൽ കൊണ്ടു പോവുകയാണല്ലേ എന്ന് ചോദിച്ചു. ആ നല്ല മനസിന് നന്ദി. എന്റെ കഥാപാത്രം മീൻ കച്ചവടക്കാരി ആണ്. ഈ സിനിമയിലൂടെ അവാർഡ് വാങ്ങിച്ച് തരുമെന്നാണ് ജോയ് പറഞ്ഞത്. ഞാൻ ചെയ്യുന്ന ജോലിക്ക് കൂലി തരുന്നത് സത്യമുള്ള ദൈവമാണ്’
‘ഞാനിന്ന് വരെ ഒരു സിനിമാക്കാരോടും എനിക്ക് ഇത്ര രൂപ തന്നാലെ അഭിനയിക്കൂ എന്ന് പറഞ്ഞിട്ടില്ല. ഒരു ദിവസം മാത്രമുള്ള സീനിനും എന്നെ വിളിക്കുന്നത് എന്റെ ആ എളിമ കൊണ്ടാണ്,’ മോളി കണ്ണമാലി പറഞ്ഞു.
മിക്ക സിനിമകളിലും സ്വത സിദ്ധമായ സംസാര ശൈലിയിലൂടെയാണ് മോളി കണ്ണമാലി ശ്രദ്ധിക്കപ്പെട്ടത്. നടിയുടെ മിക്ക കോമഡി ഡയലോഗുകളും ഹിറ്റാണ്.